- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുന്നു; മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറി; സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ: മുതലാളിമാരെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഒടുവിൽ സത്യം സുപ്രീംകോടതിയും തിരിച്ചറിയുകയാണ്. സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്വകാര്യ ആശുപത്രികൾക്കെതിരേ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രികൾക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികൾക്ക് അഗ്‌നിസുരക്ഷ ഉൾപ്പടെയുള്ള സംവിധാനങ്ങൾ വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കും-സുപ്രീംകോടതി പറഞ്ഞു. സർക്കാരും ആശുപത്രി മാനേജ്‌മെന്റും തമ്മിലെ കള്ളക്കളികളാണ് സുപ്രീംകോടതി ഉയർത്തികാട്ടുന്നത്.
കോവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് പരിധി നിശ്ചയിച്ച വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കേ സ്വകാര്യ ആശുപത്രികളിൽ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.