- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖകരമായ താമസം മുതൽ സൗജന്യ വൈഫൈ വരെ; ആഡംബര പക്കേജുമായി വാക്സിനേഷൻ പാക്കേജ്; സ്വകാര്യാശുപത്രികൾക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര നിർദ്ദേശം; വാക്സിനേഷൻ ഡ്രൈവ് നടത്തുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കണമെന്നും കേന്ദ്രം
ന്യൂഡൽഹി: ചില സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളുമായി ചേർന്നു കോവിഡ് വാക്സിനേഷൻ പാക്കേജ് നൽകുന്നുണ്ടെന്നും അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.ആശുപത്രികൾക്ക് തെരഞ്ഞെടുക്കാവുന്ന വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക സർക്കാർ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അവയൊക്കെ നിഷേധിച്ചാണ് വൻകിട ഹോട്ടലുകളുമായി ചേർന്ന് ആശുപത്രികൾ വാക്സിനേഷൻ സംഘടിപ്പിക്കുന്നത്.
സുഖകരമായ താമസം, ആരോഗ്യകരമായ പ്രഭാതഭക്ഷണം, അത്താഴം, സൗജന്യ വൈഫൈ തുടങ്ങിയവ ഹോട്ടലുകളിലെ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ, ആവശ്യപ്പെട്ടാൽ പ്രശസ്ത ആശുപത്രിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പും ക്ലിനിക്കൽ കൺസൾട്ടേഷനും ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലാണ് ചില സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളിൽ വാക്സിനേഷൻ നടത്തുന്നത്.ഇതിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി
സർക്കാർ, സ്വകാര്യ കേന്ദ്രങ്ങൾ, ജോലിസ്ഥലങ്ങൾ, വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തുള്ള കേന്ദ്രം, കമ്യൂണിറ്റി കേന്ദ്രം, പഞ്ചായത്ത് ഭവൻ, സ്കൂൾ, കോളജ്, വൃദ്ധസദന തുടങ്ങിയ ഇടങ്ങളിൽ താൽക്കാലികമായി വാക്സിനേഷൻ നടത്താമെന്നാണു മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നത്.എന്നാൽ ഇത്തരം ഇടങ്ങൾ ഒന്നും തന്നെ സ്വകാര്യാശുപത്രികൾ തെരഞ്ഞെടുക്കുന്നില്ല.ഈ സാഹചര്യത്തിലാണ് പ്രതിപക്ഷമുൾപ്പടെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കടുത്ത വാക്സീൻ ക്ഷാമത്താൽ 18-44 വയസ്സുള്ളവർക്കുള്ള കുത്തിവയ്പ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നിട്ടും സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണു വാക്സീൻ ലഭിക്കുന്നതെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനോട് ചോദിച്ചു.ഇതിനുപുറമെ സമൂഹമാധ്യമങ്ങളിലും വിഷയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വിമർശനം കടുത്തതോടെയാണ്, മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചത്.വാക്സിനേഷൻ ഡ്രൈവ് നടത്തുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്തിൽ നിർദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ