ഡൽഹി: ചികിത്സാ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനവിധി. പൊലീസുകാരനായ പിതാവിനെ ബിൽ കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ സിർ ഗംഗാ റാം ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്നു കാട്ടി മകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

രോഗികളെ തടഞ്ഞുവയ്ക്കുന്ന ആശുപത്രി നടപടിയെ അപലപിച്ച കോടതി, ബിൽ അടച്ചില്ലെങ്കിലും രോഗിയെ പറഞ്ഞയക്കണമെന്നും ഉത്തരവിട്ടു. രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രിക്ക് അധികാരമില്ല. ഇങ്ങനെയല്ല ആശുപത്രികൾ പ്രവർത്തിക്കേണ്ടതെന്നും കോടതി താക്കീത് നൽകി. രോഗിയുടെ ഡിസ്ചാർജ് സമ്മറി എത്രയും വേഗത്തിൽ തയ്യാറാക്കി മകനൊപ്പം പറഞ്ഞയക്കാൻ ആവശ്യമായ നടപടികൾ ഉടനടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉദര സംബന്ധമായ അസുഖത്താൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഫെബ്രുവരിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുക്തിക്കായി ഇയാൾ ശസ്ത്രക്രിയയ്ക്കും വിധേയനായി. 13.45 ലക്ഷം രൂപയാണ് ബിൽ. ഇത് അടയ്ക്കാത്തതിനാൽ അച്ഛന് ആവശ്യമായ ചികിത്സ നൽകിയിരുന്നില്ലെന്നും മകൻ ആരോപിക്കുന്നു.

അതേസമയം ആരോപണങ്ങൾ ആശുപത്രി അധികൃതർ കോടതിയിൽ നിഷേധിച്ചു. 16.75 ലക്ഷം രൂപയാണ് ചികിത്സാ ബിൽ. ഇതിൽ 3.3 ലക്ഷം രൂപയാണ് ബന്ധുക്കൾ അടച്ചത്. ബിൽ അടയ്ക്കാതിരുന്നിട്ടും ഏപ്രിൽ 21ന് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും ആശുപത്രി അധികൃതർ വാദിച്ചു. എന്നാൽ ഏപ്രിൽ 20ന് പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ നടത്താൻ തയ്യാറായതെന്ന് പരാതിക്കാരൻ എതിർവാദമുന്നയിച്ചു.