തിരുവല്ല: ജിഎസ്ടി അഥവാ ചരക്കു സേവന നികുതി നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വിലക്കയറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും  ഉപഭോക്താവിനെ കബളിപ്പിച്ചുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ ഏറെയാണ്.  ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാകട്ടെ  ഇതിനൊന്നും ഒരു നിയമവും ഇല്ലാത്ത മട്ടിലാണ് ചില വ്യാപാരികളും,സ്ഥാപനങ്ങളും ബിസിനസും, സേവനവും നടത്തുന്നത്.ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാത്ത ഹോട്ടലുകളും നികുതി ഈടാക്കുക, രജിസ്‌ട്രേഷൻ ഉള്ളവ അമിത നിരക്ക് ഈടാക്കുക തുടങ്ങിയ പരാതികൾക്ക് ഇപ്പോഴും ശമനമില്ല.

ആശുപത്രികളും ജിഎസ്ടിയുടെ പേരിലുള്ള തീവെട്ടിക്കൊള്ളയിൽ പിന്നിലല്ല. തിരുവല്ല മെഡിക്കൽ മിഷനിൽ ഒന്നരദിവസം ഇൻപേഷ്യന്റായി കഴിഞ്ഞ അനൂപ് ഫേസ്‌ബുക്കിൽ കുറിച്ചത് വായിക്കുമ്പോൾ മനസ്സിലാകും കാര്യങ്ങളുടെ പോക്ക്.ജിഎസ്ടി നമ്പർ പോലുമില്ലാത്ത ബില്ലാണ് അനൂപിന് ആശുപത്രിയിൽ നിന്ന് നൽകിയത്. ബില്ലിലെ കൊള്ളനിരക്കിനെ കുറിച്ചല്ല, ജിഎസ്ടി തട്ടിപ്പിനെ കുറിച്ചാണ് അനൂപിന് പറയാനുള്ളത്.10,638 രൂപയുടെ ഈ ബില്ലിൽ 220 രൂപ ജിഎസ്ടി ഈടാക്കിയിട്ടുണ്ട്. എന്നാൽ ഏത് ഇനത്തിനാണ് ജിഎസ്ടി വാങ്ങിയിട്ടുള്ളതെന്നോ എത്രശതമാനമാണ് നികുതിയെന്നോ ബില്ലിൽ രേഖപ്പെടുത്തിയിട്ടില്ല. ബില്ലിനെക്കുറിച്ച് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റിൽ അന്വേഷിച്ചിട്ട് തൃപ്തികരമായ മറുപടി നൽകാനോ അധികമായി ഈടാക്കിയ തുക തിരികെ നൽകാനോ അവർ തയ്യാറായുമില്ല.

ആശുപത്രികളിലെ ആരോഗ്യസംരക്ഷണസേവനങ്ങളെ സർക്കാർ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്.അതേസമയം, തെറ്റായ ഇൻവോയ്‌സ്നൽകുന്നത് ജിഎസ്ടി പ്രകാരം കുറ്റകരമാണ്. ഈ സാഹചര്യത്തിൽ ടിഎംഎം ആശുപത്രി നിയമവിരുദ്ധമായാണ് ഈ ബില്ലിൽ നികുതി വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.ജിഎസ്ടി ബില്ലിൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടായിരിക്കണം എന്ന് കൃത്യമായ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. അതുപ്രകാരം ബില്ലിൽ ഇനം തിരിച്ച് വിലയും ജിഎസ്ടി നിരക്കും പ്രിന്റ് ചെയ്തിരിക്കണം. കൂടാതെ എസ്ജിഎസ്ടി, സിജിഎസ്ടി എന്നിവ പ്രത്യേകമായും കാണിച്ചിരിക്കണം. ഐറ്റത്തിന്റെഎച്ച്എസ്എൻ/എസ്എസി കോഡും കൊടുത്തിരിക്കണം. ഈ വിവരങ്ങളൊന്നും ബില്ലിൽ ഇല്ല. ചുരുക്കത്തിൽ എന്തിനാണ് ടാക്‌സ് വാങ്ങിയതെന്ന് അറിയാൻ ഒരു മാർഗ്ഗവുമില്ല.

ഇങ്ങനെയാണെങ്കിൽ, ജിഎസ്ടി തുടങ്ങിയ ഈ രണ്ട് മാസത്തിനുള്ളിൽ രോഗികളുടെ ലക്ഷക്കണക്കിന് രൂപ നികുതിയെന്ന പേരിൽ നിയമവിരുദ്ധമായി ഇവർ ഈടാക്കിയിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്ന് അനൂപ് പറയുന്നു. പാവപ്പെട്ട രോഗികളെ ചികിൽസാഫീസിന്റെ പേരിൽ കൊള്ളയടിക്കുന്നതിന് പുറമേ നികുതിയുടെ പേരിൽ വെട്ടിപ്പും നടത്തുന്ന ഇത്തരം ആശുപത്രികൾക്കെതിരെ നടപടിയെടുക്കേണ്ടതാണ്.