'അവൾക്കൊപ്പം' 'അവനൊപ്പം' ക്യാമ്പെയിനുകൾ സംസ്ഥാനത്തുകൊടുമ്പിരി കൊള്ളുന്ന വേളയിലാണ് ക്ലൈമാക്‌സെന്ന വണ്ണം വ്യാഴാഴ്ച രണ്ടും താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് നായകനായ രാമലീലയും, ദിലീപിന്റെ മുൻഭാര്യയും, ലേഡി സൂപ്പർസ്റ്റാറുമായ മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാതയുമാണ് ഈ രണ്ടുസിനിമകൾ.

അക്രമത്തിനിരയായ നടിക്കൊപ്പം നിലയുറപ്പിച്ച മഞ്ജുവിനെ ശത്രുപക്ഷത്ത് ഉറപ്പിച്ചുകൊണ്ടുള്ള ക്യാമ്പെയിനുകൾ നടക്കുന്നതിനിടെയാണ് രാംലീലയെ തള്ളിപ്പറയരുതെന്ന അഭ്യർത്ഥനയുമായി അവർ രംഗത്തെത്തിയത്. ഇതോടെ ഉദാഹരണം സുജാതയുടെ റിലീസിനെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള മഞ്ജുവിന്റെ തന്ത്രമായി സോഷ്യൽ മീഡിയയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. മലയാളി സിനിമയുടെ പൊതുഗുണത്തിന് ഉതകുന്ന സമീപനമാണ് മഞ്ജു സ്വീകരിച്ചതെന്ന എതിർവാദവും വന്നു. ഏതായാലും മലയാള സിനിമയെ ഇളക്കിമറിക്കുകയും, ഒരു പരിധി വരെ പ്രതിസന്ധിയിലാഴ്‌ത്തുകയും ചെയ്ത ദിലീപിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ രാമലീലയുടെ റിലീസ് അതീവആകാംക്ഷ ഉണർത്തുകയാണ്.

'കേരളം കാണണോ രാമലീല' എന്നായിരുന്നു മാതൃഭൂമി സൂപ്പർ പ്രൈംടൈമിന്റെ ചർച്ചാചോദ്യം. അവതാരകൻ വേണുബാലകൃഷ്ണൻ. ചർച്ചയിൽ പങ്കെടുന്നവർ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,നിർമ്മാതാവ് സജി നന്ത്യാട്ട്, നടൻ മഹേഷ്, സംവിധായകൻ ബൈജു കൊട്ടാരക്കര, നിരൂപകൻ പ്രേംചന്ദ് പിന്നെ ടെലിഫോണിൽ എഴുത്തുകാരി എസ്.ശാരദക്കുട്ടിയും.ആക്രമിക്കപ്പെട്ട നടിയുടെ ജീവിതം കോഞ്ഞാട്ടയായാലും, രാമലീലയുടെ സംവിധായകന്റെ ജീവിതം കോഞ്ഞാട്ടയാകരുത് എന്ന തരത്തിലുള്ള പ്രചാരണമാണ് കേരളത്തിൽ നടക്കുന്നതെന്നും വ്യാഴാഴ്ച അരങ്ങേറാൻ പോകുന്നത് ദിലീപ് ആരാധകരുടെ കായികാഹ്ലാദമാണെന്നും അത് മറ്റൊരു ക്യാമ്പെയിനാണെന്നും വേണു ആമുഖമായി പറഞ്ഞുവച്ചു.

താൻ 101 ശതമാനവും പെൺകുട്ടിയോടൊപ്പമാണെന്നും എന്നാൽ രാമലീലയെ നശിപ്പിക്കുന്ന തരത്തിലുള്ള നിലപാടിനോട് യോജിപ്പില്ലെന്നുമുള്ള മധ്യനിലപാടാണ് ഭാഗ്യലക്ഷ്മി സ്വീകരിച്ചത്.കേരള സമൂഹം എതിരാണെങ്കിൽ സിനിമ പരാജയപ്പെടും. അത് ഒരു നടനിലേക്ക് മാത്രം ഒതുക്കേണ്ട.ആ നടനെ വച്ച് സിനിമ എടുത്തതാണ് കുറ്റം എന്ന് പിന്നീട് നിലപാട് മാറ്റുകയും ചെയ്തു.

സംവിധായകനെ രക്ഷിക്കാനാണെങ്കിൽ ട്വന്റി-ട്വന്റി എടുത്തതു പോലൊരു സിനിമാ കൂട്ടായ്മയിലൂടെ 15 കോടി സമാഹരിച്ച് പുതിയൊരു സിനിമ എടുത്താൽ പോരേയെന്നായിരുന്നു വേണുവിന്റെ മറ്റൊരു ചോദ്യം.ഭാഗ്യലക്ഷ്മി ഇതിനോട് യോജിച്ചെങ്കിലും, പ്രേക്ഷർക്കെല്ലാം വേണ്ടി വേണു സംസാരിക്കേണ്ടെന്നായി അതിഥികളിൽ ചിലർ.അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ ഭാഗത്താണ് താനെന്നും രാമലീല കാണാൻ പോവില്ലെന്നും സിനിമാ നിരൂപകൻ പ്രേംചന്ദ് പറഞ്ഞു. കൂവലും ബഹളവുമായി ഫാൻസാണ് സിനിമ കുളമാക്കുന്നത്.മുളകുപാടം 15 കോടി മുട്ക്കി അതൊന്നു തിരിച്ചുവാങ്ങിച്ചുകൊടുക്കൂയെന്ന് പറയുന്നത് പൊതുതാൽപര്യത്തോടുള്ള വെല്ലുവിളിയാമെന്നും പ്രേംചന്ദ് പറഞ്ഞു.രാമലീല പുറത്തിറങ്ങുന്ന ദിവസം തനിക്ക് കറുത്ത നാളാണെന്നും, നടി അനുഭവിച്ച് പീഡനത്തിന്റെ രണ്ടരമണിക്കൂറായാണ് താൻ കാണുന്നതെന്നും എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.

സിനിമ കാണാതിരിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും രാഷ്ട്രീയ തീരുമാനമായിരിക്കണമെന്ന് പ്രേംചന്ദ് അഭിപ്രായപ്പെട്ടപ്പോൾ, മഞ്ജു സിനിമയ്ക്ക് അനുകൂല നിലപാടെടുത്തത് ശരിയോയെന്ന് വേണുവിന്റെ ചോദ്യം. അത് മഞ്ജുവിന്റെ ഇരട്ടത്താപ്പാണെന്ന് പ്രേംചന്ദിന്റെ മറുപടിയോട് നടിയുടെ സുഹൃത്തായ ഭാഗ്യലക്ഷ്മി യോജിച്ചില്ല.ഈ ഘട്ടത്തിൽ് മമ്മൂട്ടിയെ പുതുമുഖ നടി ലിച്ചി എന്ന് രേഷ്മ അന്ന രാജൻ അപമാനിച്ചുവെന്ന ആരോപണത്തിൽ ആരാധകവൃന്ദം ഉയർത്തിയ കോലാഹലവും ചർച്ചയായി.ആൾക്കൂട്ട ഭ്രാന്തും പണക്കൊഴുപ്പും സൃഷ്ടിക്കുന്ന ഭീകരതയാണ് ലി്ച്ചിയെ കരയിച്ചതും, മഞ്ജുവിന്റെ നിലപാട് മാറ്റിച്ചതും എന്നായിരുന്നു പ്രേംചന്ദിന്റെ വിലയിരുത്തൽ.

ഏതായാലും താൻ ഫാൻസിനൊപ്പം വ്യാഴാഴ്ച സിനിമ കാണുമെന്ന് നടൻ മഹേഷ് വ്യക്തമാക്കി. ആരാധകർക്കൊപ്പം എന്തിനാണ് കാണുന്നത് പിന്നീട് കണ്ടാൽ പോരേയെന്ന് ഭാഗ്യലക്ഷ്മി. അഞ്ചുവർഷത്തെ സംവിധായകന്റെ പ്രയ്ത്‌നമാണ് രാമലീലയെന്നും പ്രേക്ഷകർ അന്തിമതീരുമാനമെടുക്കട്ടെയെന്നും മഹേഷ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് മഹേഷ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, ദിലീപിനോടാണ് കൂറെന്ന് വരികൾക്കിടയിൽ വായിക്കാമായിരുന്നു.

സിനിമ പച്ച പിടിച്ച നേരത്താണ് നടിയെ ആക്രമിച്ച സംഭവമുണ്ടായതെന്നും ഇതോടെ മൊത്തം ഗ്രാഫ് താഴോട്ട് പോയെന്നും ബൈജു കൊട്ടാരക്കര സങ്കടപ്പെട്ടു.ഏന്തായാലും രാമലീലയുടെ റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ടിക്കറ്റുകൾ പൂർണമായി വിറ്റുപോയെന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട് വ്യക്തമാക്കി.സിനിമ കാണേണ്ടെന്ന് തീരുമാനിച്ചവരും, കാണുമെന്ന് തീരുമാനിച്ചവരും എല്ലാം ടിവിയിൽ ഈ സിനിമ ഇപ്പോൾ കാണിച്ചാൽ കുത്തിയിരുന്നു കാണുമെന്ന് ഭാഗ്യലക്ഷ്മി. മാസങ്ങളായി ആടികൊണ്ടിരുന്ന ഒരു നാടകത്തിന്റെ അവസാന വാക്യം പോലെ. മലയാളിയുടെ ഹിപോക്രസിക്ക് ഒരു കൊട്ട്.രാമലീലയും ഉദാഹരണം സുജാതയും.ഏത് സിനിമ പ്രേക്ഷകർ ഏറ്റെടുക്കും? ഉദാഹരണം സുജാത ദിലീപ് ആരാധകർ കൂവിതോൽപ്പിക്കുമോ? കൂവലിനെ അതിജീവിക്കാൻ സുജാതയ്ക്കാകുമോ? രണ്ടുചിത്രങ്ങളും വിജയിക്കില്ലേ? ഏതായാലും മലയാള സിനിമയുടെ നല്ല ഭാവി സ്വപ്‌നം കാണുന്നവർ നഷ്ടം എന്ന വാക്ക് പറയാൻ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല.