ഭുവനേശ്വർ: ഒഡീഷയിൽ ഉച്ചഭക്ഷണത്തിന് നൽകിയതിൽ അഞ്ചുരൂപ കുറവ് വന്നത് ചോദ്യം ചെയ്ത് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു.

ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിനാണ് ആദിവാസി യുവാവിനെ മർദ്ദിച്ചത്. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്.

കിയോൺജാർ ജില്ലയിലാണ് സംഭവം. മധു സാഹു എന്നയാളുടെ മാ ഹോട്ടലിൽ നിന്നാണ് ജിതേന്ദ്ര ദെഹൂരി എന്ന യുവാവ് ഭക്ഷണം കഴിച്ചത്. 45 രൂപയാണ് ബില്ല് നൽകിയത്. എന്നാൽ, ജിതേന്ദ്രയുടെ കയ്യിൽ 40 രൂപയേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് രൂപ താൻ വൈകീട്ട് തരാമെന്ന് ജിതേന്ദ്ര പറഞ്ഞെങ്കിലും മധു സാഹു അനുവദിച്ചില്ല.

ഇതോടെ തർക്കമുണ്ടാവുകയും ഹോട്ടലുടമയും മകനും ചേർന്ന് ജിതേന്ദ്രയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. റോഡരികിൽ വെച്ച് ഇരുവരും ചേർന്ന് ജിതേന്ദ്രയെ മർദിക്കുന്ന ദൃശ്യങ്ങൾ പരിസരത്തുണ്ടായിരുന്നവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

 

ചോറും പയറും പച്ചക്കറിയും ചേർന്ന ഭക്ഷണത്തിന് 45 രൂപയാകുന്നത് എങ്ങനെ എന്ന് ജിതേന്ദ്ര ദെഹൂരി ചോദിക്കുന്നു. അഞ്ചുരൂപ അടുത്ത തവണ തരാമെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. നടുറോഡിൽ മറ്റുള്ളവർ കാൺകെ തന്നെ ഒരു ദയയുമില്ലാതെ മർദ്ദിച്ചതായും ജിതേന്ദ്ര ദെഹൂരി പറയുന്നു.

സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോട്ടലുടമയായ മധു സാഹുവിനെ അറസ്റ്റ് ചെയ്തു. അതേസമയം, ഇയാളുടെ മകന് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.