കണ്ണൂർ: പെരളശേരിയിലെ ഹോട്ടൽ നടത്തിപ്പ്കാരിക്ക് കേരളാ ഭാഗ്യക്കുറി തുണയായി. ജൂലായ് 21ന് നറുക്കെടുത്ത കാരുണ്യ പ്ളസ് കേരളസംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് പെരളശേരി ടൗണിലെ പാരിസ് ഹോട്ടലുടമ ഷൈലജ കല്ലാട്ടിനെ തേടിയെത്തിയത്.

കഴിഞ്ഞ ആറുവർഷമായി പെരളശേരിയിൽ ഹോട്ടൽ നടത്തിവരുന്ന ഷൈലജ ഹോട്ടലിൽ ലോട്ടറി വിൽപന നടത്താനെത്തുന്ന ഏജന്റുമാരിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ പതിവായി എടുത്തിരുന്നു. ഇതിനു മുൻപെ ഇവർക്ക് അയ്യായിരം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്‌ച്ച ഹോട്ടലിൽ വന്ന ഹസനിൽ നിന്നാണ് ഇവർ ലോട്ടറിയെടുത്തത്. സമ്മാനത്തിന് അർഹമായ പി.ഡി. 962218 നമ്പർ ടിക്കറ്റ് പെരളശേരി കാനറ ബാങ്കിൽ ഹാജരാക്കിയതായി ഷൈലജ പറഞ്ഞു. പെരളശേരി പുതിയ കാവിന് സമീപം പുതുതായി നിർമ്മിച്ച സസ്തി ഹൗസിലാണ് താമസം. ഷംജിത്ത്, ഷംന എന്നിവർ മക്കളാണ്.

വീടെടുത്ത വകയിൽ കുറച്ച് കട ബാധ്യതകൾ ഉണ്ടെന്നും അത് ആദ്യം തീർക്കണമെന്നും ഷൈലജ പറഞ്ഞു. അവിചാരിതമായ ഭാഗ്യം തുണയാകുമ്പോഴും ഹോട്ടൽവ്യാപാരം തുടരാനാണ് ഇവരുടെ തീരുമാനം. പെരളശേരി ടൗണിലും പരിസരങ്ങളിലും വർഷങ്ങളായി ലോട്ടറി വിൽപന നടത്തി വരുന്നയാളാണ് ഏജന്റായ ഹസൻ. ചെറിയ സമ്മാനങ്ങൾ താൻ വിറ്റ ടിക്കറ്റിൽ അടിക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായാണെന്നാണ് ഹസൻ പറയുന്നത്.