കൊച്ചി: ഊബർ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിൽനിന്ന് ഡിസംബർ ഒന്ന് മുതൽ ഓർഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. വലിയ ജനസ്വീകാര്യത നേടിയിരിക്കുന്ന ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനം തനത് മേഖലയെ നശിപ്പിക്കും എന്ന അഭിപ്രായമാണ് അസോസിയേഷൻ ഭാരവാഹികൾക്ക്. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരിക്കും വിലക്ക്. നിലവിൽ ജില്ലയിൽ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച് ഭക്ഷണം വിൽക്കുന്നത്.

തൊഴിലാളികളുടെ ശമ്പളം, സാധനങ്ങളുടെ വിലവർധന തുടങ്ങിയവ മൂലം ഹോട്ടൽ വ്യവസായം നഷ്ടത്തിലാണുള്ളത്. ഇതിനിടയിൽ കമ്പനികൾക്കുള്ള ഭീമമായ കമ്മിഷനും കൂടി കൊടുക്കുന്നതോടെ നഷ്ടം പെരുകുകയാണ്. ഹോട്ടലുകൾ അടച്ചിടാൻ പറ്റാത്തതിനാൽ മാത്രമാണ് ഇവരുമായി കൈകോർത്ത് പോകുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. കേരളത്തിലെ വലിയ നഗരങ്ങളായ തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനം ഏറ്റവും അധികം പ്രവർത്തിക്കുന്നത്.

ഇത്തരം ആപ്പുകൾ റെസ്റ്റോറന്റുകളിൽനിന്ന് ഓർഡറിന്റെ 20-30 ശതമാനം കമ്മിഷൻ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ.90 ശതമാനത്തോളം ഹോട്ടലുടമകളുടെ അഭിപ്രായത്തെ തുടർന്നാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനം അസോസിയേഷൻ എടുത്തിട്ടുള്ളതെന്ന് കെ.എച്ച്.ആർ.എ. അറിയിക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിക്കുകയില്ലെങ്കിൽ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാർട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയിൽ ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി സ്റ്റാർട്ട് ആപ്പുകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും. അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണവിതരണ ആപ്പ് അവതരിപ്പിക്കാനും ആലോചനയുണ്ട്.ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകൾ പ്രത്യേക ഡെലിവറി ചാർജുകൾ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകൾ വഴി ഓഡർ സ്വീകരിക്കാതെ ഹോട്ടലുകൾ നേരിട്ടുള്ള ഡെലിവറി കൂടുതൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് യുവാക്കൾക്കിടയിൽ ഉൾപ്പടെ നിലവിലുള്ളത്. ഇപ്പോൾ ഉപഭോക്താക്കൾക്കാണ് ഇതിൽ ഗുണം ലഭിക്കുന്നത് എങ്കിലും ഈ സൗകര്യങ്ങൾ അധികകാലം ലഭിക്കില്ലെന്നും ഓഫറുകൾ നൽകുന്നത് കച്ചവടം കൂട്ടുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ലാഭത്തിന് നൽകുന്നത് എന്നും ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു.ഉപഭോക്താക്കൾക്ക് തന്നെയാണ് ഗുണമെങ്കിലും കാലക്രമേണ കൂടുതൽ പണം നൽകേണ്ടി വരും. ചെറുകിട വ്യാപാര രംഗത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക എന്നും അസോസിയേഷൻ പറയുന്നു.

ഹോട്ടൽ ഉടമകൾക്കും ഓൺലൈനുകൾക്കും നഷ്ടമുണ്ടെങ്കിലും ബിസിനസ് പിടിക്കുന്നതിനായി 17 കോടിയോളം രൂപ ഇൻവസ്റ്റ് ചെയ്താണ് ാൺലൈൻ ഇടപാടുകാർ രംഗത്തുള്ളത്. നഗരങ്ങളിലെ തിരക്കിനിടയിൽ കാറോടിക്കുന്നതും പിന്നെ പാർ്ക്കിങ് സ്‌പെയ്‌സ് കണ്ടെത്തുന്നതുമൊക്കെ ശ്രമകരമാണ്. അതിന്റെയൊപ്പം വർധിക്കുന്ന ഇന്ധന വിലയിൽ വാഹനമെടുത്ത് പുറത്ത് പോകുന്നതും ഒഴിവാക്കാനാകും എന്നതാണ് പ്രധാനമായും ഇതിനെ ആശ്രയിക്കാൻ കാരണം. ഓൺലൈൻ ഭക്ഷണ വിതരണവുമാി ആദ്യം സഹകരിച്ചിരുന്നത് ന്യൂജനറേഷൻ ഹോട്ടലുകളാണെന്നും എന്നാൽ ഇപ്പോൾ അവർ പോലും അധിക കമ്മീഷൻ കാരണം ഇത്തരം സർവ്വീസുകൾ അവസാനിപ്പിക്കുന്നുവെന്നാണ് വിവരം