കുവൈറ്റ് സിറ്റി: ആദ്യമായി കാർഡിന് അപേക്ഷിക്കുന്ന സമയത്തു നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിവരങ്ങൾ പല താമസം
സ്ഥലങ്ങളിലേക്കു മാറിയാലും പുതുക്കാത്തവർക്ക് പിഴ ഈടാക്കാൻ തീരുമാനം. പുതിയ മേൽവിലാസം തിരിച്ചറിയൽ കാർഡിൽ ചേർക്കാത്തവർ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.

ഒരുമാസത്തിനകമാണ് ശരിയായ വിലാസം രേഖപ്പെടുത്തേണ്ടത്. പിഴ ഈടാക്കുമ്പോൾ ഒരു കെട്ടിടത്തിൽ താമസിക്കുന്നവരുടെ എണ്ണം കണക്കാക്കിയാകും പിഴ നിശ്ചയിക്കുക. ഒരാൾക്ക് 20 ദിനാർ എന്ന നിരക്കിലും പരമാവധി 100 ദിനാർവരെയുമാകും പിഴ ലഭിക്കുക.

വർഷങ്ങൾക്കു മുൻപു പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടേതുൾപ്പെടെയുള്ള വിലാസമാണു പലരുടെയും തിരിച്ചറിയൽ കാർഡിൽ ഉള്ളതെന്നാണു കണ്ടെത്തൽ. മേൽവിലാസം മാറിയാൽ സ്വദേശികളും വിദേശികളും 30 ദിവസത്തിനകം തിരിച്ചറിയൽ കാർഡിലും വിലാസം പുതുക്കിയിരിക്കണമെന്ന് 'പാസി ഡയറക്ടർ ജനറൽ മുസാദ് അൽ അസൂസി അറിയിച്ചു. കാർഡിലെ വിലാസം പുതുക്കാത്തവരെ നാടുകടത്താൻ ആലോചിക്കുന്നതായി സാമൂഹിക മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിലാസം പുതുക്കാത്ത 981 സ്വദേശികളും വിദേശികളുമായ ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.