- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8 എസികളുള്ള ആഡംബര വീട്; കറണ്ട് ചാർജ്ജ് പൂജ്യം; വീട്ടിലേക്കാവശ്യമായ വൈദ്യുതി മുഴുവൻ സോളാർ പാനലിൽ ഉത്പാദിപ്പിക്കുന്ന അഹമ്മദാബാദിലെ അംരീഷ് പട്ടേലിന്റെ വീടിനെ പരിചയപ്പെടാം
ന്യൂഡൽഹി: സോളാർ പാനലിന്റെ കാര്യക്ഷമതയെക്കുറിച്ച് പലപ്പോഴും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ അത്തരം ചർച്ചകളെയൊക്കെ തള്ളിക്കളഞ്ഞ് സോളാർ പാനലിന്റെ വിജയകഥ പറയുകയാണ് അഹമ്മദാബാദ് സ്വദേശിയായ അംരീഷ് പട്ടേലിന്റെ വീട്. ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ വീട്. ഓരോ മുറിയിലും എസി അടക്കം 8 എസി ഉൾപ്പടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് നാലുവർഷം മുൻപ് അംരീഷ് വീട് വച്ചത്. ഒരു രൂപ പോലും അംരീഷിന് കറണ്ട് ചാർജ് ഇനത്തിൽ അടയ്‌ക്കേണ്ടി വരുന്നില്ല എന്നതാണ് പ്രത്യേകത.
എസിയും ഫാനുകളും അടക്കം എല്ലാ ഗൃഹോപകരണങ്ങളും പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാൻ പര്യാപ്തമായ സോളർപാനലുകളാണ് അദ്ദേഹം വീട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. വീട് വച്ചശേഷം പ്രതിമാസം 12,000 രൂപയ്ക്ക് മുകളിൽ കറണ്ട് ചാർജ് അടയ്‌ക്കേണ്ടി വരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാൽ ഇന്ന് ഗൃഹോപകരണങ്ങൾ സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കുന്നതിനു പുറമേ അധികമായി ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന് നൽകുന്നതിൽ നിന്നും 2000 മുതൽ 3000 രൂപ വരെ പ്രതിവർഷം സമ്പാദിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഊർജ്ജ സംരക്ഷണത്തിൽ മാത്രമല്ല സാധ്യമായ എല്ലാ രീതിയിലും പ്രകൃതിയോട് ഇണങ്ങിചേർന്നാണ് അംരീഷിന്റെയും കുടുംബത്തിന്റെയും ജീവിതം. പത്ത് വർഷക്കാലമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കാനും ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കയിലെ ജോലി അവസാനിപ്പിച്ച് തിരികെ ഇന്ത്യയിലേക്ക് മടങ്ങിയപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹം കൈവിട്ടുകളഞ്ഞില്ല.
അഹമ്മദാബാദിൽ പുതിയതായി നിർമ്മിച്ച വീട്ടിൽ വെള്ളം ശുദ്ധീകരിക്കാനും സൗരോർജ്ജത്തെ തന്നെയാണ് ആശ്രയിക്കുന്നത്. മുൻസിപ്പാലിറ്റിയിൽനിന്നും പൈപ്പ് വഴി ലഭിക്കുന്ന വെള്ളം സംഭരിച്ച് ദിവസം മുഴുവൻ സൂര്യപ്രകാശമേൽക്കാൻ അനുവദിക്കുന്നു. ബാക്ടീരിയകളെ നശിപ്പിച്ചു വെള്ളം പൂർണമായും ശുദ്ധീകരിക്കാൻ ഈ മാർഗത്തിലൂടെ സാധിക്കുമെന്നാണ് അംരീഷിന്റെ പക്ഷം.
പിന്നീട് ഈ വെള്ളം നേരിട്ട് കുടിക്കാനും അടുക്കള ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ആഗ്രഹം മൂലം വീടിനു ചുറ്റും മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. 80 കാരിയായ അമ്മയാണ് മുറ്റത്തു വളരുന്ന 260 ചെടികളുടെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ