കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ ഗവൺമെന്റ് നടപടി തുടങ്ങി.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡൊമസ്റ്റിക് പേഴ്‌സനൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് അടക്കം നടപടികൾ ആരംഭിച്ചിട്ടുള്ളത്. ആറു ഗവർണറേറ്റുകളിലും പ്രവർത്തിക്കുന്ന അനധികൃത കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കേന്ദ്രം റെയ്ഡ് ചെയ്യുകയും പൂട്ടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ലൈസൻസില്ലാത്ത നിരവധി സ്ഥാപനങ്ങൾ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഉൾഭാഗങ്ങളിൽ പ്രവർത്തിക്കുകയും സാമൂഹിക മാദ്ധ്യമങ്ങൾ അടക്കം ഉപയോഗിച്ച് റിക്രൂട്ട്‌മെന്റ് നടത്തുകയുമാണ് ചെയ്തുവരുന്നത്. 600 മുതൽ 1800 വരെ ദീനാർ വാങ്ങി അനധികൃതമായി വിദേശികളെ കുവൈത്തിലേക്ക് എത്തിക്കുന്നുമുണ്ട്്. ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്.

ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത സ്ഥാപനവും ഓൺലൈൻ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. ഇത് പിന്തുടർന്നുള്ള അന്വേഷണമാണ് റെയ്ഡ് നടത്തുന്നതിനും സ്ഥാപനം പൂട്ടിക്കുന്നതിനും സഹായകമായത്. ആവശ്യമായ ലൈസൻസില്ലാതെ രാജ്യത്തേക്ക് അനധികൃതമായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്ത ഇവന്റ് മാനേജ്‌മെന്റ് ഓഫിസിലും അധികൃതർ പരിശോധന നടത്തിയിരുന്നു. ഓഫിസിൽനിന്ന് രേഖകൾ കണ്ടുകെട്ടുകയും ചെയ്തു. മറ്റൊരു ഓഫിസിന്റെ പേരിൽ നൽകിയ രസീതികളും കണ്ടെടുത്തു.

അനധികൃത റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ബിദൂനിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത റിക്രൂട്ട്‌മെന്റ് ഓഫിസ് നടത്തിയതിനാണ് ബിദൂനിയെ അറസ്റ്റ് ചെയ്തത്. തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്‌പോർട്ട് പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറായുടെ മേൽനോട്ടത്തിലാണ് റെയ്ഡ് നടത്തിയത്. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ ഒരു രീതിയിലുമുള്ള നിയമലംഘനങ്ങൾ നടത്തുന്നില്‌ളെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ തുടർച്ചയായി നിരീക്ഷണം നടത്തുകയും ചെയ്യും.