സിഡ്‌നി: 2015-ൽ ശക്തമായ മുന്നേറ്റത്തിനു ശേഷം സിഡ്‌നി വീടു വിലയിലുണ്ടായ മാന്ദ്യം രാജ്യത്തെ ശരാശരി വീടുവിലയുടെ കാര്യത്തിലും പ്രതിഫലിച്ചു. ഡിസംബറിൽ ദേശീയ വ്യാപകമായി വീടുവിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാതിരുന്നതും സിഡ്‌നി വീടു വിലയുടെ കുതിപ്പിന് ശമനം ഉണ്ടായതാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷം സിഡ്‌നിയിൽ വീടു വില 7.8 ശതമാനമാണ് ഉയർന്നത്. എന്നാൽ ഡിസംബറിൽ ഈ കുതിപ്പിന് ശമനമാകുകയും അവസാന മൂന്നു മാസത്തിൽ രാജ്യമെമ്പാടും 1.4 ശതമാനം വിലയിടിവ് രേഖപ്പെടുത്തുകയും ചെയ്തു.

വീടുവില വർധനയുടെ കാര്യത്തിൽ സിഡ്‌നിയായിരുന്നു മുന്നിൽ നിന്നിരുന്നത്. ശരാശരി വാർഷിക വർധന 11.5 ശതമാനം രേഖപ്പെടുത്തിയ സിഡ്‌നി വീടുവില പിന്നീട് അവസാന പാദത്തിൽ  2.3 ശതമാനം ഇടിയുകയുമാണ് ചെയ്തത്.

എന്നാൽ നിലവിൽ വീടു വിപണിയിൽ മാന്ദ്യം നേരിടുകയാണെങ്കിലും ഒരു പരിധിക്കു താഴെ സിഡ്‌നി വീടുവില ഇടിയുകയില്ലെന്നാണ് കോർ ലോജിക് ഡേറ്റാ റിസർച്ച് ഹെഡ് ടിം ലോലെസ് വ്യക്തമാക്കുന്നത്. താഴ്ന്ന പലിശ നിരക്ക് നിലനിൽക്കുന്നിടത്തോളം കാലം വീടുകൾക്കുള്ള ആവശ്യം ഏറെയാണെന്നും അതുകൊണ്ടു തന്നെ വിലയിടവ് സാരമായി ബാധിക്കില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മെൽബണിൽ ഹൗസ് മാർക്കറ്റും അപ്പാർട്ട്‌മെന്റ് മാർക്കറ്റും തമ്മിൽ വ്യത്യാസമുള്ളതിനാൽ സ്ഥിതി ഇവിടെ വ്യത്യസ്തമാണ്. യൂണിറ്റ് സെക്ടർ വിൽപ്പന മന്ദഗതിയിലാകുകയും വീടുകൾക്ക് ഡിമാൻഡ് ഏറുകയും ചെയ്തു. 11.2 ശതമാനം വില വർധനയാണ് കഴിഞ്ഞ വർഷം ഇവിടെ രേഖപ്പെടുത്തിയത്. എന്നാൽ 2015-ലെ മൂന്നാം പാദത്തിൽ ബ്രിസ്‌ബേനിലെ വീടുവില ശക്തിപെടുകയാണ് ചെയ്തത്. 4.1 ശതമാനം വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാൻബറയിലെ ശരാശരി വാർഷിക വർധനയോട് ഏതാണ്ട് ഒപ്പമാണിത്. രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലും 2015-ൽ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്.

പെർത്തിൽ മൈനസ് 3.7 ശതമാനവും ഡാർവിനിൽ മൈനസ് 3.6 ശതമാനവും ഇടിവുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ വിലയിടിവ് ഉണ്ടായത് ഇവിടെയാണ്. രാജ്യമെമ്പാടും മൂന്നാം പാദത്തിൽ വീടുവിലയിൽ 1.4 ശതമാനം ഇടിവുണ്ടായത് 2011 ഡിസംബറിനു ശേഷമുണ്ടാകുന്ന ക്വാട്ടേർലി വിലയിടിവാണെന്നാണ് റിപ്പോർട്ട്.