ജിദ്ദ: അടുത്ത ആറു മാസം സൗദിയിൽ വീടുവാടകയും അപ്പാർട്ട്‌മെന്റുകളുടെ വാടകയും വർധിക്കുമെന്ന് റിപ്പോർട്ട്. 2017-ൽ സർക്കാർ നിർമ്മിത യൂണിറ്റുകൾ നിലവിൽ വരുമ്പോൾ മാത്രമായിരിക്കും വാടകയിനത്തിൽ സ്ഥിരത കൈവരിക്കുകയുള്ളുവെന്നാണ് പറയപ്പെടുന്നത്.

മോർട്ട്‌ഗേജ് നിരക്കിൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള വർധനയും അപ്പാർട്ട്‌മെന്റുകളുടെ വാടക വർധിപ്പിക്കാനാണ് ഇടയാക്കിയിട്ടുള്ളത്. ഈ പ്രവണത 2015-ലെ ബാക്കിയുള്ള ആറു മാസം കൂടി തുടരാനാണ് സാധ്യതയെന്നും ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഹൗസിങ് മിനിസ്ട്രി 2017-ൽ 15,000 യൂണിറ്റുകൾ കൂടി പുതുതായി പണിതു കഴിയുമ്പോൾ വീടുകളുടെ ലഭ്യത കൂടും. ഇത് വീടുകളുടെ വാടകയിനത്തിൽ ഏറെ കുറവ് വരുത്തുകയും ചെയ്യും. മിനിസ്ട്രി പണിയുന്ന യൂണിറ്റുകൾ എത്രത്തോളം കൈമാറ്റപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വീടുവാടക സ്ഥിരത കൈവരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

അടുത്ത രണ്ടു വർഷത്തിൽ വാടകയിൽ 15 ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്. 2017-ഓടെ മിനിസ്ട്രി പ്ലാൻ ചെയ്തിരിക്കുന്നതു പോലെ 15,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറ്റം ചെയ്തു കഴിഞ്ഞാലാണ് ഇത്തരത്തിൽ വാടകയിനത്തിൽ കുറവു പ്രതീക്ഷിക്കാൻ സാധിക്കൂ. അപ്പാർട്ട്‌മെന്റ് സെക്ടറിൽ സെയിൽസ് പ്രൈസിനെക്കാൾ 7.5 ശതമാനം വാടകയാണ് അടുത്തകാലത്ത് വർധിച്ചത്. പുതിയ മോർട്ട്‌ഗേജ് നിയമവും എണ്ണവില കുറഞ്ഞതുമെല്ലാം പുതിയ വീടുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് വരുത്തിയത്.

വില്ലകളുടെയും അപ്പാർട്ട്മന്റുകളുടേയും വില്പനയിൽ യഥാക്രമം 59 ശതമാനവും 27 ശതമാനവുമാണ് കുറഞ്ഞത്. 2014 നവംബറിൽ പുതിയ മോർട്ട്‌ഗേജ് റെഗുലേഷൻ വന്നതിനു ശേഷമാണ് ഇവയുടെ കച്ചവടത്തിൽ ഇത്രയേറെ  ഇടിവു സംഭവിച്ചിട്ടുള്ളത്.