ആൽവാർ: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ആൽവാറിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ ഒടുവിൽ പൊലീസ് അഴിച്ചു.ഒരു കുടുംബത്തിലെ ഭർത്താവും മൂന്ന് കുട്ടികളും, അനന്തരവനുമാണ് കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ഭൻവാരി ലാലിന്റെ 36 കാരിയായ ഭാര്യ സന്ധ്യ, 25 കാരനായ കാമുകൻ ഹനുമാൻ ജാട്ട്, രണ്ട് വാടകക്കൊലയാളികൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സന്ധ്യയും, ഹനുമാൻ ജാട്ടും ഒരുമിച്ച് തായ്‌ക്കൊണ്ടോ അഭ്യസിക്കുകയും, പിന്നീട് പശിശീലന കേന്ദ്രം നടത്തുകയും ചെയ്തിരുന്നു. രണ്ടരവർഷത്തെ പ്രണയത്തിനിടെ ഉദയ്പൂരും, ജയ്പൂരും അടക്കമുള്ള പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് കറങ്ങി.

കുടുംബബന്ധത്തിന്റെ ചരടുകൾ മുറിച്ച് എങ്ങനെ കാമുകനൊപ്പം കഴിയാമെന്നായി സന്ധ്യയുടെ ചിന്ത. ആദ്യം ഭർത്താവ് ബൻവാരി ലാലിനെ മാത്രം വകവരുത്താമെന്ന് ആലോചിച്ചു. എന്നാൽ അത് പുതിയ ജീവിതത്തിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം നൽകില്ലെന്ന് കണക്കുകൂട്ടിയ സന്ധ്യ കുട്ടികളെ കൂടി ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ സന്ധ്യ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ഗാഡനിദ്രയിലാഴ്‌ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികൾ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്ത കൊലപാതകികൾ പത്തൊമ്പത് വയസ്സുകാരായ കപിൽ, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൃത്യം നടത്തിയ ശേഷം യുവതിയുടെ പെരുമാറ്റത്തിൽ പൊലീസിന് തുടക്കം മുതൽ സംശയം ഉടലെടുത്തിരുന്നു. സംസ്‌ക്കാരത്തിന് ശേഷം യുവതിയുടെ ഫോൺ സന്ദേശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വേളയിൽ കാമുകനെ വിളിച്ച ഫോൺകോളുകൾ പിന്തുടർന്നായിരുന്നു പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുവതിയേയും കാമുകനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോൾ വിവരം പുറത്തു വന്നു