- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിൽ സ്ത്രീ ആത്മഹത്യചെയ്ത സംഭവം; ബിന്ദുവിന്റെ ദേഹത്ത് അടിയേറ്റ പാടുകൾ; മകൻ അഭിജിത്ത് പലപ്പോഴും പണമാവശ്യപ്പെട്ട് ഉപദ്രവിച്ചു അസഭ്യം വിളിച്ചു; മകനെ ശാസിക്കാതെ ഭർത്താവും; ഭർത്താവിനെയും മകനെയും അറസ്റ്റു ചെയ്തു പൊലീസ്
കോവളം: കോവളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മകനും അറസ്റ്റിൽ. വെള്ളാർ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകൾ ബിന്ദു(46) ആണ് മരിച്ചത്. ഭർത്താവ് അനിൽ(48), മകൻ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പൊലീസ് അറസ്റ്റുചെയ്തത്.
മകൻ അമ്മയെ നിരന്തരം മർദ്ദിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മകനും ചേർന്ന് ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇവരുടെ ശരീരത്തിൽ അടിയേറ്റ നിരവധി പാടുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മരിച്ച ബിന്ദുവിനെ മകൻ അഭിജിത്ത് പലപ്പോഴും പണമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു.
മകന്റെയും ഭർത്താവിന്റെയും മാനസിക പീഡനങ്ങളെത്തുടർന്ന് ഇവർ കോവളം പൊലീസിൽ രണ്ടുതവണ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ടും അഭിജിത്ത് അമ്മയോട് പണമാവശ്യപ്പെട്ട് അസഭ്യം പറയുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷ്യംവഹിച്ചിരുന്ന ഭർത്താവ് അനിൽ മകനെ ശാസിക്കുകയോ പിടിച്ചുമാറ്റുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസിക ബുദ്ധിമുട്ടിനെത്തുടർന്ന് യു.കെ.യിലുള്ള മകൾ അഞ്ജലിയെ വിളിച്ച് അമ്മ വിവരമറിയിച്ചു. തുടർന്ന് ബിന്ദു വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ പൊലീസിനോട് സംശയമുന്നയിച്ചിരുന്നു.
ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11.30-ന് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. വിനോദ്, ജിജി എന്നിവരാണ് സഹോദരങ്ങൾ. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളാറിനടുത്തുള്ള സർക്കാർ കേറ്ററിങ് കോളേജിലെ ജീവനക്കാരനാണ് അനിൽ. കോവളം എസ്.എച്ച്.ഒ. പ്രൈജു ജി., എസ്‌ഐ. എസ്.അനീഷ് കുമാർ, എഎസ്ഐ. മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകൃഷ്ണ, ഡാനിയേൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ