- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ സ്വയം മരിക്കുകയാണ്..ഇനി ഒരു സ്ത്രീയ്ക്കും ഈ അനുഭവം ഉണ്ടാകരുത്': കോട്ടയം കോടിമതയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ വീട്ടമ്മ താമസിക്കുന്നത് കുടയംപടിയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് എംസി റോഡിൽ നിന്ന് അരക്കിലോമീറ്റർ ഉള്ളിലെ ആളൊഴിഞ്ഞ വീട്ടിൽ; ദുരൂഹമരണത്തിൽ അന്വേഷണം
കോട്ടയം: കോടിമതയിൽ ആളൊഴിഞ്ഞ വീട്ടിൽ പെട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത. ഇവർ ജീവനൊടുക്കും മുമ്പ് വീടിന്റെ ഭിത്തിയിൽ കരിയിൽ കുത്തിക്കുറിച്ച വാചകങ്ങളാണ് ദുരൂഹത കൂട്ടുന്നത്. ഞാൻ സ്വയം മരിക്കുകയാണ്..! ഇനി ഒരു സ്ത്രീയ്ക്കും ഈ അനുഭവം ഉണ്ടാകരുത്- ഈ വാക്കുകൾ സൂചിപ്പിക്കുന്നത് എന്തെന്ന് വ്യക്തമായെങ്കിലും, സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്നങ്ങളുമാണ് കാരണമെന്നാണ് സൂചന. അയ്മനം കുടയംപടി ബി.ടി. റോഡിൽ മതിലകത്ത് താഴ്ചയിൽ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജ (അജിത-53)യെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്.
ബുധനാഴ്ച രാവിലെ കോടിമതയിലെ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ വീട്ടുവളപ്പിലാണ് പൊള്ളലേറ്റനിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. ആളൊഴിഞ്ഞു കിടന്ന പ്രദേശത്തുനിന്നു തീയും പുകയും ഉയരുന്നതും രൂക്ഷഗന്ധം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റനിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. ഇവർ ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആംബുലൻസിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അറുപത് ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ഇവർ ഉച്ചയോടെ മരിച്ചു.
കുടയംപടിയിൽ വാടകയ്ക്കുതാമസിക്കുന്ന ഗിരിജ, എന്തിനാണ് കോടിമതയിൽ എത്തിയതെന്ന സംശയമാണ് ഉയരുന്നത്. എം.സി.റോഡിൽനിന്നു അരക്കിലോമീറ്ററോളം ഉള്ളിലായാണ് ഇവർ തീപ്പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ കെട്ടിടം.സാധാരണക്കാരായ ആളുകൾക്ക് ഇവിടെ ഇത്തരത്തിൽ ഒരു കെട്ടിടമുണ്ടെന്ന് അറിയാൻ ഇടയില്ല. അതിനാലാണ് ഇവർ എങ്ങിനെയാണ് ഇവിടെ എത്തിയതെന്ന സംശയം ഉയരുന്നത്. ഗിരിജയുടെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എം.സി. റോഡരികിൽ കോടിമതയിലെ പമ്പിൽനിന്നു പെട്രോളും വാങ്ങിയ ശേഷമാണ് സ്ത്രീ സ്വകാര്യ വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയത്. ഇവിടെ എത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. പൊള്ളലേറ്റ സ്ത്രീ പെട്രോൾ വാങ്ങിയ പമ്പിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നഗരസഭ അംഗം ഷീജാ അനിലിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടയംപടി സ്വദേശിയാണ് എന്ന് കണ്ടെത്തിയത്. ഇവർ മുൻപ് കുടയംപടിയിൽ ജനസേവാകേന്ദ്രം നടത്തിയിരുന്നതായും പറയുന്നു. ഇവരുടെ രണ്ടുമക്കളുടെയും വിവാഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് സൂചന. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുംശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
മറുനാടന് മലയാളി ബ്യൂറോ