തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത എം. വിൻസന്റ് എംഎൽഎയെ പിന്തുണച്ച് കുടുംബവും ഇരയായ വീട്ടമ്മയുടെ സഹോദരിയും രംഗത്ത്. വിൻസന്റിനെതിരായ ആരോപണം അവിശ്വസനീയമെന്നു പരാതിക്കാരിയുടെ സഹോദരിയും പ്രതികരിച്ചിരുന്നു.

കോവളം എംഎൽഎ എം.വിൻസന്റിനെതിരെ മൊഴി നൽകിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെവന്നു കണ്ടിരുന്നു. എന്നാൽ, എംഎൽഎ പീഡിപ്പിച്ചെന്ന് പറഞ്ഞില്ലെന്നും ഫാദർ ജോയ് പറഞ്ഞു.

പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുരോഹിതന്റെ പ്രതികരണം.

എംഎൽഎയുടെ അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ ആരോപിച്ചു. ഒരു എംഎൽഎയ്ക്കും സി.പി.എം പ്രാദേശിക നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഗൂഢാലോചനയെ കുറിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. പരാതിക്കാരി വിൻസന്റിന്റേയും തന്റെയും ഫോണുകളിൽ വിളിച്ചിരുന്നു. കുടുംബപ്രശ്‌നം കാരണം ആത്മഹത്യചെയ്യുമെന്നും പറഞ്ഞു.

കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഗൂഢാലോചനയെന്നായിരുന്നു വിൻസന്റിനെ ജയിലിൽ സന്ദർശിച്ച ശേഷം കെ. മുരളീധരൻ എംഎൽഎയുടെ പ്രതികരണം.