ചെങ്ങന്നൂർ: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസിയിൽ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ചെങ്ങന്നൂരിലെ വീട്ടമ്മ വനിതാ കമ്മീഷനിൽ പരാതി നൽകി. ചെങ്ങന്നൂരിലെ മുൻ പഞ്ചായത്ത് മെമ്പറും ബിജെപി നേതാവും കൂടിയായ സതീഷ് ചെറുവല്ലൂരിനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ കൊല്ലക്കടവ് തങ്കപ്പൻ ആചാരിയുടെ മകൾ കോമവല്ലിയെന്ന അമ്പതുകാരിയായ വീട്ടമ്മയാണ് പരാതിക്കാരി. വർഷങ്ങളായി ഇവർ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിച്ചിരുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന റോഡായിരുന്നു. പത്തടിയിലേറെ വീതിയുള്ള വഴി കടന്നു പോകുന്നത് സതീഷിന്റെ സ്ഥലത്തിലൂടെയായിരുന്നു. ഈ റോഡ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഉടമയായ സതീഷ് രണ്ടടി മാത്രം വിട്ടു കൊണ്ട മതിൽകെട്ടാൻ തീരുമാനിച്ചതോടെയാണ് പ്രശ്‌നം ഉണ്ടായത്.

തങ്ങളുടെ വീട്ടിലേക്കുള്ള ഏക വഴിയെന്ന നിലയിൽ വഴിയുടെ വീതി കുറക്കുന്നതിനെ എതിർക്കുകയാണ് കോമള വല്ലി ചെയ്തത്. ആദ്യം നല്ലവിധത്തിൽ തങ്ങളുടെ പരാതി പറഞ്ഞെങ്കിലും ചെവിക്കൊള്ളാൻ സതീഷ് തയ്യാറായില്ല. ഇതോടെയാണ് വീട്ടമ്മ നിയമവഴിയിൽ നീങ്ങിയത്. സംഭവത്തിൽ രണ്ടടി മാത്രം വഴി നൽകി വീട്ടിലേക്കുള്ള വഴി മതിൽകെട്ടി അടക്കാനുള്ള ശ്രമത്തിനെതിരെ ആർഡിഒക്ക് കോമളവല്ലി പരാതി നൽകി. ഈ പരാതിയിൽ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. പിന്നീട് വില്ലേജ് ഓഫീസർക്കും പരാതി നൽകി. ഇത് സംബന്ധിച്ച കേസ് കോടതിയിലും നിലനിൽക്കുന്നുണ്ട്.

ഇതിനിടെ സതീഷ് മതിൽ നിർമ്മാണവുമായി മുന്നോട്ടു പോകുകയായിരുന്നു. സതീഷിന്റെ നേതൃത്വത്തിൽ മതിൽകെട്ടുന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ മർ്ദ്ദിച്ചു എന്നുമാണ് കോമളവല്ലി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സതീഷു കൈക്കു പിടിച്ച് വലിച്ചെറിഞ്ഞതോടെ മതിലിൽ തടയിടിച്ചു വീണു. തുടർന്ന് അസഭ്യം പറഞ്ഞ് നെഞ്ചത്ത് ചവിട്ടിയെന്നും വീട്ടമ്മ പരാതിയിൽ ബോധിപ്പിക്കുന്നു. രക്ഷപെടാൻ വേണ്ടി ശ്രമിച്ചപ്പോഴും മർദ്ദനം നേരിട്ടു. എഴുനേറ്റോടിയപ്പോൾ തന്നെ എതിർകക്ഷി കയറിപ്പിടിച്ച് നൈറ്റി വലിച്ചു കീറുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

മർദ്ദനത്തെ തുടർന്ന് മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പൊലീസിൽ പരാതിയും നൽകി. എന്നാൽ, കാര്യമായി വകുപ്പുകൾ ചുമത്താതെ കേസെടുത്ത് പൊലീസ് സതീശിന് ജാമ്യത്തിന് വഴിയൊരുക്കുകയായിരുന്നു എന്നും കോമളവല്ലി പറയുന്നു. ജാമ്യം തേടിയ നേതാവ് വീട്ടിൽ കയറി വയോധികയായ മാതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ ബോധിപ്പിക്കുന്നു. രാഷ്ട്രീയക്കാരൻ കൂടിയായ നേതാവിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്റ ജീവന് ഭീഷണയുണ്ടെന്നും വീട്ടമ്മ പരാതിയിൽ ബോധിപ്പിക്കുന്നു.

ഭർത്താവ് ഗൾഫിലായതിനാൽ സ്ത്രീകൾ മാത്രമാണ് വീട്ടിൽ താമസം. അതുകൊണ്ട് തന്റെ ജീവന്റെ സുരക്ഷ കണക്കിലെടുത്ത് വിഷയത്തിൽ ഇടപെടണമെന്നും വീട്ടമ്മ വനിതാ കമ്മീഷനോട് അഭ്യർത്ഥിച്ചു. എസ്‌പിക്കും അവർ പരാതി നൽകിയിട്ടുണ്ട്.