തിരുവനന്തപുരം: വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും വേലക്കാരി മോഷ്ടിച്ചത് 21 ലക്ഷം രൂപയുടെ സ്വർണം. പട്ടം ഗൗരീശപട്ടത്തിന് സമീപം കൊച്ചുതളിയിക്കൽ ജേക്കബ് ഭാര്യ കുഞ്ഞമ്മ എന്നിവരുടെ വീട്ടിൽ നിന്നുമാണ് വേലക്കാരി വൻ സ്വർണ്ണ വേട്ട നടത്തിയത്. മോഷണക്കുറ്റത്തിന് വേലക്കാരി മച്ചയിൽ സ്വദേശിനി കമലം (65) പിടിയിലായിട്ടുണ്ട്. ദുബായിൽ ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് ജേക്കബ്. ഇപ്പോഴും ഇടയ്ക്ക് ഇയാളും ഭാര്യയും വിദേശത്ത് പോകാറുണ്ട്. ഇവരുടെ മൂന്ന് മക്കളും കുടുംബ സമേതം വിദേശത്ത് തന്നെയാണ് താമസം.

ഗൗരീശപട്ടത്ത് വീട്ടിൽനിന്നാണ് 21 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് കമലത്തെ അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. ജേക്കബും ഭാര്യ കുഞ്ഞമ്മയും 25 വർഷം ദുബായിൽ ജോലി നോക്കിയിരുന്നു. മക്കളെല്ലാം വിദേശത്തായതിനാൽ 78 വയസ്സുള്ള ജേക്കബും 74 കഴിഞ്ഞ കുഞ്ഞമ്മയും മാത്രമായിരുന്നു വീട്ടിൽ. മക്കളെല്ലാവരും വിദേശത്തായതിനാലാണ് വയോധികരായ മാതാപിതാക്കളെ നോക്കുന്നതിനും വീട്ടു ജോലി ചെയ്യുന്നതിനുമായി രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നത്. ഇവിടെ നിന്ന നിരവധി വീട്ടുജോലിക്കാർ ചെറിയ തോതിൽ മോഷണം നടത്തി വന്നിട്ടുണ്ടാകാം എന്ന് തന്നെയാണ് പൊലീസിന്റെയും നിഗമനം.

കഴിഞ്ഞ ഒന്നര വർഷമായി കമലം ഈ വീട്ടിൽ താമസിച്ചാണു ജോലി ചെയ്തിരുന്നത്. ഇവരെക്കൂടാതെ മറ്റൊരു സ്ത്രീയും പകൽ ജോലിക്കുണ്ടായിരുന്നു. വീട്ടുടമകൾ വിദേശത്തായിരുന്ന സമയത്തു പലപ്പോഴായി വാങ്ങിയ നൂറു പവനോളം സ്വർണാഭരണങ്ങൾ വീട്ടിലെ അലമാരയിലാണു സൂക്ഷിച്ചിരുന്നത്. ജേക്കബും ഭാര്യയും വിദേശത്ത് പോയ സമയത്തായിരിക്കാം ഇവർ മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ജേക്കബിന്റെയും ഭാര്യ കുഞ്ഞമ്മയുടേയും അലമാര ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം വേലക്കാരി കമലത്തിന് അറിയാമായിരുന്നു. വിശ്വസ്തയായ ജോലിക്കാരിയായതിനാൽ തന്നെ വിദേശത്ത് പോയപ്പോഴും വീട്ടുകാര്യങ്ങൾ കമലത്തിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്നു വീട്ടുകാർ നൽകിയ പരാതിയിൽ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു ജോലിക്കാരി പിടിയിലായത്. ഇവരുടെ വീട്ടിൽനിന്നു 10 പവനോളം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. പല തവണയായി മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കമലം വിറ്റ് കാശാക്കുകയും പണം സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു.

വീട്ടിൽ നിന്നും വലിയ അളവിൽ സ്വർണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെയാണ് ജേക്കബ് പൊലീസിന് പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്നാണ് പൊലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തത്. തുടർന്നാണ് ഇവർ കുറ്റം സമ്മതിച്ചത്. പിന്നീട് മോഷ്ടിച്ച സ്വർണം എന്ത് ചെയ്തുവെന്ന അന്വേഷണത്തിലാണ് വിറ്റ് കാശാക്കി അക്കൗണ്ടിൽ നിക്ഷേപിച്ച വിവരം പൊലീസിനോട് ഇവർ പറഞ്ഞത്. തുടർന്ന് പൊലീസ് ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പണമിടപാട് നടത്തിയതിന്റെ വിശദാംശങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.