തിരൂർ: മലപ്പുറം തിരൂരിൽ മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ ലോറി തട്ടി മരിച്ചു. തിരൂർ മൂത്തൂർ സ്വദേശിനിയും യുഡിഎഫ് തിരൂർ മണ്ഡലം ചെയർമാനുമായ സി.വി. വേലായുധന്റെ ഭാര്യയുമായ കുഞ്ഞമ്മ (68) ആണ് മരിച്ചത്.

മകനും തിരൂർ മുൻ നഗരസഭാ കൗൺസിലറുമായ സി.വി. വിമൽ കുമാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞമ്മയെ ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. തിരൂർ-ചമ്രവട്ടം റോഡിൽ താഴെപ്പാലം ഐസ് ഫാക്ടറിക്ക് സമീപം രാത്രി ഒമ്പതോടെയാണ് സംഭവം. ബൈക്കിൽ ലോറി തട്ടിയതിനെ തുടർന്ന് റോഡിൽവീണ കുഞ്ഞമ്മ അതേ ലോറിക്കടിയിൽ പെടുകയായിരുന്നു.