- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായത് പെട്ടെന്ന്; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ; ഇതിന് പിന്നിലെ രഹസ്യമറിയാൻ പ്രദേശത്തേക്ക് വൻ ജനപ്രവാഹം; അറബിക്കഥയിലെ പോലെയുള്ള അത്ഭുതത്തിൽ ഇരിക്കൂർ അയിപ്പുഴക്കാർ
കണ്ണുർ: അറബിക്കഥയിലെ പോലെയുള്ള അത്ഭുതത്തിൽ ഞെട്ടി നിൽക്കയാണ് കണ്ണൂർ ജില്ലയിലെ ഇരിക്കുർ ആയിപ്പൂഴ നിവാസികൾ. ഇവിടെ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് അപ്രത്യക്ഷമായപ്പോൾ പൊങ്ങിയത് പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ. 25 കോൽ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്. മാധ്യമം ഓൺലൈനാണ് ഈ സ്തോഭജനകമായ വാർത്ത പുറത്തിവിട്ടത്.
വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണർ ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളിൽ നിന്നും കരച്ചിൽ കേട്ട അയൽവാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോൾ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്?തു.
നാട്ടുകാർ ചേർന്ന് മട്ടന്നൂർ പൊലീസിനേയും അഗ്നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേർന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കുഴിയിൽ വീണ് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക് പതിച്ച സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നതും നാട്ടുകാരിൽ അത്ഭുതമുളവാക്കിയിരിക്കുകയാണ്. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് ജനം ഒഴുകുകകയാണ്.
മറുനാടന് മലയാളി ബ്യൂറോ