ഇടുക്കി: പൊരിച്ച മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60)യെയാണ് ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.മീൻ കഴിച്ചതിന് പിന്നാലെ പരവേശവും തലയിൽ പെരിപ്പും ഉണ്ടാവുകയായിരുന്നു. നടക്കാൻ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവർ പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.

കഴിഞ്ഞ ദിവസം, വാഹനത്തിൽ കൊണ്ടുവന്ന കേര മീൻ പുഷ്പവല്ലി വാങ്ങിയിരുന്നു. അയൽവാസികളും മീൻ വാങ്ങിയെങ്കിലും പുഷ്പവല്ലിക്ക അസ്വസ്ഥ അനുഭവപെട്ടതിനാൽ ഉപയോഗിക്കാതെ ഉപേക്ഷിക്കുകയായിരുന്നു.പുഷ്പവല്ലി ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നു വിവരങ്ങൾ തേടി.

ഇടുക്കിയിൽ മായം കലർന്ന മീനിന്റെ വിൽപ്പന തകൃതിയാവുകയാണ്.ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും അനുഭവപ്പെട്ട ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.

ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പല രാസവസ്തുക്കളും മീനിൽ ചേർക്കാറുണ്ട്. ഇത്തരത്തിൽ മായം ചേർന്ന മീനുകളാണ് ഇടുക്കിയിൽ വില്ലനായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.തമിഴ്‌നാട്ടിൽ നിന്നുമാണ് ജില്ലയിലേക്ക് കൂടുതൽ മീൻ എത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ പറഞ്ഞു. കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽനിന്നും മീൻ എത്തുന്നുണ്ട്.

മീൻ കഴിച്ച വിദ്യാർത്ഥികൾ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന ആരംഭിച്ചിരുന്നു. രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ പലയിടത്തു നിന്നും ചീഞ്ഞ മീനുകൾ പിടിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ 65 കിലോ മീനാണ് നശിപ്പിച്ചത്. 41 ഇടങ്ങളിൽ പരിശോധന നടത്തി.

31 സാംപിളുകൾ പരിശോധനയ്ക്കായി കാക്കനാട്ടേയ്ക്ക് അയച്ചു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.ജില്ലയിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും മീൻ ഇറക്കുന്ന സ്ഥലത്തും പരിശോധന നടത്തുന്നുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മിഷണർ എം ടി. ബേബിച്ചൻ പറഞ്ഞു. ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്.അതേസമയം മായം കലർന്ന മത്സ്യവിൽപ്പന വർധിച്ചതോടെ നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ് രംഗത്തെത്തി.സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ പുതിയൊരു കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷൻ മത്സ്യ' ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ എല്ലാ ജില്ലകളിലും റെയ്ഡുകൾ ശക്തമാക്കി പരിശോധനകൾ ഉറപ്പാക്കും. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതാണ്. അവർക്ക് തന്നെ മായം കണ്ടെത്താൻ കഴിയുന്ന ബോധവത്ക്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ മായം ചേർത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തിൽ മനസിലാക്കാൻ സാധിക്കും.

കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിൽ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ, ശർക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.