മുംബൈ: ഇന്ത്യയിൽ ഇകൊമേഴ്‌സിന് കരുത്തേകിയ ഹൗസിങ് ഡോട്ട് കോമിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങൾക്ക് ആന്റി ക്ലൈമാക്‌സ്. കമ്പനിയിൽ തനിക്കുള്ള സ്വകാര്യ ഓഹരികൾ മുഴുവൻ ജീവനക്കാർക്ക് പകുത്തു നൽകുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടി കമ്പനി സിഇഒയും സ്ഥാപകരിലൊരാളുമായ രാഹുൽ യാദവ് മുന്നോട്ടു വന്നതോടെയാണ് ഹൗസിങ് ഡോട്ട് കോം വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് നടത്തിയ രാഹുലിന്റെ ഈ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കമ്പനിയുടെ 4.5 ശതമാനം ഓഹരിയാണ് സിഇഒ രാഹുലിന് സ്വന്തമായിട്ടുള്ളത്.

ഇരുപത്താറു വയസുമാത്രം പ്രായമുള്ള എനിക്ക് ഇപ്പോൾ ഇത്രയേറെ സ്വത്തിന്റെ ആവശ്യമില്ലെന്നും കമ്പനിയിലെ ജീവനക്കാർക്ക് ഇത് തുല്യമായി പകുത്തു നൽകുകയാണെന്നുമാണ് പ്രസ്താവനയിൽ രാഹുൽ യാദവ് വ്യക്തമാക്കിയിട്ടുള്ളത്. 4.5 ശതമാനം ഓഹരികളിലായി മൊത്തം 150-200 കോടി രൂപയുടെ ആസ്തിയാണ് രാഹുലിനുള്ളത്. ഇത് കമ്പനിയിലെ 2,251 ജീവനക്കാർക്കായിട്ടാണ് തുല്യമായി വീതിച്ചു നൽകാൻ തീരുമാനം. ഓരോരുത്തർക്കും കമ്പനിയിൽ നിലവിലുള്ള വാർഷിക ശമ്പളത്തിന് തുല്യമായ തുക ഇതോടെ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മുംബൈ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ രാഹുലും ആദിത്യ ശർമയും ചേർന്നാണ് 2012ൽ റിയൽ എസ്‌റ്റേറ്റ് ഇ കൊമേഴ്‌സ് സ്ഥാപനമായ ഹൗസിങ് ഡോട്ട് കോം തുടങ്ങുന്നത്. ചുരുങ്ങിയ നാൾ കൊണ്ട് വിജയക്കുതിപ്പു നടത്തിയ സ്റ്റാർട്ട്അപ്പ് കമ്പനികളിലൊന്നാണിത്. എന്നാൽ രാഹുൽ യാദവും കമ്പനി ഡയറക്ടർമാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏപ്രിൽ 30ന് രാഹുൽ രാജിക്കത്ത് നൽകിയിരുന്നു. രാഹുൽ യാദവിന്റെ രാജിക്കത്ത് സോഷ്യൽ മീഡിയയിലും മറ്റും വൻ ചർച്ചാ വിഷയമായതോടെ നിക്ഷേപകരും ഓഹരി ഉടമകളും ഡയറക്ടർ ബോർഡും ചേർന്ന് രാഹുലുമായി ചർച്ച നടത്തി അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു. രാജിക്കത്തിൽ ഡയറക്ടർമാരെ മോശമായി ചിത്രീകരിച്ചതിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജപ്പാനിലെ സോഫ്ട്ബാങ്ക് 90 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവും ഹൗസിംഗിൽ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ ഹൗസിങ് .കോ. ഇൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വെബ് ഡൊമൈനിനു പകരം കുറച്ചു കൂടി സാർവദേശീയമായ ഹൗസിങ്.കോം എന്ന പേര് അഞ്ചു ലക്ഷം യുഎസ് ഡോളർ നൽകി വാങ്ങി.

ഇരുപതുകളിൽ ഉള്ള രാഹുൽ യാദവിന്റെ അപക്വമായ ചില പെരുമാറ്റങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ കമ്പനിയെ കൊണ്ട് ചെന്ന് എത്തിച്ചതെന്ന് പറയപ്പെടുന്നു. വെൻച്വർ ക്യാപിറ്റൽ ഫണ്ടിങ് കമ്പനിയായ സ്വീക്യുയ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ശൈലേന്ദ്ര സിംഗിന്റെ നിക്ഷേപ വാഗ്ദാനവുമായി നടന്ന സോഷ്യൽ മീഡിയ വാക് തർക്കവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.