മെൽബൺ: സിഡ്‌നിയിലേയും മെൽബണിലേയും പൊള്ളുന്ന വീടു വില മൂലം ലോകത്തെ ജീവിതച്ചെലവേറിയ രാജ്യങ്ങളുടെ ലിസ്റ്റിൽ മുൻനിരയിൽ ഓസ്‌ട്രേലിയയും. വീടുവിലയുടെ കാര്യത്തിൽ ഹോങ്കോംഗിന് തൊട്ടുപിന്നിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. ഓസ്‌ട്രേലിയയിൽ ശരാശരി കുടുംബവരുമാനത്തെക്കാൾ 5.6 ഇരട്ടിയാണ് ഇവിടുത്തെ വീടുവില എന്നാണ് റിപ്പോർട്ട്. 

വീടുവിലയിൽ സിഡ്‌നിയും മെൽബണും മുന്നിട്ടു നിൽക്കുമ്പോഴും രാജ്യമെമ്പാടും ഇത്തരത്തിൽ വീടുവിലയുടെ കാര്യത്തിൽ ഏറെ അന്തരമുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അടുത്ത കാലത്ത് സിഡ്‌നി വീടുവിലയിൽ ഉണ്ടായിട്ടുള്ള കുതിപ്പ് ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കുന്നു. സിഡ്‌നി വീടുവിലയും വരുമാനവും തമ്മിലുള്ള അനുപാതം 12 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടിയിരിക്കുകയാണിപ്പോൾ.

സിഡ്‌നിയിൽ നിലവിൽ ഒരു വീടിന് ശരാശരി ഒരു മില്യൺ ഡോളറാണ് വിലമതിക്കുന്നത്. ഇത് ഒരു മിഡ്ഡിൽ ക്ലാസ് കുടുംബത്തിന്റെ ഒരു വർഷത്തെ വരുമാനത്തെക്കാൾ 12.2 ഇരട്ടിയാണിത്. ജീവിതച്ചെലവേറിയ സിറ്റികളുടെ കാര്യത്തിൽ ഹോങ്കോംഗിന് പിന്നിൽ കനേഡിയൻ സിറ്റിയായ വാൻകൂർ ആയിരുന്നെങ്കിൽ 2015 ആ സ്ഥാനം സിഡ്‌നി കൈയടക്കി. വാൻകൂറിൽ നിലവിൽ വീടുവിലയും വരുമാനവും തമ്മിലുള്ള അനുപാതം 10.8 ആയിരിക്കുകയാണ്. നാലാം സ്ഥാനത്ത് മെൽബൺ ആണ്. ഓക്ക്‌ലാൻഡ്, സാൻ ജോസ് എന്നിവിടങ്ങളിലേതു പോലെ തന്നെ 9.7 ആണ് മെൽബണിലും വീടുവിലയും വരുമാനവും തമ്മിലുള്ള അനുപാതം.

വീടുവിലയും കുടുംബവരുമാനവും തമ്മിലുള്ള അനുപാതം 5.1-ൽ കൂടുതലുള്ള സിറ്റികളെ severely unaffordable എന്നും 4.1 മുതൽ അഞ്ചു വരെ അനുപാതമുള്ള സിറ്റികളെ seriously unaffordable എന്നുമാണ് സർവേ നടത്തിയ ഡെമോഗ്രാഫിയ പറയുന്നത്. അനുപാതം മൂന്നിൽ താഴെയുള്ള സിറ്റികളെ affordable എന്നുമാണ് വിലയിരുത്തുന്നത്. ഓസ്‌ട്രേലിയയിലുള്ള പ്രധാന അഞ്ചു മെട്രോപൊളിറ്റൻ സിറ്റികളും കഴിഞ്ഞ 12 വർഷമായി severely unaffordable എന്ന ഗണത്തിലാണ് പെടുന്നത്. എല്ലാ വർഷവും ഇത്തരത്തിൽ പഠനം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതു കണക്കാക്കുക. പെർത്തിലാകട്ടെ ഈ അനുപാതം 6.6 ആയാണ് വിലയിരുത്തുന്നത്. അഡ്‌ലൈഡിൽ 6.4ഉം ബ്രിസ്‌ബേനിൽ 6.1 ഉം ആണ് ഈ അനുപാതം.