- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭവന പദ്ധതിയുടെ മറവിൽ കോടികളുടെ തട്ടിപ്പ്; വിജിലൻസ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി മാസങ്ങളായിട്ടും മലപ്പുറത്തെ ലീഗ് നേതാക്കളെ തൊടാൻ പൊലീസിനു പേടി; കിട്ടാത്ത പദ്ധതിത്തുക തിരിച്ചടയ്ക്കാൻ ഗുണഭോക്താക്കൾക്കു നോട്ടീസ്!
മലപ്പുറം: വിജിലൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും ലീഗ് നേതാക്കളെ തൊടാൻ പൊലീസിനു പേടി. അരീക്കോട് കുഴിമണ്ണ പഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പഞ്ചായത്തംഗങ്ങളായ മുസ്ലിം ലീഗ് നേതാക്കളെയും, വ്യാജ രേഖ ചമച്ച ഉദ്യോഗസ്ഥർക്കെതിരെയുമാണ് കേസെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും
മലപ്പുറം: വിജിലൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും ലീഗ് നേതാക്കളെ തൊടാൻ പൊലീസിനു പേടി. അരീക്കോട് കുഴിമണ്ണ പഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പഞ്ചായത്തംഗങ്ങളായ മുസ്ലിം ലീഗ് നേതാക്കളെയും, വ്യാജ രേഖ ചമച്ച ഉദ്യോഗസ്ഥർക്കെതിരെയുമാണ് കേസെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാതെ പൊലീസ് മൗനം തുടരുന്നത്.
ഉന്നതരായ പ്രതികളെ രക്ഷിക്കാൻ തുക നഷ്ടമായവരുമായി പൊലീസ് തന്നെ ചർച്ച നടത്തിവരികയാണ്. അതേസമയം കേസിൽ ഉൾപ്പട്ടവരെ ചോദ്യം ചെയ്യാനോ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനോ മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് തയ്യാറായിട്ടില്ല.
ഭവന നിർമ്മാണത്തിനായുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ 2012-2013 സാമ്പത്തിക വർഷത്തിലായിരുന്നു പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗക്കാർ ഉൾപ്പടെ അറുപതിലധികം നിർധന കുടുംബങ്ങൾക്ക് ഭവന ധനസഹായം അനുവദിച്ചത്. എന്നാൽ മാസങ്ങൾ കാത്തിരുന്നെങ്കിലും അനുവദിച്ച തുക ഗുണഭോക്താക്കളുടെ കൈകളിൽ എത്തിയില്ല. ലീഗ് പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥരുടെ സഹാത്തോടെ കൃത്രിമ രേഖ ചമക്കുകയും പണം കൈപ്പറ്റുകയുമായിരുന്നു. ലീഗിന്റെ വനിതാ അംഗങ്ങളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വനിതാ ലീഗ് അംഗങ്ങളെ ഉപയോഗിച്ച് പുരുഷ നേതാക്കൾ പണം മുക്കുകയായിരുന്നെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഭവന പദ്ധതി തട്ടിപ്പിന്റെ ചുരുളഴിഞ്ഞാൽ കോടികളുടെ അഴിമതി പുറത്തുവരുമെന്നതിൽ സംശയമില്ല. അപേക്ഷകർ അറിയുക പോലും ചെയ്യാതെ വ്യാജ രേഖകളുണ്ടാക്കിയായിരുന്നു പണം തട്ടിയത്. പഞ്ചായത്തിലെ ആശവർക്കർമാർ, കുടുംബശ്രീ അംഗങ്ങൽ എന്നിവരെ ഉപയോഗപ്പെടുത്തി അപേക്ഷകരുടെ ബന്ധുക്കളാണെന്ന് ബ്ലോക്ക് പഞ്ചായത്തിൽ ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തികച്ചും നിർധനരും സാധാരണക്കാരുമായ അർഹതപ്പെട്ടവർക്ക് കിട്ടേണ്ടതിനു പകരം പഞ്ചായത്തംഗങ്ങളും പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന കൂട്ടുകെട്ട് തുക വീതം വെയ്ക്കുകയായിരുന്നു. വേലി തന്നെ വിളവ്തിന്നുന്ന അവസ്ഥയായിരുന്നു കുഴിമണ്ണയിൽ അരങ്ങേറിയത്.
തുക ലഭിക്കാതായതോടെ അപേക്ഷകരിലൊരാളായ കല്യാണി മലപ്പുറം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് കേസ് വിജിലൻസ് കോടതിയിലെത്തുകയും പിശോധനയിൽ പത്തോളം പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ഉദ്യാഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പഞ്ചായത്ത് ഹെഡ്ക്ലാർക്ക് ദിനേഷ്‌ലാൽ, സെക്ഷൻ ക്ലാർക്ക് രമ്യാ ജി ദാസ്, വിഇഒ മിനിമോൾ, ബിഡിഒ ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട ലീഗ് നേതാക്കളടങ്ങുന്ന മറ്റു പ്രതികൾക്കെതിരിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഭവനപദ്ധതി ഗുണഭോക്താക്കളുടെ പേരിൽ വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെടുത്തതിന്റെ പേരിൽ കുറ്റക്കാരായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷൈല ഗഫൂർ, മുൻ വൈസ് പ്രസിഡന്റ് പാറശ്ശേരി അലവി, എക്സ്റ്റൻഷൻ ഓഫീസർ കെ.പി മിനിമോൾ, പഞ്ചായത്ത് അംഗങ്ങളായ നെല്ലിക്കുത്ത് മറിയ, പാറശ്ശേരി ആഴിശ ബീവി, കെ.പി അബ്ദുറസാഖ്, കെ.പി കുഞ്ഞുമ്മു എന്നിവർക്കെതിരെയാണ് തൃശ്ശൂർ വിജിലൻസ് കോടതി കെസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
അതേ സമയം ഭവന പദ്ധതിക്കായി അപേക്ഷ സമർപ്പിച്ച അറുപതിലധികം കുടുംബങ്ങൾക്ക് റവന്യു റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ട്. ഭവന നിർമ്മാണം നടത്താത്തതിന്റെ പേരിൽ തുക തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം സ്വത്ത് പിടിച്ചെടുക്കുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. കൈപറ്റാത്ത തുകയുടെ പേരിൽ നടപടി നേരിടേണ്ടി വന്നിരിക്കുകയാണ് ഈ കുടുംബങ്ങൾ. ഇത് ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടാൻ ആഴ്ചകൾമാത്രം ബാക്കി നിൽക്കെയാണ് ജനപ്രതിനിധികൾ മുക്കിയ കോടികളുടെ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നത്. പ്രതികൾ ഉന്നതരും ഉന്നത ബന്ധമുള്ളവരുമായതോടെയാണ് കേസ് തുമ്പില്ലാതെ പോകുന്നത്. ലീഗിന് വ്യക്തമായ സ്വാധീനമുള്ള അരീക്കോടും പരിസര പ്രദേശങ്ങളിലും ഭവനപദ്ധതി തട്ടിപ്പ് വരുന്ന തെരഞ്ഞെടുപ്പിൽ ഏറെ തിരിച്ചടിയാകും.