മെൽബൺ: കുതിച്ചുയരുന്ന വീടു വില നിയന്ത്രിക്കേണ്ടതാണ് ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാർ ചെയ്യേണ്ടതെന്ന് റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസ്. പലിശ നിരക്ക് റെക്കോർഡ് താഴ്‌ച്ചയിൽ എത്തിയിട്ടും അതിന്റെ ഗുണമൊന്നും സാധാരണക്കാരിൽ എത്താത്തത് വർധിച്ച വീടുവില കാരണമാണെന്നും വീടുവാങ്ങാൻ ഒരുങ്ങുന്നവരുടെ ഏറ്റവും വലിയ ശത്രു മാനം മുട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന വീടുവിലയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ബൈ ആനുവൽ കമ്മിറ്റിയാണ് സ്റ്റീവൻസ് ഇക്കാര്യം എടുത്തുപറഞ്ഞത്.

പലിശ നിരക്ക് 25 അടിസ്ഥാന പോയിന്റെ കുറച്ച് 2.25 ശതമാനത്തിലാണ് ഇപ്പോൾ. ഓസ്‌ട്രേലിയൻ ഡോളർ മൂല്യം ഇടിഞ്ഞതും സമ്പദ് രംഗം ശരാശരിക്കു താഴെ മാത്രം വളർച്ചാ നിരക്ക് പ്രകടിപ്പിച്ചതും നാണ്യപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചത്ര ഉയരാത്തതുമാണ് പലിശ നിരക്കിൽ വീണ്ടും കുറവു വരുത്താൻ ആർബിഎ നിർബന്ധിപ്പിച്ചത്. എന്നാൽ പലിശ നിരക്ക് ഏറെ താഴ്ന്നിട്ടും അതിന്റെ ഗുണം ഉപയോക്താക്കളിൽ എത്തണമെങ്കിൽ വീടുവിലയിൽ കുറവ് വന്നാലേ സാധ്യമാകൂ. ലാൻഡിന്റെ ലഭ്യതക്കുറവും ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവവുമാണ് വീടുവില ഉയർത്തുന്നത്. പ്രത്യേകിച്ച് സിഡ്‌നിയിൽ. ഭൂമി ഏറെ ലഭ്യമായിട്ടുള്ള ഓസ്‌ട്രേലിയ പോലെയുള്ള രാജ്യത്ത് വീടു വില കുറയ്ക്കാനുള്ള നടപടികളിലേക്ക് സർക്കാർ തിരിയണമെന്നും ഗ്ലെൻ സ്റ്റീവൻസ് എടുത്തുപറഞ്ഞു.

ഏതാനും വർഷങ്ങളായി വീടു വാങ്ങുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തുന്നത്. പലിശ നിരക്ക് ഇത്രയേറെ താഴ്ന്നു നിന്നിട്ടും വീടുവിപണിയിൽ നിന്ന് ആൾക്കാർ വിട്ടുനിൽക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതേസമയം നികുതി ഇളവും ആദ്യമായി വീടുവാങ്ങുന്നവർക്ക് ഗ്രാന്റും ഏർപ്പെടുത്തുന്നതിനോട് ഗവർണർ പക്ഷേ എതിർപ്പു പ്രകടിപ്പിച്ചു. ഇത് വീടുവില വീണ്ടും ഉയർത്തുകയേയുള്ളൂവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പുതുതായി വീടു വയ്ക്കാനുള്ള ഭൂമികണ്ടെത്തുകയും ഇതിനുള്ള ഇൻഫ്രാസ്ട്രക്ടചർ നേടുകയുമാണ് ചെയ്യേണ്ടതെന്നാണ് ഗവർണർ പറയുന്നത്. കൂടാതെ പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയിൽ കൂടുതൽ നിക്ഷേപത്തിന് സാധ്യതയൊരുക്കുന്നതാണ് മറ്റൊരു പ്രധാനകാര്യമെന്നും ഡെപ്യൂട്ടി ആർബിഎ ഗവർണർ ഫിലിപ്പ് ല്യൂ ചൂണ്ടിക്കാട്ടി. കെട്ടിടം പണിയാൻ സൗകര്യമുള്ള ഭൂമി കണ്ടെത്തി അവിടങ്ങളിലേക്ക് പൊതുയാത്രാ സൗകര്യം വർധിപ്പിക്കുകയും ചെയ്താൽ ഹൗസിങ് വിപണിയെ കരകയറ്റാൻ സാധിക്കും. സിഡ്‌നിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വർധിച്ച വീടുവിലയിൽ സ്റ്റീവൻസ് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഈ മാസം ചേരുന്ന ആർബിഎ മീറ്റിംഗിൽ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.