ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ 34-ാമത് ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി.

ഡിസംബർ 25ന് വൈകുന്നേരം അഞ്ചു മുതൽ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

ഹൂസ്റ്റണിലെ 18 ഇടവകകളിൽനിന്നുള്ള പ്രതിഭകൾ ആഘോഷ പരിപാടികളിൽ ഐസിഇസിഎച്ച് ക്വയർ അംഗങ്ങളും വൈദികരും അതിഥികളും വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

വൈസ് പ്രസിഡന്റ് ഫാ. ഏബ്രഹാം സഖറിയ ആമുഖ പ്രസംഗം നടത്തി. റവ. സഖറിയ പുന്നൂസ് കോർഎപ്പിസ്‌കോപ്പ പ്രാരംഭ പ്രാർത്ഥന നടത്തി. തുടർന്നു ഫാ. ജോസഫ് കല്ലാടന്റെ നിര്യാണത്തിൽ അനുശോചിച്ചു. സെക്രട്ടറി ഡോ. അന്ന കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ. സഖറിയ പുന്നൂസ് കോർഎപ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. അലീന സന്തോഷ്, രാഹുൽ വർഗീസ് എന്നിവർ വേദഭാഗങ്ങൾ വായിച്ചു.

ചടങ്ങിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മുഖ്യാഥിതിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകി. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സ്‌തോത്രകാഴ്ചയെപ്പറ്റി റവ. ഡോ. സജു മാത്യു പ്രസ്താവന നടത്തി. റവ. കെ.ബി. കുരുവിള പ്രാർത്ഥന നടത്തി. എക്യുമെനിക്കൽ കമ്യൂണിറ്റിയുടെ ഭാവിപരിപാടികളെപ്പറ്റി പിആർഒ റവ. കൊച്ചു കോശി ഏബ്രഹാം പ്രസ്താവന നടത്തി.

യൂത്ത് ബാൻഡിന്റെ പ്രയിസ് ആൻഡ് വർഷിപ്പിനുശേഷം യുവജനങ്ങൾക്കുവേണ്ടി എമിൽ സൈമൺ ക്രിസ്മസ് സന്ദേശം നൽകി. കൾച്ചറൽ പ്രോഗ്രാമിൽനിന്നും സമാഹരിച്ച പണം ട്രഷറർ റോബിൻ ഫിലിപ്പും റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്‌കോപ്പയും ചേർന്ന് സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് വികാരി റവ. അൽഫാ വർഗീസിനെ എൽപ്പിച്ചു. സിഎസ്‌ഐ സഭയുടെ ഒഡീഷ മിഷനുവേണ്ടി ഈ തുക വിനിയോഗിക്കും.

തുടർന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. ട്രഷറർ റോബിൻ എം. ഫിലിപ്പ് നന്ദി പറഞ്ഞു. ഇന്ദിര ജയിംസ്, ജോർഡി ഡാനിയേൽ എന്നിവർ എംസിമാരായിരുന്നു. ഫാ. ബിനു ജോസഫിന്റെ പ്രാർത്ഥനയോടെ ആഘോഷങ്ങൾ സമാപിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി