ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂസ്റ്റൺ കേരള റൈറ്റേഴ്‌സ് ഫോറം ജൂലൈ 17 ന് ഹ്യൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിൽ നിന്നെത്തിയ ''പാടും പാതിരി'' എന്നറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞൻ ഫാ. പോൾ പൂവത്തിങ്കലിന്റെ സംഗീതാവിഷ്‌കാരമായിരുന്നു ഇപ്രാവശ്യത്തെ മുഖ്യയിനം. തൃശ്ശൂർ 'ചേതന' മ്യൂസിക് അക്കാദമിയുടെ പ്രിൻസിപ്പൽ കൂടിയായ ഫാ. പോൾ പൂവത്തിങ്കൽ കർണ്ണാട്ടിക് സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വ്യത്യസ്ത വഴികളെപ്പറ്റി വിശദമായി സംസാരിച്ചു. ഹൃദയഹാരിയായ ഏതാനും ഗാനങ്ങൾ ആലപിക്കാനും അദ്ദേഹം മറന്നില്ല. പ്രശസ്ത ഗ്രന്ഥകർത്താവായ ജോൺ കുന്തറയുടെ പുതിയ ഇംഗ്ലീഷ് നോവൽ ''നയൻ ഡെയിസ് എ റെസ്‌ക്യുമിഷൻ'' ഫാ. പോൾ പൂവത്തിങ്കലിന് നൽകി പ്രകാശനം ചെയ്തു.

കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിദ്ധ സാഹിത്യകാരൻ പീറ്റർ ജി. പൗലോസ് മോഡറേറ്ററായി പ്രവർത്തിച്ചു. എ.സി. ജോർജ്ജ് അമേരിക്കൻ മലയാളി പ്രസ്ഥാനങ്ങളേയും വ്യക്തികളേയും അവരുടെ അനുദിന ജീവിത രീതികളേയും പശ്ചാത്തലമാക്കി സാങ്കൽപിക കഥാപാത്രങ്ങളെ കോർത്തിണക്കി രചിച്ച നർമ്മ ചിത്രീകരണം ക്രിയാത്മകമായ ചർച്ചയ്ക്കും ആസ്വാദനത്തിനും പാത്രമായി. ദേവരാജ് കാരാവള്ളിയുടെ പ്രബന്ധം മലയാളഭാഷാ സാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും എന്ന വിഷയത്തെ അധീകരിച്ചായിരുന്നു. വളരെ ഹ്രസ്വമായി എഴുതി അവതരിപ്പിച്ച ഈ പ്രബന്ധം പഠനാർഹമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. മാത്യു മത്തായിയുടെ ''ബ്രൗൺ ബാഗ്'' എന്ന മിനിക്കഥ ചില അമേരിക്കൻ മലയാളികൾ ഭാര്യയെ ഭയന്ന് വളരെ ഗോപ്യമായി ബ്രൗൺ ബാഗിൽ മദ്യം കളവായി കടത്തി പാനം ചയ്യുന്നതിനെപ്പറ്റിയായിരുന്നു. ജോസഫ് തച്ചാറയുടെ ''രാജി'' എന്ന ചെറകഥയും ഉദ്വേഗജനകമായിരിക്കുന്നു.

പതിവുപോലെ ചർച്ചയിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തുകാരും, നിരൂപകരും, ചിന്തകരുമായ മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, മാത്യു മത്തായി, എ.സി. ജോർജ്ജ്, ദേവരാജ് കാരാവള്ളിൽ, പീറ്റർ ജി. പൗലോസ്, ജോസഫ് പൂന്നോലി, മാത്യു കുരവക്കൽ, മേരി കുരവക്കൽ, ബോബി മാത്യു, ബി. ജോൺ കുന്തറ, ജോസഫ് തച്ചാറ, വൽസൻ മഠത്തിപറമ്പിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, ജോർജ്ജ് പാംസ്, റോയി അത്തിമൂട്ടിൽ, ആനി ജോസഫ്, നിക്ക് ജോസഫ്, ശ്രീപിള്ള, ശങ്കരൻകുട്ടി, ഷിബു ടോം, തോമസ് സെബാസ്റ്റ്യൻ, മേരിക്കുട്ടി കുന്തറ, സുരേന്ദ്രൻ കോരൻ, പൊന്നുപിള്ള, ജി.കെ. പിള്ള, മോട്ടി മാത്യു, ജോസഫ് ചാക്കോ, ഈശോ ജേക്കബ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സംസാരിച്ചു.