ഹ്യൂസ്റ്റൻ: ലോക മലയാളികൾ ഓണമാഘോഷിക്കുന്ന സെപ്റ്റംബർ മാസത്തിലെ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ സമ്മേളനവും സാഹിത്യ ആസ്വാദന, നിരൂപണ ചർച്ചകൾക്കു പുറമെ ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങൾക്കു കൂടെ വേദിയായി. സെപ്റ്റംബർ 25-ാം തീയതി വൈകുന്നേരം ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ കേരള തനിമയാർന്ന വേഷവിധാനങ്ങളോടെയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം അംഗങ്ങൾ എത്തിയത്. കേരളാ റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ മാത്യു നെല്ലിക്കുന്ന് ഏവരേയും പ്രതിമാസ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
സാഹിത്യ ചർച്ചാ സമ്മേളനത്തിന്റെ മോഡറേറ്റർ എ.സി. ജോർജ് ആയിരുന്നു. ജോസഫ് തച്ചാറ എഴുതിയ ഉത്തരിപ്പുകടം എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു.

ആളുകളെ അതിവിദഗ്ദമായി ചതിച്ചും പറ്റിച്ചും കോടികൾ കൊയ്യുന്ന മനഃസാക്ഷിയില്ലാത്ത ചില ബിസിനസ്സ് അധോലോക നായകരെ പറ്റിയായിരുന്നു കഥ. അവർക്ക് ഈശ്വരനോടും വഞ്ചിതരായ പൊതുജനത്തോടും ഒരു തരം ഉത്തരിപ്പു കടമുണ്ടെന്നു സ്ഥാപിച്ചെടുക്കുകയായിരുന്നു കഥാകൃത്ത്. തുടർന്ന് തോമസ് കാളശേരിയുടെ യുദ്ധഭൂമി എന്ന കവിത കാലാകാലങ്ങളിൽ മതത്തിന്റേയും ദൈവത്തിന്റേയും പേരിലുള്ള മനുഷ്യകുരുതിയെ പറ്റിയുള്ളതായിരുന്നു. അപ്രകാരം അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട തന്റെ അരുമപുത്രന്റെ ചേതനയറ്റ ശവശരീരം മടിയിൽ കിടത്തി അശരണയായ ഒരു പെറ്റമ്മയുടെ വിലാപങ്ങൾ കാൽവരി കുന്നിൽ മാത്രമല്ല ഇന്നും ആവർത്തിക്കപ്പെടുന്നു എന്ന് കവി സമർത്ഥിക്കുന്നു. ഡിട്രൊയിറ്റിൽ നിന്നുള്ള അബ്ദുൾ പുന്നയൂർകുളത്തിന്റെ അശരീരി എന്ന കവിത, ഈശൊ ജേക്കബ് പാരായണം ചെയ്തു.

ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സാഹിത്യകാര•ാരും ചിന്തകരുമായ ജോൺ മാത്യു, മാത്യു നെല്ലിക്കുന്ന്, എ.സി. ജോർജ്, ജോസഫ് പൊന്നോലി ദേവരാജ് കുറുപ്പ്, ഡോക്ടർ മാത്യു വൈരമൺ, തോമസ് കാളശേരി, ബാബു കുരവക്കൽ, ജോൺ കുന്തറ, ജയിംസ് ചാക്കൊ, ജേക്കബ് ഈശോ, ഇന്ദ്രജിത് നായർ, മോട്ടി മാത്യു, ബോബി മാത്യു, ജോസഫ് തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്, റോഷൻ ഈശൊ, തോമസ് കാളശേരി, മേരികുട്ടി കുന്തറ, മോളി ജോർജ് തുടങ്ങിയവർ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി പാടിപതിഞ്ഞ പഴയകാല ഗോൾഡൻ ഹിറ്റുകൾ പാടി ഇന്ദ്രജിത് നായർ, ബോബി മാത്യു, ജോസഫ് പൊന്നോലി, തോമസ് കാളശേരി, ജോസഫ് തച്ചാറ എന്നിവർ ആഘോഷത്തെ സമ്പുഷ്ടമാക്കി. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.