സൗദിയുടെ തെക്കൻ മേഖലയായ നജ്‌റാനിൽ ഹൂതി വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ ഭയന്ന് കഴിയുകയാണ് സമൂഹം. മലയാളികളും ഏറെ പേർ താമസിക്കുന്ന നജ്‌റാനിൽ ഇന്നലെ ഉച്ചക്കുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായും ഏതാനും പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

യെമൻ അതിർത്തിയോട് ചേർന്നുള്ള നഗരമാണ് നജ്‌റാൻ. ആറ് ഷെല്ലുകളാണ് ഇന്നലെ നഗരത്തിൽ പതിച്ചത്. സർക്കാർ ഓഫീസുകൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

സ്‌കൂളുകളിൽ ആളില്ലാത്ത സമയത്ത്് ആക്രമണം ഉണ്ടായത് വൻ അപകടം ഒഴിവാക്കി. ആക്രമണത്തെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വകുപ്പ് മന്ത്രി അസാം അദഖീൽ അറിയിച്ചു. സെക്കന്ററി വിഭാഗത്തിന്റെ പരീക്ഷ നേരത്തെ നടത്തി അധ്യയന വർഷം അവസാനിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ആക്രമണത്തെ തുടർന്ന് പലയിടത്തും റോഡുകളിൽ വിള്ളലുണ്ടായി. വൈദ്യുതി ബന്ധം തകരാറിലായി.  ആഭ്യന്തര വിമാന സർവീസുകൾ നിർത്തി വച്ചിട്ടുണ്ട്.