കൊച്ചി: മീടൂ ആരോപണത്തിൽ പൊലീസ് കേസെടുത്ത പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഒരു വിവാഹ മേക്കപ്പിനായി വാങ്ങുന്നത് അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ്. സിനിമാ താരങ്ങളുടെ മേക്കപ്പ് ജോലികൾ ചെയ്ത് പ്രസിദ്ധനായ ഇയാൾ മുൻപ് പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ മേക്കപ്പ് മാനായിരുന്നു. ചാനൽ ബന്ധം ഉപയോഗിച്ച് താരങ്ങളുടെ മേക്കപ്പ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധി നേടുകയും പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ കൂടുതലും കസ്റ്റമേഴ്സിന് സമ്പാദിച്ചത്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുൻനിര നടമാരുടെ മേക്കപ്പ് ആർട്ടിസ്റ്റാണെന്ന് മനസ്സിലാക്കി നിരവധി പേർ ഇയാളുടെ അടുക്കലേക്ക് എത്തി. ഉന്നത കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഏറെയും എത്തിയത്. തുടക്ക കാലത്ത് തന്നെ, അതായത് 2015 മുതൽ ഇയാൾ ഒരു വിവാഹ മേക്കപ്പിന് മുപ്പതിനായിരം രൂപ മുതലായിരുന്നു വാങ്ങിയത്. ഇത്രയും കൂടുതൽ തുക വാങ്ങുന്നതും പോരാഞ്ഞിട്ടായിരുന്നു ശാരീരിക പീഡനവും ഇയാൾ നടത്തിയിരുന്നത്.

വൈറ്റിലയ്ക്ക് സമീപം ചക്കരപറമ്പിലാണ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോ. സുന്ദരികളായ പെൺകുട്ടികളെ മാത്രമാണ് അനീസ് മേക്കപ്പ് ചെയ്തിരുന്നത്. മറ്റുള്ളവരെ മറ്റ് ജോലിക്കാരുമാണ് മേക്കപ്പ് ചെയ്തിരുന്നത്. മേക്കപ്പ് ചെയ്യുമ്പോൾ അനീസ് മാത്രമായിരിക്കും പെൺകുട്ടികൾക്കൊപ്പം ഉണ്ടാവുക. ആ റൂമിലേക്ക് കൂടെയുള്ളവരെയോ മറ്റ് ജോലിക്കാരെയോ കയറ്റിയിരുന്നില്ല. ഈ അവസരം മുതലാക്കിയാണ് ഇയാൾ സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികാതിക്രമം കാട്ടിയിരുന്നത്. പലരും വിവാഹ തലേന്ന് മേക്കപ്പ് ചെയ്യാൻ വരുന്നതു കൊണ്ട് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നില്ല.

കാരണം അടുത്ത ദിവസം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടക്കുന്നു എന്നതിനാലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കി മറ്റുള്ളവർ അറിഞ്ഞാൽ വിവാഹം മുടങ്ങുമോ എന്നും ഭയന്നിരുന്നു. അതിനാൽ ആരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴി പലരും മീടു ആരോപണം ഉന്നയിച്ചെത്തിയതോടെയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായ പലരും പരാതിയുമായി രംഗത്തേക്ക് വന്നത്.

പരാതിയുടെ പുറത്ത് അനാസാരിക്കെതിരെ പൊലീസ് കേസെടുത്തതോടെ മുൻകൂറായി വിവാഹത്തിന് മേക്കപ്പിന് പണം കൊടുത്തവർ ചക്കരപറമ്പിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തി പണം തിരികെ വാങ്ങാൻ കൂട്ടമായി എത്തുകയാണ്. ഇത് വലിയ സംഘർഷമായതോടെ പൊലീസ് സ്ഥലത്തെത്തി പണം കൃത്യമായി തിരികെ ലഭിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചു. എങ്കിലും ഇപ്പോഴും പലരും ഇവിടേക്ക് കൂട്ടമായെത്തുകയാണ്.

രണ്ട് ദിവസമായി സ്റ്റുഡിയോ അടച്ചിട്ട നിലയിലാണ്. പല സ്റ്റാഫുകളും ഇവിടേക്ക് ഇപ്പോൾ എത്തുന്നുമില്ല. പൊലീസ് കേസ് ഭയന്നാണ് എത്താത്തത് എന്നാണ് ലഭിക്കുന്ന വിവരം. ദുബായിൽ ഒരു മേക്കപ്പിന്റെ ആവശ്യത്തിനായി സുഹൃത്തിനൊപ്പം പോയി മടങ്ങിവന്ന അൻസാരി ഇപ്പാൾ കൊച്ചിയിൽ തന്നെ ഒളിവിൽ കഴിയുകയാണ്. അൻസാരിയെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇയാളെ പൊലീസ് പിടകൂടുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അനീസ് കൊച്ചിയിൽ എത്തിയെന്ന നിഗമനത്തിൽ അൻസാരി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ യുവതിയുടെ പരാതിയിലും പൊലീസ് കേസെടുക്കും. ഓൺലൈനായി മൊഴി രേഖപ്പെടുത്തി ശേഷമാകും പുതിയ കേസ് രജിസ്റ്റർ ചെയ്യുക. ഗുരുതര ആരോപണമാണ് യുവതി ഉന്നയിക്കുന്നത്.

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഒൻപതു മണിയോടുകൂടിയാണ് ഇമെയിലിലൂടെ കമ്മീഷണർക്ക് പരാതി നൽകിയത്. വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അനീസ് അൻസാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാൽ പരാതി നൽകാൻ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു.

എന്റെ വിവാഹം നടന്നത് 2015 ഏപ്രിൽ 25നാണ്. ട്രയൽ മേക്കപ്പിനായി അനീസ് അൻസാരിയുടെ സ്റ്റുഡിയോയിൽ പോയി. അന്ന് എല്ലാം നന്നായി തീർന്നു. എന്നാൽ വിവാഹ ദിവസം എനിക്ക് സാരിയും ബ്ലൗസും അണിയാൻ സഹായികളെ അയൾ ചുമതലപ്പെടുത്തി. അതിന് ശേഷം മെയ്ക്കപ്പ് ചെയ്യാനായി റൂമിലേക്ക് കൈാണ്ടു പോയി. സ്തനങ്ങൾക്കിടയിലുള്ള ഭാഗത്ത് മെയ്ക്കപ്പ് ചെയ്യുന്നതിനിടെ അയാൾ എന്റെ സ്തനങ്ങളിൽ അമർത്തി. അതിന് ശേഷം പിടിച്ച് മുന്നോട്ട് വലിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് അയാൾ ചെയ്തു.

അതിന് ശേഷം മെയ്ക്കപ്പ് അവസാനിച്ചു എന്ന് പറയുകയും ചെയ്തു. അതിന് ശേഷം ചെവിയിൽ പറഞ്ഞ രഹസ്യവും ഞെട്ടിച്ചു. ടവൽ മാറ്റിയാൽ വയറിലും മെയ്ക്കപ്പ് ചെയ്തു തരാമെന്നായിരുന്നു അയാൾ പറഞ്ഞത്. അപ്പോൾ ഒരണ്ണം കൊടുക്കണമെന്ന് മനസ്സു പറഞ്ഞു. പക്ഷേ ചെയ്തില്ല. അടി കൊടുത്താൽ അയാൾ മെയ്ക്കപ്പ് പൂർത്തിയാക്കാതെ പ്രശ്നമുണ്ടാക്കി വിവാഹം അലങ്കോലപ്പെടുമോ എന്നതായിരുന്നു ഭയം. 31,000 രൂപയാണ് മെയ്ക്കപ്പിന് വേണ്ടി അയാൾക്ക് നൽകിയത്. ഫോണിലൂടെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാം. മെയിലിലൂടെ അത് വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. ഓസ്ട്രേലിയയിലാണ് താനുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.

യുവതി കമ്മീഷണർക്കാണ് പരാതി നൽകിയത്. എന്നാൽ, പരാതി സൈൻഡ് കോപ്പി അല്ലാത്തെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നുകാട്ടിയാണ് പരാതി. ഒരാഴ്ചമുമ്പ് യുവതികൾ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.