ചേർത്തല: ഭാര്യയുമൊത്ത് ചേർത്തലയിൽ നിന്നും മലകയറാനെത്തിയ വിജിത്ത് ചേർത്തലയിലെ സ്ഥിരം പ്രശ്‌നക്കാരൻ. വിജിത്ത് അടുത്ത ബന്ധുക്കൾ പോലും അറിയാതെയാണ് ഭാര്യ അഞ്ജുവുമായി ഇയാൾ ശബരിമലയിൽ എത്തിയത്. കുടുംബ ക്ഷേത്രത്തിൽ നിന്നാണ് കെട്ടു മുറുക്കിയത്. രാവിലെ ചിറ്റപ്പന്റെ വീട്ടിൽ ചെന്ന് കെട്ടി മുറുക്കാനായി വെറ്റില വാങ്ങിയിരുന്നു. ചിറ്റപ്പനോടും എവിടേക്കാണ് യാത്രയെന്ന് പറഞ്ഞിരുന്നില്ല.

വിജിത്ത് തന്നെയാണ് ഭാര്യയ്ക്കും മക്കൾക്കുമുള്ള ഇരുമുടികൾ കൂടി കെട്ടി നിറച്ചത്. എന്നാൽ ഭാര്യയോട് പോലും അവരേയും കൊണ്ടാണ് മലയ്ക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എല്ലാം കഴിഞ്ഞാണ് ഭാര്യയെ നിർബന്ധിച്ച് ഇയാൾ കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു. കാറിൽ കയറ്റിയാണ് കൊണ്ടു പോയത്. പിന്നീട് ബസിൽ യാത്രയായി. അടുത്ത ബന്ധുക്കളും നാട്ടുകാരും പോലും ഇവർ ശബരിമലയിൽ എത്തിയതായി വാർത്തകൾ വന്നതോടെയാണ് അറിയുന്നത്. ഇതോടെ നാമജപ പ്രതിഷേധവുമായി ജനക്കൂട്ടം ഇവരുടെ വീടിനു മുന്നിലെത്തി. വീട് അടിച്ച് തകർത്തതായും റിപ്പോർട്ടുണ്ട്.

വിജേഷ് എന്ന അഭിലാഷ് കൊലക്കേസ് പ്രതിയുമാണ്. 2002ൽ നടന്ന കിളിയാച്ചൻ കൊലക്കേസിലെ 21-ാം പ്രതിയാണ് വിജീഷ്. കൂടാതെ ബൈക്ക് മോഷണം, ചാരായം വാറ്റ് തുടങ്ങിയ കേസിലും പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണ് വിജിത്ത്. 2002ലെ ഓണത്തിനാണ് കിളിയാച്ചൻ കൊല്ലപ്പെടുന്നത്. ആലപ്പുഴ സ്വദേശിയായ കിളിയാച്ചൻ സുഹൃത്തായ തിരുവിഴ സ്വദേശി മോനിച്ചൻ എന്ന സുഹൃത്തിന്റെ വീട്ടിൽ താമസത്തിനെത്തിയായിരുന്നു.

സിപിഎം അനുഭാവിയായിരുന്നു മോനിച്ചൻ. സിപിഎമ്മുകാർ തമ്മിലെ വൈര്യമായിരുന്നു കിളിയാച്ചന്റെ കൊലപാതകതത്തിൽ കലാശിച്ചത്. മോനിച്ചനെ ലക്ഷ്യം വെച്ചു വന്ന വിജിത്തും സംഘവും കിളിയാച്ചനെ കൊലപ്പെടുത്തുക ആയിരുന്നു. രാഷ്ട്രീയ പ്രവർത്തകനായ മോനിച്ചൻ സിപിഎം അനുഭാവികളായ മറ്റ് ചിലരുമായി വെള്ളമടിച്ച ശേഷം വഴക്കിലായി. ഉൾപാർട്ടി രാഷ്ട്രീയ തർക്കമായിരുന്നു വഴക്കിലേക്ക് നയിച്ചത്. അനുനയത്തിലായ സംഘം പിരിയുകയും ചെയ്തു. തുടർന്ന് വിജിത്തും സംഘവും മോനിച്ചനെ കൊലപ്പെടുത്തുന്നതിനായി തിരുവിഴയിലുള്ള മോനിച്ചന്റെ വീട്ടിലെത്തി. ആ സമയം മോനിച്ചൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പകരം കിളിയാച്ചനെ വിജിത്തും സംഘവും വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.

ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു കിളിയാച്ചൻ. ഈ കേസിൽ ഒന്നര മാസത്തോളം വിജിത്ത് ജയിലിൽ കിടന്നിട്ടുമുണ്ട്. നാട്ടിലെ സ്ഥിരം തരികിടയായ വിജിത്തിനെ കുറിച്ച് നാട്ടുകാർക്കും വലിയ അഭിപ്രായമില്ല. 2000ത്തിൽ ചാരായ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. വീട്ടിൽ ചാരായം ഉണ്ടാക്കി വിറ്റിരുന്ന വിജിത്തിനെ പിടികൂടാനായി എക്സൈസ് സംഘം വീട്ടിലെത്തി. ഇറങ്ങി ഓടിയ ഇയാൾക്ക് പകരം അന്ന് ലോക്കൽകമ്മറ്റി അംഗമായ ചേട്ടനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചേർത്തല അരീപ്പറമ്പ് ലോക്കൽ സെക്രട്ടറിയാണ് ഇന്ന് വിജിത്തിന്റെ സഹോദരൻ വിനോദ്.

അതേസമയം, യുവതിയെ കൊണ്ടുവന്നത് ജോലിയും പണവും വാഗ്ദാനം ചെയ്‌തെന്ന് ആരോപണം ഉണ്ട്. അരീപ്പറമ്പ് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം നൽകിയാണ് യുവതിയെ സന്നിധാനത്തേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നാണ് സംഘപരിവാറുകാർ ആരോപിക്കുന്നത്. കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി തന്നെയാണ് ബാങ്ക് പ്രസിഡന്റ്. ചേർത്തലയിലെ യുവതിയുടെ വീട്ടിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഇന്നലെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ യുവതിയുടെ വീട്ടിലേക്ക് നാമജപയാത്ര നടത്തിയിരുന്നു. വീടിന് നേരെ ആക്രമണവും ഉണ്ടായി.

ശബരിമല ദർശനത്തിനെത്തിയ അഞ്ജുവിനെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചയച്ചത്. കുടുംബത്തോടൊപ്പമാണ് ഇവരെ മടക്കി അയച്ചത്. ഭർത്താവ് പറഞ്ഞിട്ടാണ് വന്നതെന്നും മടങ്ങാൻ തയാറാണെന്നും അഞ്ജു ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ തിരികെപ്പോകാൻ ഭർത്താവ് തയാറായിരുന്നില്ല.

ഇന്നലെ വൈകിട്ടോടെയാണ് ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് മുപ്പതുകാരിയായ അഞ്ജു പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്തിന്റെ വിവരങ്ങൾ പുറത്തായത്. ഇതോടെ തിരിച്ചയയ്ക്കുകയായിരുന്നു.