കേട്ടാൽ അതിശയം തോന്നുന്ന ജീവിതവിജയങ്ങളാണ് ഓരോ പാരാലിമ്പ്യനും മുന്നോട്ടുവെയ്ക്കാനുണ്ടാവുക. വിധിയിൽ തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട പോരാളികളാണ് അവർ ഓരോരുത്തരും. പൂർണാരോഗ്യത്തോടെ നേട്ടങ്ങൾ കൈവരിക്കുന്ന സാധാരണ മനുഷ്യർക്കുമുന്നിൽ, അതേ നേട്ടങ്ങൾ സ്വന്തമാക്കുന്ന പോരാളികളെ നമിക്കാതെ വയ്യ.

ലണ്ടനിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇതുപോലെ ഒട്ടേറെ ജീവിതവിജയങ്ങളുടെ നേർക്കാഴ്ചകളുണ്ട്. കൈയും കാലുമില്ലാതെ ജനിക്കുകയും ഇറാഖിലെ അനാഥാലയത്തിനുമുന്നിൽ ഉപേക്ഷിക്കപ്പെടുകയു ചെയ്ത അഹമ്മദ് കെല്ലി എന്ന നീന്തൽത്താരത്തിന്റെ വിജയം അത്തരത്തിലൊന്നാണ്. ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥത്വത്തിൽ കഴിഞ്ഞ അഹമ്മദിന് പിന്നീട് ഓസ്‌ട്രേലിയയിൽനിന്നെത്തിയ മനുഷ്യസ്‌നേഹികൾ ജീവിതം കൊടുത്തു. ദത്തുകിട്ടിയ ജീവിതത്തോട് ഇങ്ങനെ നന്ദി പറയുകയാണ് ഈ 20-കാരൻ.

1990-കളിലെ ഗൾഫ് യുദ്ധത്തിന്റെ ഇരകളാണ് അഹമ്മദും സഹോദരൻ ഇമ്മാനുവലും. ഇരുവരും ജനിച്ചത് വൈകല്യങ്ങളോടെയാണ്. യുദ്ധത്തിനുപയോഗിച്ച രാസവസ്തുക്കളുടെ അനന്തരഫലമായി വൈകല്യങ്ങളോടെ ഇറാഖിൽ പിറന്നുവീണ കുട്ടികളിൽ ഇവരുമുണ്ടായിരുന്നു. ഇരുവർക്കും മുട്ടിനുകീഴിൽ കൈകളുണ്ടായിരുന്നില്ല. കാലിനും സ്വാധീനമുണ്ടായിരുന്നില്ല. രണ്ടുകുട്ടികളെയും ബാഗ്ദാദിലെ അനാഥാലയത്തിന്റെ പടിക്കൽ ഉപേകിഷിച്ച് രക്ഷിതാക്കൾ മടങ്ങിയതോടെ, ഇവരുടെ ജീവിതം പൂർണമായും ഇരുട്ടിലായി.

എന്നാൽ, മോറിയ കെല്ലി എന്ന രക്ഷക അവരെ തേടിയെത്തി. ചിൽഡ്രൻ ഫസ്റ്റ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യസംഘടനയുടെ പ്രവർത്തകയായ അദ്ദേഹം അഹമ്മദിനെയും ഇമ്മാനുവലിനെയും ദത്തെടുത്ത് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. അത് അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വെളിച്ചമായി മാറി.

സ്‌പോർട്‌സിനോടായിരുന്നു അഹമ്മദിന് കുട്ടിക്കാലം മുതൽക്കെ താത്പര്യം. കൃത്രിമക്കാലുകൾ ഉപയോഗിച്ച് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഉൾപ്പെടെ ഏതു കളിയിലും അവൻ പങ്കെടുത്തു. മറ്റുള്ളവരുമായി കൂട്ടിയിടിച്ച് വീണും മറ്റും പരിക്കുകൾ സ്ഥിരമായതോടെ അഹമ്മദിന് ഇത്തരം കളികളിൽനിന്ന് പിന്മാറേണ്ടിവന്നു. എന്നാൽ, തോൽക്കാൻ അവൻ തയ്യാറായിരുന്നില്ല. നീന്തലിലായി പിന്നീട് ഉന്നം. ഓസ്‌ട്രേലിയൻ പാരാലിമ്പിക് കമ്മറ്റിയുടെ ടാലന്റ് സ്‌കീമിൽ അംഗമായതോടെ അഹമ്മദിന്റെ മോഹം പതുക്കെ പൂവണിഞ്ഞു.

കോച്ച് ബ്രാഡ് ഹാരിസിനുകീഴിൽ പരിശീലിച്ച അഹമ്മദ് നീന്തലിന്റെ പാഠങ്ങൾ അതിവേഗം അഭ്യസിച്ച് തുടങ്ങി. 2009-ൽ ഓഷ്യാനിയ പാരാലിമ്പിക് ചാമ്പ്യൻഷിപ്പിലൂടെ അവൻ മത്സരരംഗത്തെത്തി. 2010-ലും 2011-ലും 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഓസ്‌ട്രേലിയൻ പാരാലിമ്പിക് ചാമ്പ്യൻഷിപ്പിൽ ജേതാവായി. നീന്തൽ പരിശീലനം തുടങ്ങി മൂന്നാം വർഷം, പാരാലിമ്പിക് ഗെയിസിൽ നാലിനങ്ങളിൽ മത്സരിച്ച് അഹമ്മദ് ശ്രദ്ധ നേടി. ഇന്നലെ നടന്ന 50 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ നാലാം സ്ഥാനത്തെത്താനും അഹമ്മദിനായി. 2016-ലെ റിയോ പാരാലിമ്പിക്‌സിൽ ഓസ്‌ട്രേലിയക്കുവേണ്ടി സ്വർണം നേടാനാവുമെന്ന പ്രതീക്ഷയിലാണ് അഹമ്മദ്.