ജനിച്ചു വളർന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാൻ വേണ്ടി പൂനയിൽ നിന്നും പാക്കിസ്ഥാനിലെ റാവൽപിണ്ടി വരെ യാത്ര ചെയ്ത് എത്തിയതാണ് തൊണ്ണൂറു വയസ്സുള്ള റീന വർമ എന്ന മുത്തശ്ശി. വെട്ടിമുറിക്കപ്പെട്ട രണ്ടു രാഷ്ട്രങ്ങൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോഴാണ് തന്റെതല്ലാതായി പോയ പഴയ ഓർമ്മകളെ തിരിച്ചുപിടിക്കാൻ, ലാഹോർ വഴി റോഡ് മാർഗം യാത്ര ചെയ്തു, അവർ ജന്മനാട്ടിൽ എത്തുന്നത്.

'ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങൾ' എന്ന് ഡോമിനിക് ലാപിയറും ലാറി കൊളിൻസും വിശേഷിപ്പിച്ച ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന്റെ നാളുകളിൽ ആണ് അവരുടെ കുടുംബം റാവൽപിണ്ടിയിലെ വീടുപേക്ഷിച്ച് ഇന്ത്യയിൽ എത്തിയത്. ഉടൻ തിരികെ പോകാം എന്നാണു ആ പതിനഞ്ചുകാരി കരുതിയതെങ്കിലും, അപ്പോഴേക്കും ഒരിക്കലും തിരികെ പോകാൻ കഴിയാത്ത വിധത്തിൽ ഭൂപടങ്ങളും അതിർത്തികളും മാറിക്കഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹസാഫല്യത്തിനായി ജന്മനാട്ടിൽ എത്തിയ റീനാവർമ്മയെ, മുസ്ലിങ്ങളായ നാട്ടുകാർ റോസാപൂക്കൾ വിതറിയും നൃത്തം ചെയ്തും ആണ് സ്വീകരിച്ചത്. 'വിഭജനഭയാനകതയുടെ മുറിവുകൾ' മനസ്സിൽ സൂക്ഷിക്കാത്ത സാധുക്കളായ പുതിയ തലമുറ പാക്കിസ്ഥാനി സഹോദരന്മാർ ഇടുങ്ങിയ തെരുവിലൂടെ കൈപിടിച്ച് നടത്തിച്ചുകൊണ്ട് റീന വർമയെ അവരുടെ പഴയ വീട്ടിൽ എത്തിക്കുന്ന കാഴ്ച മാനവികതയിലും, മതാതീതമായ പാരസ്പര്യത്തിലും വിശ്വസിക്കുന്ന ആരുടെ ഹൃദയത്തെയാണ് ആർദ്രമാക്കാത്തത്!

1965 മുതൽ റീനാ വർമ്മ പാക്കിസ്ഥാൻ വിസ കിട്ടാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ, സോഷ്യൽ മീഡിയയിലൂടെ ആഗ്രഹം അറിയിച്ച അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് ഇന്ത്യാ-പാക്കിസ്ഥാൻ ഹെറിറ്റേജ് ക്ലബ്ബിന്റെ പ്രവർത്തകരായ ഇമ്രാൻ വില്യവും, സജ്ജാദ് ഹൈദറും ആയിരുന്നു. രണ്ടു രാജ്യങ്ങളുടെയും പൊതുവായ സാംസ്‌കാരിക പൈതൃകം ഉയർത്തിപ്പിടിക്കാനും വിഭജനകാലത്ത് വേർപിരിഞ്ഞു പോയ മനുഷ്യരെ സഹായിക്കാനും വേണ്ടി രൂപീകരിച്ച സംഘടനയാണ് ഇന്ത്യാ-പാക്കിസ്ഥാൻ ഹെറിറ്റേജ് ക്ലബ്.

രാജ്യങ്ങൾ തമ്മിലുള്ള വിടവ് കൂടിവരുന്നതും, മതത്തിന്റെ പേരിൽ സംഘർഷങ്ങൾ നടക്കുന്നതും ഒന്നും അവരെ ബാധിക്കുന്നേയില്ല. റീനാ വർമ്മയെപ്പോലെയുള്ള നിരവധി മനുഷ്യരെ അവരവരുടെ വേരുകൾ കണ്ടെത്താൻ സഹായിക്കുകയാണ് ആ മനുഷ്യർ! വിഭജനത്തിന്റെ ഇരകളായ എത്രയോ മനുഷ്യർ ഇങ്ങനെ ഇന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ ഉണ്ട്.. ആരുമറിയാതെ വേദനകൾ ഉള്ളിൽ ഒതുക്കികൊണ്ട്!

വർഷങ്ങൾക്കു മുൻപ്, എനിക്കും ഉണ്ടായിട്ടുണ്ട് കണ്ണ് നനയിക്കുന്ന ഒരനുഭവം. സിന്ധിലെ ബദീൻ എന്ന ഒരു കടലോരഗ്രാമത്തിൽ വെച്ച്. സൈറ എന്ന തൊഴിലാളി സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു ഞാൻ. കർഷക തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം ഉള്ള ഒരു ദരിദ്രഗ്രാമം ആണ് ബദീൻ. ഒരു വശത്ത് സിന്ധു നദി. അപ്പുറത്ത് അറബിക്കടൽ. ഗ്രാമത്തിൽ നിന്നും നോക്കിയാൽ ദൂരെയായി പൊട്ടു പോലെ ഗുജറാത്തിലെ കച്ച് കാണാം. സൈറയുടെ കുടിലിനു മുന്നിൽ ഒരു വലിയ പുളി മരമുണ്ട്. അതിന്റെ തണലിൽ ഒരു പഴഞ്ചൻ കട്ടിലിൽ ഇരുന്നു ഇഞ്ചിയും, പുതിനയിലയും ഇട്ട ചൂട് ചായയും കനലിൽ ചുട്ട ചോളവും കഴിക്കുമ്പോഴാണ് സൈറയുടെ ഉമ്മ പുറത്തേക്ക് വന്നത്.

നിരാശയും, മടുപ്പും, ദുരിതവും സ്ത്രീരൂപമെടുത്താൽ എങ്ങനെയുണ്ടാകും എന്ന് ചോദിച്ചാൽ അതിനു കിട്ടുന്ന ഉത്തരമായിരുന്നു അവർ. എഴുപത്തി അഞ്ചു വയസുള്ള നന്നേ മെലിഞ്ഞ ഒരു സാധു സ്ത്രീ. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണുകൾ തിളങ്ങി. വാക്കുകളിൽ കുറിക്കാനാവാത്ത ഏതോ ഒരു വികാരവായ്‌പ്പിൽ അവർ അടുത്തു വന്നു എന്റെ കൈകൾ കവർന്നു. എന്റെ മുഖത്തേക്ക് ഉറ്റുനോക്കി, കുറെ നേരം... നഷ്ടപ്പെട്ടതെന്തോ തിരയുംപോലെ. പിന്നെ അവർ വെറും നിലത്തിരുന്നു തേങ്ങിക്കരയാൻ തുടങ്ങി.

ഞാൻ അമ്പരന്നു നോക്കവേ, സൈറ പറഞ്ഞു, ഇന്ത്യ എന്ന് കേട്ടാൽ എപ്പോഴും അവർക്ക് കരച്ചിൽ വരുമെന്ന്. സൈറയും സഹോദരങ്ങളും കുട്ടികളായിരിക്കുമ്പോൾ അവർ എപ്പോഴും ഇന്ത്യയെക്കുറിച്ച് പറയുമായിരുന്നുവത്രേ. ഇന്നും, ഇന്ത്യയാണ്-കിഴക്കൻ യു.പിയിലെ സ്വന്തം ഗ്രാമമാണ്-അവർക്ക് സ്വന്തം നാട്.കിഴക്കൻ യുപിയിലെ ഗോരഖ്പൂരിൽ നിന്നും വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് അഭയാർഥി ആയി എത്തിയതാണ് സൈറയുടെ ഉമ്മ. അവർക്ക് സിന്ധിയും ഉർദുവും ഹിന്ദിയും അറിയാം.

ഇപ്പോഴും അവരുടെ ബന്ധുക്കൾ യുപിയിൽ ഉണ്ട്. സൈര അടക്കം എട്ടു മക്കൾ. കിഴക്കൻ യുപിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഗ്രാമത്തിനു തീയിടുകയും പരസ്പരം കൊല്ലാൻ ശ്രമിക്കുകയും ചെയ്തപ്പോളാണ് അവർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവർക്ക് എട്ടു വയസ്സായിരുന്നു. ട്രക്കുകളിലും, തോണിയിലും, ബസ്സിലും ഒക്കെയായി എങ്ങനെയൊക്കെയോ രക്ഷപ്പെട്ടതിന്റെ നേരിയ ഓർമ മാത്രമേ അവർക്ക് ഇപ്പൊ ഉള്ളൂ.

പലരും വഴിയിൽ മരിച്ചുവീണിരുന്നു. പലപ്പോഴും തിരികെ പോകാൻ ആഗ്രഹിച്ചുവെങ്കിലും ദരിദ്രരായ അവരുടെ സ്വപ്നങ്ങൾക്കും അപ്പുറം ആയിരുന്നു ഇന്ത്യ. ഒടുവിൽ, സൈറയുടെ ഉമ്മ ഗോരഖ്പൂർ കാണാതെ മരിച്ചു. കഴിഞ്ഞ കോവിഡ് കാലത്ത്.

റീനാ വർമയുടെ ഈ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസിൽ കടന്നു വന്നത് ആ ഉമ്മയുടെ ചുട്ടുപൊള്ളിക്കുന്ന നോട്ടമാണ്. രാഷ്ട്രവും, മതവും, നിയമങ്ങളും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ നോട്ടം...

രണ്ടു രാജ്യങ്ങളിലും, പരസ്പരസ്‌നേഹത്തിന്റെ ഇത്തരം കാഴ്‌ച്ചകൾ ഇനിയും ഉണ്ടാകട്ടെ. വിഭജനത്തിന്റെ ഇരകൾ ആയ എല്ലാ മനുഷ്യർക്കും മരിക്കും മുൻപ് എങ്കിലും അവരുടെ ആഗ്രഹം സാധിക്കാൻ കഴിയട്ടെ.. കൊലവിളിക്കുന്ന ജിംഗോയിസ്റ്റുകൾക്കും മതഭ്രാന്തന്മാർക്കും പകരം ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ!