നിങ്ങൾക്ക് എത്ര വയസായിക്കാണും? ഒരു മുപ്പത്? അല്ലെങ്കിൽ നാൽപത്? നിങ്ങളുടെ ചെറുപ്പകാലം നിങ്ങൾ ഓർക്കുന്നുണ്ടോ? എത്ര അടുത്താണല്ലേ ! അത്ര തന്നെ വർഷങ്ങൾ ബാക്കിയില്ല നിങ്ങളുടെ മരണത്തിന്. എന്തൊക്കെ നിങ്ങൾ നേടിയോ എല്ലാം വെറുതെയാണ്. ഒരു മുപ്പതു വർഷത്തിനുള്ളിൽ നിങ്ങൾ ഓർമ്മയാകും. വീണ്ടും ഒന്നു രണ്ട് തലമുറകൾ കഴിഞ്ഞാൽ ആ ഓർമ്മകൾ പോലും എവിടെയും നിലനിൽക്കില്ല. നിങ്ങളുടെ അപ്പൂപ്പന്റെ അമ്മൂമ്മയെ ഈ ലോകത്തു ആരെങ്കിലും ഓർക്കുന്നുണ്ടോ? നിങ്ങൾ എന്നൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നതായി അറിയുന്ന മറ്റൊരാൾ പോലും ഇവിടെ ജീവിക്കുന്നുണ്ടാവില്ല.

എന്നാലും മരിച്ചാൽ കുറെ കാലം, എന്നുവച്ചാൽ, ഒരു ലക്ഷം വർഷങ്ങൾ, അല്ലെങ്കിൽ ഒരു അമ്പതു ലക്ഷം വർഷങ്ങൾ നിലനിൽക്കാൻ വല്ല വഴിയുമുണ്ടോ? ചുരുക്കി പറഞ്ഞാൽ ഒരു ഫോസിലാകാൻ എന്തു ചെയ്യാം. ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ 0.1% പോലും ജീവികൾ ഫോസിലായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം പ്രത്യേക അവസ്ഥയിൽ മാത്രമേ ഫോസിലുകൾ ഉണ്ടാകൂ. അതുകൊണ്ട് നിങ്ങളുടെ കാര്യവും സംശയമാണ്. ധാരാളം ജീവികൾ, മനുഷ്യർ ഉൾപ്പെടെ ഇവിടെ അടക്കം ചെയ്യപ്പെടുന്നുണ്ട്. ആരും ഫോസിൽ ആകാറില്ല. ഫോസിൽ ആയിത്തീരണം എങ്കിൽ നിങ്ങളുടെ മരണവും അടക്കും പ്രത്യേക രീതിയിൽ ആയിരിക്കണം. അതിനു ഇപ്പോഴേ നിങ്ങൾ തന്നെ തയ്യാറെടുക്കണം. നിങ്ങളുടെ ശവസംസ്‌കാരം നടത്തുന്ന മറ്റുള്ളവർക്ക് അതു കഴിഞ്ഞ് വേറെ ജോലിയുണ്ട്.

1) മരണശേഷം പെട്ടന്ന് തന്നെ അടക്കം ചെയ്യപ്പെടണം. അതും കുറഞ്ഞത് ഒന്നോ രണ്ടോ മീറ്റർ ആഴത്തിൽ. വല്ല തുരപ്പൻ എലികളോ കുറുക്കനോ നിങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിന്നും ഇതു രക്ഷിക്കും. ഇങ്ങനെയാണെങ്കിൽ ആറടി മണ്ണിൽ അടക്കം ചെയ്യപ്പെടുന്ന എല്ലാവരും ഫോസിൽ ആകണ്ടേ?

2) ആഴത്തിൽ അടക്കിയാൽ പോര. ഓക്സിജൻ അധികം ഇല്ലാത്ത അവസ്ഥയിൽകൂടി ആയിരിക്കണം. അല്ലെങ്കിൽ സൂക്ഷ്മജീവികൾ നിങ്ങളെ കൈകാര്യം ചെയ്യും. എല്ലുകൾ വരെ അവ ദ്രവിപ്പിക്കും. സ്വാഭാവികമായ ഫോസിൽ രൂപീകരണം നടക്കുന്നത് ജീവികൾ മിക്കവാറും ജലാശയങ്ങളുടെ സമീപത്തു മരിക്കുമ്പോളാണ്. പെട്ടന്ന് തന്നെ ഉണ്ടാകുന്ന വെള്ളപ്പൊക്കം ധാരാളം മണലും മണ്ണും ശരീരത്തിന് മുകളിൽ നിക്ഷേപിക്കുന്നു. മുകളിലുള്ള ജലം ഒരു ഓക്സിജൻ കുറവുള്ള അവസ്ഥ ഉണ്ടാകുന്നു.

3) പക്ഷേ ഇതുകൊണ്ടൊന്നും ഫോസിൽ ആകില്ല. ഫോസിൽ എന്നുവച്ചാൽ നിങ്ങളുടെ എല്ലുകളിൽ ലവണങ്ങൾ അരിച്ചിറങ്ങി അവിടെ രാസമാറ്റങ്ങൾ ഉണ്ടാക്കി എല്ലിനെ ഒരു പാറയാക്കണം. ഇതിനു രണ്ട് കാര്യങ്ങളുണ്ട്. ഒന്നു നിങ്ങളെ അടക്കം ചെയ്യുന്ന സ്ഥലത്ത് ധാരാളം ലവണങ്ങളും വേണം. നിങ്ങളെ വളരെ ആഴത്തിൽ വെള്ളം ഉള്ള സ്ഥലത്തു അടക്കിയാൽ ജലം ധാരാളം ലവണങ്ങൾ നൽകും. ചുരുക്കത്തിൽ ഒരു കിണർ കുഴിച്ചു അതിൽ അടക്കണം. രണ്ടാമത്തെ കാര്യം എന്താണെന്നാൽ, ഫോസിൽ ആകുവാൻ ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കാം. അതുവരെ ഈ അവസ്ഥ ഉണ്ടാകണം. ആരും തോണ്ടി പുറത്തെടുക്കരുത്.

4) പക്ഷെ ഇങ്ങനെ വെറുതെ അടിയിൽ കിടന്നിട്ടു എന്തു കാര്യം. ആരെങ്കിലും ഒരിക്കൽ നിങ്ങളെ കണ്ടെത്തണ്ടേ? ഒരു പക്ഷെ ഒരു പത്തു ലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ ഏതോ ബുദ്ധിയുള്ള ജീവികൾ ഉണ്ടെന്ന് വിചാരിക്കുക. അവർക്ക് വളരെ കാലം മുൻപ് ജീവിച്ചിരുന്ന മനുഷ്യൻ എന്ന ജീവിയുടെ അതായത് നിങ്ങളുടെ ഫോസിൽ കിട്ടണം. പത്തുലക്ഷം വർഷങ്ങൾ കൊണ്ടു ഇവിടെ ഭൂപ്രകൃതിയും മാറിമറിയും. അവരുടെ കാലിനു കീഴിൽ ഒരമ്പതു മീറ്റർ ആഴത്തിൽ നിങ്ങൾ കിടപ്പുണ്ട് എന്ന കാര്യം അവർ എങ്ങനെ അറിയും? അതിനുവേണ്ടി നിങ്ങൾ ഒരു ഫലകം മുകളിൽ സ്ഥാപിക്കണം. അതു കണ്ടെത്തിയാൽ അവർ നിങ്ങളെയും കണ്ടെത്തും. തടിയിലോ മറ്റോ കൊത്തിവച്ചിട്ടു കാര്യമില്ല. ലക്ഷം വർഷങ്ങളുടെ കാര്യമാണ്. പ്ലാറ്റിനം പോലെയുള്ള ലോഹത്തിൽ കൊത്തിവക്കുന്നതാണ് ബുദ്ധി.

5) അല്ലെങ്കിലും വെറുതെ നിങ്ങളുടെ എല്ല് അല്ലെങ്കിൽ ഫോസിൽ കിട്ടിയിട്ട് എന്തുകാര്യം. നിങ്ങളുടെ ഡിഎൻഎ അവർക്ക് കിട്ടിയാൽ നിങ്ങൾ ശരിക്കും ആരായിരുന്നു (ഒരു സംഭവം ആയിരുന്നു) എന്നത് അവർക്ക് പിടികിട്ടും. അതു മനസിലാക്കി കൊടുക്കണമെങ്കിൽ നിങ്ങളെ വല്ല അന്റാർട്ടിക്കയിലോ മറ്റോ അടക്കുന്നതായിരിക്കും നല്ലത്. വേണമെങ്കിൽ നിങ്ങൾ മരിച്ചപാടെ, നിങ്ങളെ തണുപ്പിൽ രാസമാറ്റം വരാതെ നിലനിൽക്കുന്ന പശയിലോ ഗ്ലാസ്സിലോ ആക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഒരു ഉറുമ്പ് മരത്തിന്റെ പശയിൽപെട്ടു കട്ടിയായത് കണ്ടിട്ടില്ലേ. അതുപോലെ. ഈ രൂപത്തിൽ അന്റാർട്ടിക്കയിൽ കുഴിച്ചിട്ടാൽ മതി. വേണമെങ്കിൽ നിങ്ങളുടെ ഡിഎൻഎ സീക്വൻസ് പ്ലാറ്റിനം സിഡികളിൽ കൊത്തിവക്കുകയും ആവാം.

6) ഈ രൂപത്തിൽ നിങ്ങളെ അനന്തമായ സ്പെയിസിലേക്ക് അയക്കുകയും ആവാം. വോയേജർ പോയ പോലെ. ഒരിക്കൽ മറ്റേതെങ്കിലും ഗ്രഹത്തിലെ ബുദ്ധിയുള്ള ജീവികൾ നിങ്ങളെ കണ്ടെടുക്കാം. ഡിഎൻഎ സീക്വൻസ് മാത്രമല്ല അതുണ്ടാക്കിയ മൂലകങ്ങളുടെ ഘടനയുടെ വിവരങ്ങളും, അതായത് അറ്റോമിക് ഘടന ഉൾപ്പെടെയുള്ളവ നിങ്ങളുടെ ശരീരത്തിന്റെ കൂടെ വെക്കാം. എന്നാലേ അവർക്ക് ഡീകോഡ് ചെയ്യാൻ സാധിക്കൂ. മൂലകങ്ങൾ എല്ലായിടത്തും ഒന്നാണ്. അതുകൊണ്ടു അവർക്ക് കാര്യം മനസിലാകും.

കഴിഞ്ഞ ഒരു വർഷം കടന്നു പോയത് എത്ര പെട്ടന്നാണ്. ഇങ്ങനെ ഒരു പത്തു മുപ്പത് വർഷങ്ങൾ. അത്രമാത്രം. അതിനു മുൻപേ ഇങ്ങനെ വല്ലതും ചെയ്താൽ ഒരു ഫോസിൽ എങ്കിലും ആകാം. അല്ലെങ്കിൽ ഈ പോസ്റ്റും ഇതിന്റെ ലൈക്കുകളും പോലെയാണ് ജീവിതം. രണ്ടു ദിവസം കഴിഞ്ഞാൽ പുതിയവ വരും; ഇങ്ങനെ ഒന്നു നിലനിന്നിരുന്നു എന്നുപോലും ആരും ഓർക്കില്ല. പറഞ്ഞില്ല എന്നുവേണ്ട.

(ഗവേഷകനും ശാസ്ത്രലേഖകനും പ്രഭാഷകനുമായ ദിലീപ് മമ്പള്ളിൽ ഫേസ്‌ബുക്കിൽ കുറിച്ചത്)