ന്യൂഡൽഹി: ബിജെപി അധികാരത്തിൽ വന്ന ശേഷം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ വരുമാനം 16,000 തവണ അധികമായെന്നാണ് ദ വയർ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തത്.അതായത് വെറും 50,000 രൂപയിൽ നിന്ന് 80 കോടിയായി കമ്പനിയുടെ വരുമാനം ഉയർന്നുവെന്ന് വാദം. എന്നാൽ, 80 കോടിയുടെ വരുമാനമുണ്ടായെങ്കിലും, 80 കോടിയുടെ ചെലവുണ്ടായെന്നും അതുകൊണ്ട് ജയ്ഷായുടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പ് കുത്തി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും ബിജെപി പ്രതികരിക്കുന്നു.

എൻഡിവിയുടെ പുതിയ റിപ്പോർട്ട് പ്രകാരം, ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിൽ 4000 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. 2013-14 വർഷത്തിൽ 1.3 കോടി രൂപ മാത്രമാണ് ജയ് ഷായുടെ സ്ഥാപനങ്ങൾക്ക് വായ്പയായി ലഭിച്ചതെങ്കിൽ മോദി സർക്കാർ അധികാരത്തിൽ വന്ന 2014-15 വർഷത്തിൽ വായ്പയായി ലഭിച്ച തുക 53.4 കോടിയായി ഉയർന്നു. നാലായിരം ശതമാനത്തിന്റെ വർധന.

യുവസംരഭകർക്കും പുത്തൻ സംരംഭങ്ങൾക്കുമായി മോദി സർക്കാർ വായ്പകൾ അനുവദിക്കുന്നുണ്ടെങ്കിലും ഈ പദ്ധതിയുടെ ഭാഗമായിട്ടല്ല ജയ് ഷായ്ക്ക് വായ്പ ലഭിച്ചതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയ് ഷായുടെ കമ്പനികളിലൊന്നായ ടെമ്പിൾ എന്റെർപ്രൈസസ് 2004 ൽ നിലവിൽ വന്ന കമ്പനിയാണ്. പത്ത് വർഷം നീണ്ട പ്രവർത്തനത്തിന് ശേഷം 2014 ൽ കമ്പനിയുടെ പ്രവർത്തനലാഭം 18.8 ലക്ഷം രൂപയായിരുന്നു.

എന്നാൽ 2015 ൽ ബാങ്കിതര കമ്പനിയായ കിഫ്‌സ് ഫിനാൻഷ്യൽ സർവ്വീസ് 15.76 കോടി രൂപ ജയ് ഷായുടെ സ്ഥാപനത്തിന് വായ്പയായി നൽകി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് 2015-16 വർഷത്തിൽ 88 കോടിയോളം രൂപ പ്രത്യേക പദ്ധതി പ്രകാരം വിവിധ സ്ഥാപനങ്ങൾക്ക് വായ്പയായി നൽകിയിട്ടുണ്ടെന്നും ഇപ്രകാരമാണ് ജയ് ഷായുടെ സ്ഥാപനത്തിനും വായ്പ അനുവദിച്ചതെന്നുമാണ് കിഫ്‌സ് നൽകുന്ന വിശദീകരണം. അതായത് കിഫ്‌സ് ഫിനാൻഷ്യൽ സർവ്വീസ് ആകെ നൽകിയ വായ്പ തുകയുടെ 17 ശതമാനവും ഒരൊറ്റ കമ്പനിക്കാണ് വിതരണം ചെയ്തിരിക്കുന്നത്. അതും കാര്യമായ സാമ്പത്തിക ലാഭമില്ലാത്ത ഒരു സ്ഥാപനത്തിന്.

2012ൽ ജയ് ഷായുടെ പങ്കാളിത്തത്തിൽ തുടങ്ങിയ കുസും ഫിൻസർവ്വീസ് എന്ന സ്ഥാപനത്തിന് നേരേയും സമാനമായ ആരോപണമുണ്ട്. പ്രവർത്തനം തുടങ്ങി ആദ്യവർഷം 36,500 രൂപ നഷ്ടമുണ്ടാക്കിയ ഈ സ്ഥാപനം 2014ൽ 1.73 കോടിയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.
2015ൽ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലൂപുർ കൊമേഴ്‌സ്യൽ കോപറേറ്റീവ് ബാങ്കിൽനിന്ന് 25 കോടി രൂപ കുസും ഫിൻസർവ്വീസിന് വായ്പയായി ലഭിച്ചു. ആർബിഐ ചട്ടപ്രകാരം അർബൻ സഹകരണ ബാങ്കുകൾക്ക് ഓഹരി ദല്ലാൾ കമ്പനികൾക്ക് വായ്പ നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ ദല്ലാൾ കമ്പനി എന്ന നിലയിലല്ല ചരക്കുകൾ വിൽക്കുന്ന വ്യാപാരസ്ഥാപനം എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ഇവർക്ക് വായ്പ നൽകിയതെന്നാണ് ബാങ്കിന്റെ വിശദീകരണം.

അതേസമയം കുസും ഫിൻസർവ്വീസ് സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും കൺസൾട്ടൻസി സർവ്വീസിൽനിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. കൺസൾട്ടൻസി സ്ഥാപനം കച്ചവടം നടത്തുന്നതെങ്ങനെയെന്നതാണ് ഇതിലെ വിരോധാഭാസമായി എൻഡിടിവി ചൂണ്ടിക്കാട്ടുന്നത്. ജയ് ഷായ്‌ക്കെതിരെ ഓൺലൈൻ പോർട്ടൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കുസും ഫിനാൻസ് സർവ്വീസിന് പത്ത് കോടി രൂപ കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഡിഎയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാരമ്പര്യേതര ഊർജോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഐആർഇഡിഎയിൽനിന്ന് വായ്പ ലഭിക്കുക.

വായ്പ കുടിശ്ശിക ഇല്ലാത്തതും പ്രവർത്തന നഷ്ടം വരുത്താത്തതുമായ ഏത് സ്വകാര്യ സ്ഥാപനത്തിനും ഐആർഇഡിഎയിൽ വായ്പയ്ക്കായി അപേക്ഷിക്കാം. എന്നാൽ സ്ഥാപനം പ്രകൃതി സൗഹൃദപാരമ്പര്യേതര ഊർജോത്പാദന രംഗത്ത് പ്രവർത്തിക്കുന്നതായിരിക്കണം.
മാനദണ്ഡങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഓഹരിരംഗം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജയ് ഷായുടെ കമ്പനിക്ക് ഈ വായ്പ ലഭിച്ചതെങ്ങനെയെന്നാണ് ഓൺലൈൻ പോർട്ടൽ പുറത്തുവിട്ട രേഖകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ എൻഡിടിവി ചോദിക്കുന്നത്.ഏതായാലും ഇക്കാര്യം വിശദമായ അന്വേഷണത്തിൽ കൂടി മാത്രമേ തെളിയുകയുള്ളു.