തിരുവനന്തപുരം: കൊടുംകാട്ടിലൂടെ കല്ലും മുള്ളും ചവിട്ടി, അട്ടയുടെ കടിയുമേറ്റ് 15 മണിക്കൂർ നടന്ന് ചിത്തിരആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തെത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പൊലീസിനെ ഞെട്ടിച്ചിരുന്നു. മാധ്യമങ്ങളെ പോലും ഇലവുങ്കലിന് അപ്പുറം കടത്തിവിടാതെ പഴുതടച്ച പരിശോധന നടക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെയും സംഘത്തിന്റെയും വരവ്. ഇതോടെ സോഷ്യൽ മീഡിയ പിണറായിയല്ല ല, സുരേന്ദ്രനാണ് ഇരട്ടച്ചങ്കനെന്ന് വാഴ്‌ത്തുകയും ചെയ്തു.

അതേസമയം, ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് സുരേന്ദ്രനെ സോപാനത്ത് നിന്ന് പിറത്താക്കാൻ ദേവസ്വം കമ്മീഷണർ പി.വാസു നിർദ്ദേശിച്ചിരുന്നുവെന്ന് അറിയുന്നു. നാലാം തീയതി രാത്രി 11 ന് സുരേന്ദ്രനടങ്ങിയ ഒമ്പതംഗ സംഘം കൊടുങ്കാട്ടിലൂടെ സന്നിധാനത്തേക്ക് തിരിച്ചത്. അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സന്നിധാനത്ത് എത്തിയത്. പമ്പ വഴി കെട്ടുമുറുക്കി സന്നിധാനത്തേക്ക് തിരിക്കുന്ന ഇരുവരെയും പഴയൊരു കേസിന്റെ പേരിൽ അകത്തിടാനായിരുന്നു പൊലീസിന്റെ നീക്കം. പാർക്കിങ് വിഷയത്തിന്റെ പേരിൽ മുൻപ് നിലയ്ക്കലിൽ യുവമോർച്ച നടത്തിയ അക്രമസമരത്തിൽ അറസ്റ്റിലായിരുന്ന ഇരു നേതാക്കൾക്കുമെതിരേ റാന്നി കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് വാറണ്ട് ആയി കിടക്കുകയുമാണ്. ഈ വാറണ്ട് ഉപയോഗിച്ച് ഇരുവരേയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയയ്ക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. ഈ വിവരം ചോർന്നു കിട്ടിയതിനെതിനെ തുടർന്നാണ് കാടുകയറാൻ നേതാക്കൾ തീരുമാനിച്ചത്.

ഇതിനായി ഇവർ കൂട്ടുപിടിച്ചതാകട്ടെ ഇപ്പോൾ പാർട്ടിയിലും യുവമോർച്ചയിലും സജീവമല്ലാത്ത പഴയ പ്രവർത്തകരെ. നിലവിലുള്ളവരുമായി ബന്ധപ്പെട്ടാൽ പൊലീസ് മണത്തറിയുമെന്ന് മനസിലാക്കിയാണ് മുൻകാല പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പിച്ചത്. മുണ്ടക്കയം വഴി നാറാണം തോട്ടിലെത്തിയ നേതാക്കൾ അവിടെ വച്ച് കെട്ടുമുറുക്കിയാണ് പുറപ്പെട്ടത്. ഇതിന് പിന്നാലെ സംഗതി മണത്തറിഞ്ഞ് പമ്പ പൊലീസ് അവിടെയെത്തി. ഒരു പിക്കപ്പ് വാനിലാണ് നേതാക്കളും പ്രവർത്തകരും പോയത്. അതിന് ശേഷം നദി കടന്നാണ് ഇവർ കാട്ടിലേക്ക് പോയത്. കാട്ടിൽ തേനെടുക്കാൻ പോകുന്ന ആദിവാസികളാണ് വഴി കാട്ടിയത്.

കരടിയുടെ ആക്രമണം ഏറെയുള്ള പ്രദേശത്തു കൂടിയായിരുന്നു യാത്ര. കാട് ഹൃദിസ്ഥമായ ആദിവാസികൾക്ക് കരടിയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും. ഇതു കാരണം അവരുടെ ഒരു സംഘത്തെ മുന്നിൽ അയച്ചു. അവരാണ് കാട് വെട്ടിത്തെളിച്ച് വഴിയൊരുക്കിയത്. അട്ട കടിയേറ്റും കാട്ടുപടർപ്പുകൾക്കിടയിൽപ്പെട്ട് മുറിവേറ്റുമായിരുന്നു നേതാക്കളുടെ സഞ്ചാരം. ഒടുവിൽ മരക്കൂട്ടത്ത് വന്നിറങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത വിധം അയ്യപ്പഭക്തരും അണി നിരന്നു.ബിജെപി മുൻ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് , ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ പി.വി.അനോജ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

സുരേന്ദ്രനും സംഘവും സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് ദേവസ്വം കമ്മിഷണർ ദേവസ്വം മാനേജരോട് രാഷ്ട്രീയക്കാരെയും വിശ്വാസികളല്ലാത്തവരെയും നടയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചത്. ദേവസ്വം മാനേജർ ഉടൻ സോപാനം സ്‌പെഷ്യൽ ഓഫീസറോട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. എന്നാൽ കെ.സുരേന്ദ്രൻ വഴിപാടുകാരനാണെന്നും വഴിപാടുകാരനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയാൽ ദേവസ്വം ബോർഡ് നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെയാണ് സുരേന്ദ്രനെ പുറത്താക്കാനുള്ള നിർദ്ദേശത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറിയത്. നട തുറക്കുന്ന ദിവസങ്ങളിൽ ഒരു ദിവസം നിത്യപൂജയ്ക്ക് മൂന്ന് കൂപ്പണുകളാണ് സന്നിധാനത്ത് വിതരണം ചെയ്യുന്നത്. ചിത്തിര ആട്ടവിശേഷ ദിവസത്തിലേക്കുള്ളതിലൊന്ന് 50,000 രൂപ മുടക്കി കെ.സുരേന്ദ്രൻ തുലാമാസ പൂജയ്ക്ക് എത്തിയപ്പോൾ തന്നെ ബുക്ക് ചെയ്തിരുന്നു. അതിനാൽ പുറത്താക്കാൻ കഴിയില്ലെന്നാണ് ദേവസ്വം മാനേജർ കമ്മിഷണറെ അറിയിച്ചത്.

നിത്യപൂജയ്‌ക്കെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഒരു ദിവസത്തെ എല്ലാ പ്രധാന പൂജകൾക്കും സോപാനത്ത് കയറി നിന്ന് ദർശനം നടത്താം. തന്നെ തടയുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് കഴിഞ്ഞ മാസപൂജാവേളയിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് മലയിറങ്ങിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഈ ടിക്കറ്റ് ഉണ്ടെങ്കിലും പമ്പയിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് അട്ടത്തോട് വഴി പരമ്പരാഗത കാനന പാതയിലൂടെ എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ ചിത്തിര ആട്ട വിശേഷം കഴിഞ്ഞതോടെ പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനായെന്നും സുരേന്ദ്രൻ. പരിഹസിച്ചിരുന്നു. കാസർകോട് മധൂറിൽ എൻഡിഎയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പരിഹാസം. പിണറായി വിജയൻ ഇത്രയും കാലം മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് താനൊരു ഇരട്ടച്ചങ്കനാണെന്ന് ആയിരുന്നെന്നാണ്. എന്നാൽ ശബരിമലയിലെ ചിത്തിര ആട്ട വിശേഷ പൂജ കഴിഞ്ഞപ്പോൾ രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ലാത്ത ഓട്ടച്ചങ്കനാണ് മുഖ്യമന്ത്രിയെന്ന് മനസിലായെന്നും അദ്ദേഹം പരിഹസിച്ചു.