ലുവയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്ണൻ എന്ന യുവാവ് സിനിമയിൽ എത്തിയപ്പോൾ കാത്തിരുന്നത് ജനപ്രിയ നായകന്റെ സിംഹാസനമായിരുന്നു. പക്ഷേ, ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒടുവിൽ ഏറെക്കാലത്തെ ആരോപണങ്ങൾക്കു ശേഷം ദിലീപ് അറസ്റ്റിലാവുമ്പോൾ അത് ഒരു പക്ഷേ, മലയാള സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ പതനമായി മാറും.

 കോളേജ് കാലം മുതലുള്ള പ്രയത്‌നവും ദൈവം അനുഗ്രഹിച്ച് നൽകിയ മിമിക്രി എന്ന കലയുമാണ് ദിലീപിന് സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം നേടിക്കൊടുത്തത്. ഏഷ്യാനെറ്റിലൂടെ ദിലീപ് അവതരിപ്പിച്ച കോമിക്കോളയും മിമിക്രി താരങ്ങളായ അബിയും നാദിർഷയുമായി ചേർന്ന് ഇറക്കിയ ദേ മാവേലി കൊമ്പത്ത് പോലുള്ള പാരഡി കാസറ്റുകളും മലയാളികളെ ഒത്തിരി ചിരിപ്പിച്ചതാണ്. കട്ടയ്ക്ക് നിന്നാണ് ദിലീപും നാദിർഷയും സിനിമയിൽ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ നാദിർഷയെ വെട്ടി ദിലീപിന് മുന്നേറാൻ കഴിഞ്ഞു.

കമലിന്റെ അസിസ്റ്റന്റായാണ് ദിലീപിന്റെ സിനിമയിലേക്കുള്ള എൻട്രി. നിരവധി ചിത്രങ്ങളിൽ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി കമലിനെ അസിസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ കുട്ടിയിടുപ്പിട്ട് കാവ്യാമാധവനും പ്രത്യക്ഷപ്പെട്ടിരുന്നു. മാനത്തെ കൊട്ടാരം, സൈന്യം. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ച. മിമിക്രിയുമായി സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പറന്ന ദിലീപിന്റെ ശുക്ര ദിശ ഇവിടെ തുടങ്ങുകയായിരുന്നു.

ഏഴരക്കൂട്ടം എന്ന സിനിമയിലൂടെയാണ് ദിലീപ് മലയാള സിനിമയിൽ നായകനാകുന്നത്. പിന്നീട് അഭിനയിച്ച സല്ലാപത്തിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. മഞ്ജുവും ദിലീപും നായികാ നായകന്മാരായി അഭിനയിച്ച സല്ലാപവും ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയവ വമ്പൻ ഹിറ്റായിരുന്നു. ഇതോടെ സിനിമയിൽ തന്റെ സൂപ്പർ നായികയായി മാറിയ മഞ്ജുവിനെ ജീവിതത്തിലും നായികയാക്കി. സമ്മർ ഇൻ ബത്‌ലഹേം, പക്ഷെ തുടങ്ങിയ സിനിമകളുമായി മഞ്ജു വാര്യർ സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ മഞ്ജു വാര്യർ എന്ന അതുല്യ പ്രതിഭ സിനിമയിൽ നിന്നും പിൻവാങ്ങി.

മഞ്ജുവിനെ കെട്ടിയതോടെ ദിലീപിന്റെ ഭാഗ്യം തെളിയുകയായിരുന്നു. സംസ്ഥാന അവാർഡുകളും പ്രത്യേക പരാമർശവുമായി നിരവധി വാർഡുകളാണ് താരം വാരി കൂട്ടിയത്. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങൾ ചെയ്ത് വ്യത്യസ്തനായി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരു പോലെ കീഴടക്കി. ഇത് ദിലീപിനെ കൊണ്ടെത്തിച്ചത് ജനപ്രിയ നായകന്റെ പദവിയിലാണ്.

വിവാഹം വരെ സിനിമയിലെ തന്റെ സൂപ്പർ നായിക മഞ്ജുവായിരുന്നു എങ്കിൽ പിന്നീട് അത് കാവ്യാ മാധവനായി മാറി. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, വെള്ളരി പ്രാവിന്റെ ചങ്ങാതി, തിളക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ ജോഡി സമ്മാനിച്ചത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും ശക്തമായി. എന്നാൽ എല്ലാ അപവാദങ്ങൾക്കും വിരാമമിട്ട് 2009ൽ കാവ്യ വിവാഹിതയായി.

പക്ഷേ ആ വിവാഹ ബന്ധത്തിന് ഒരു വർഷം പോലും ആയുസ്സ് ഉണ്ടായില്ല. ഇരുവരും പിരിഞ്ഞു. ഇതിന് പിന്നിൽ പറഞ്ഞ് കേട്ടതും ദിലീപിന്റെ പേരായിരുന്നു. ഇതോടെ ദിലീപിന്റെ കുടുംബ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കി. വിവാഹ ബന്ധം പിരിഞ്ഞ കാവ്യാ മാധവന്റെ രണ്ടാം വരവും ദിലീപിന്റെ നായികയായി പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.

2003ൽ ഇറങ്ങിയ സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ദിലീപ് തന്നെ നായകനായ ഈ ചിത്രം വമ്പൻ ഹിറ്റായതോടെ മലയാള സിനിമയിൽ നല്ല നായകനൊപ്പം നല്ല നിർമ്മാതാവും ആയി ദിലീപ് മാറി. ചലച്ചിത്രതാര സംഘടനയായ അമ്മയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ മലയാളത്തിലെ എല്ലാ വമ്പൻ താരങ്ങളെയും അണി നിരത്താൻ ദിലീപിന് കഴിഞ്ഞു.

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഒന്നിച്ച ഈ ചിത്രവും നിർമ്മാതാവെന്ന നിലയിൽ ദിലീപിനെ കൂടുതൽ പ്രിയങ്കരനാക്കി. ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച കഥാവശേഷൻ കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ നിർമ്മാതാവെന്ന നിലയിലും തിളങ്ങിയ ദിലീപ് ബിസിനസ് മേഖലയിലേക്കും തിരിയുകയായിരുന്നു. എറണാകുളത്ത് ' ദേ പുട്ട്' എന്ന പേരിൽ റസ്റ്റൊറന്റ് ആരംഭിച്ച ദിലീപ് പിന്നീട് മാംഗോ ട്രീ എന്ന പേരിലും ഒരു റസ്റ്റൊറന്റും തുടങ്ങി. ഇതോടെ താൻ നല്ല ഒരു ബിസിനസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞ ദിലീപ് 2014ൽ ചാലക്കുടിയിൽ 'ഡി സിനിമ' എന്ന പേരിൽ ഒരു മൾട്ടി പ്ലക്‌സ് തിയറ്ററും ആരംഭിച്ചു. ഇതോടെ നായകൻ നിർമ്മാതാവ് മികച്ച ബിസിനസ്സുകാരൻ എന്നീ നിലയിലും ദിലീപ് തിളങ്ങി.

ഇതിനു ശേഷമാണ് ദിലീപിന്റെ കുടുംബ ജീവിതത്തിൽ വൻ പൊട്ടിത്തെറിയുണ്ടായത്. ഗോസിപ്പുകൾക്ക് വിരാമമിട്ട് 2014ൽ ദിലീപും മഞ്ജുവും പിരിഞ്ഞു. ഇതോടെയാണ് ദിലീപിന്റെ ജീവിതത്തിലെ കഷ്ടകാലവും തുടങ്ങിയത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് അഭിനയിച്ച റിങ് മാസ്റ്റർ എന്ന ചിത്രവും വൻ വിവാദമായി. ഇതിൽ സ്‌നേഹിച്ച പെണ്ണ് ഉടക്കി പോയപ്പോൾ പകരം പട്ടിയെ വളർത്തുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഇത് മഞ്ജുവിനെ അധിക്ഷേപിച്ചാണ് എന്ന വിവാദവും ഉയർന്നു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ലെന്ന് ആവർത്തിച്ച് പറഞ്ഞ ദിലീപ് സ്വന്തം മകളെ സാക്ഷിയാക്കി 2016ൽ കാവ്യാ മാധവനെ വിവാഹം ചെയ്തു.

ഇതിനുശേഷം ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതോടെ കേസ് പുതിയ വഴിത്തിരിവിൽ എത്തുകയാണ്. ഒപ്പം മലയാള സിനിമയിൽ ഇതുവരെ ഉണ്ടാകാത്ത പുതിയൊരു ക്‌ളൈമാക്‌സിലും എത്തിയിരിക്കുകയാണ് കേസും ദിലീപിന്റെ ജീവിതവും.