മുംബൈ: 1947ൽ ഒരു രൂപയ്ക്കുണ്ടായിരുന്ന വില ഇന്നില്ല. അതായത് രൂപത്തിലും പർച്ചേസിങ് പവറിലും രൂപയ്ക്ക് കാര്യമായ മാറ്റമാണുണ്ടായിരിക്കുന്നത്. രൂപയടക്കമുള്ള ഏത് കറൻസിയുടെയും മൂല്യം നിർണയിക്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും രാജ്യം സ്വീകരിച്ച് വരുന്ന നയങ്ങളുമാണ്. ഇത്തരത്തിൽ പലവിധ കാരണങ്ങളാൽ രൂപയുടെ വില കാലാകാലങ്ങളിൽ കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. രൂപയുടെ മൂല്യത്തിൽ വരുന്ന മാറ്റത്തിന് ഡോളറുമായി നിർണായകമായ ബന്ധമുണ്ടോ...?ആവശ്യവും ലഭ്യതയും എങ്ങനെയാണ് കറൻസി മാർക്കറ്റിൽ പ്രവർത്തിക്കുന്നത്...? രൂപയുടെ വിലമാറ്റം എങ്ങനെയാണ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്...? തുടങ്ങി സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില വിപണി വിശേഷങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

എങ്ങനെയാണ് രൂപയുടെ വില കുറയുന്നതും കൂടുന്നതും...?

രൂപയടക്കമുള്ള ഏത് കറൻസിയുടെയും വില കൂടുകയും കുറയുകയും ചെയ്യുന്നത് കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, തൊഴിൽ, പലിശനിരക്ക്, വളർച്ചാ നിരക്ക്, വ്യാപാര മാന്ദ്യം, ഇക്യുറ്റി മാർക്കറ്റുകളുടെ പ്രകടനം, ഫോറിൻ എക്സേഞ്ച് റിസർവ്സ്, മാക്രോ എക്കണോമിക്സ് നയങ്ങൾ, ഫോറിൻ ഇൻവെസ്റ്റ്മെന്റ് ഇൻഫേ്ലാസ്, ബാങ്കിങ് കാപിറ്റൽ, കമ്മോദിറ്റി വിലകൾ, ജിയോ പൊളിറ്റിക്കൽ അവസ്ഥകൾ തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. വരുമാനത്തിന്റെ നിലവാരം ഉപഭോക്തൃ ചെലവിടലിലൂടെ കറൻസികളെ സ്വാധീനിക്കുന്നു. അതായത് വരുമാനം വർധിക്കുമ്പോൾ ആളുകൾ കൂടുതൽ ചെലവിടുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങൾക്ക് ഡിമാന്റേറുമ്പോൾ വിദേശ കറൻസികൾക്ക് ഡിമാന്റേറുന്നു. തൽഫലമായി പ്രാദേശിക കറൻസികൾ ദുർബലമാവുകയും ചെയ്യുന്നു.

രൂപയുടെ വൃദ്ധിക്ഷയങ്ങൾക്ക് ഡോളറുമായി എന്താണ് ബന്ധം...?

അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയുടെ വൃദ്ധിക്ഷയങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഡോളറിനുള്ള ഡിമാന്റ് അതിന്റെ വില വർധിപ്പിക്കുന്നു. തൽഫലമായി ഒരു ഡോളർ വാങ്ങാൻ കൂടുതൽ ഇന്ത്യൻ രൂപ വേണ്ടി വരുകയും തൽഫലമായി ഇന്ത്യൻ രൂപയുടെ വില കുറയുകയും ചെയ്യും. ഇതുപോലെ തന്നെ തിരിച്ചും സംഭവിക്കുന്നു. അതായത് ഡോളറിന്റെ വിലയിടിയുമ്പോൾ അത് വാങ്ങുന്നതിന് വേണ്ടി വരുന്ന ഇന്ത്യൻ രൂപ കുറയുകയും തൽഫലമായി ഇന്ത്യൻ കറൻസിയുടെ മൂല്യം വർധിക്കുകയും ചെയ്യുന്നു.
ആവശ്യവും ലഭ്യതയും എങ്ങനെയാണ് കറൻസി മാർക്കറ്റിൽ പ്രവർത്തിക്കുന്നത്...?

സാധനങ്ങളുടെ മൂല്യം ആ സാധനത്തിന്റെ സപ്ലൈ ഡിമാന്റ് എന്നിവയെ സ്വാധീനിക്കുന്നത് പോലെ ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം ആ കറൻസിയുടെ സപ്ലൈ, ഡിമാന്റ് എന്നിവയെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണമായി 2012ലെ ലണ്ടൻ സമ്മർ ഒളിമ്പിക്സിനിടെ ഇംഗ്ലണ്ടിലേക്കുള്ള ടൂറിസം വർധിച്ചിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് പൗണ്ടിനുള്ള ഡിമാന്റ് വർധിച്ചിരുന്നു. ഇതിനെ തുടർന്ന് പൗണ്ടിന്റെ വില കുതിച്ചുയരുകയും ചെയ്തിരുന്നു. വിലക്കയറ്റത്തെക്കുറിച്ച് ഓരോ തലമുറയും പരാതി പറയാറുണ്ട്. ഗുഡ്സും സർവീസും പരിമിതമാകുമ്പോഴാണ് വിലകൾ കുതിച്ച് കയറുന്നത്. അല്ലെങ്കിൽ പണം വിപണിയിൽ ആവശ്യത്തിലധികമുണ്ടാകുമ്പോഴും വിലക്കയറ്റമുണ്ടാകും. ഈ അടിസ്ഥാന തത്വങ്ങൾ രൂപ, ഡോളർ, പൗണ്ട് തുടങ്ങിയ ഏത് കറൻസിക്കും ബാധകമാണ്.=

രൂപയുടെ വിലമാറ്റം എങ്ങനെയാണ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്...?

രൂപയുടെ വിലമാറ്റം ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായ ബാധിക്കുന്നുണ്ട്. രൂപയുടെ വൃദ്ധിക്ഷയങ്ങൾ കാരണം അസ്ഥിരമായ എക്സേഞ്ച് നിരക്കിന് അല്ലെങ്കിൽ അയവുള്ള എക്സേഞ്ച് നിരക്കിന് വഴിയൊരുങ്ങും. ഇതിനെ തുടർന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലില്ലാതെ മാർക്കറ്റ് ശക്തികൾ സ്വാധീനിക്കപ്പെടാൻ സാധ്യത വർധിക്കുകയും ചെയ്യുന്നു. ഉദാഹരണമായി ഇറക്കുമതി വർധിക്കുന്നതിനെ തുടർന്ന് രൂപയുടെ സപ്ലൈ വർധിക്കുകയും ഇതിന്റെ മൂല്യം ഇടിഞ്ഞ് താഴുകയും ചെയ്യും. എന്നാൽ കയറ്റുമതി വർധിക്കുമ്പോൾ ഡോളർ ഇൻഫേ്ലാസ് വർധിക്കുകയും രൂപയുടെ മൂല്യം ഉയരുകയും ഇവിടുത്തെ സമ്പദ് വ്യവസ്ഥയും രൂപയും ശക്തിപ്രാപിക്കുകയും ചെയ്യും.