തിരുവനന്തപുരം: ഉദ്ഘാടനദിവസം തന്നെ ആദ്യ വാർത്തകൊണ്ട് ഒരു മന്ത്രിയെ രാജിവയ്‌പ്പിക്കുന്ന നിലയിലേക്ക് ഗൗരവമേറിയ ഒരു വാർത്ത പുറത്തുവിടുക, അല്ലെങ്കിൽ ജനങ്ങളെ പിടിച്ചുകുലുക്കുന്ന ഒരു വാർത്ത അവർക്കുമുന്നിൽ എത്തിക്കുക എന്നത് ഏതൊരു മാധ്യമപ്രവർത്തകന്റേയും മാധ്യമത്തിന്റേയും സ്വപ്‌നമാണ്. ആ സ്വപ്‌നമാണ് മംഗളമെന്ന മാധ്യമം ഇന്നത്തെ ബ്രേക്കിങ് ന്യൂസിലൂടെ സഫലീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അത്രയും ആരും ശ്രദ്ധിക്കാതിരുന്ന, ലൈംഗിക പീഡനക്കേസുകളുമായും മറ്റും ബന്ധപ്പെട്ട പ്രതികരണങ്ങളിൽ ഇരകൾക്കുവേണ്ടി ശക്തിയുക്തം വാദിച്ച ഒരു മന്ത്രിയുടെ തനിനിറമാണ് ചാനൽ വെളിച്ചത്തുകൊണ്ടുവന്നത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതുമുതൽ ഇതിന്റെ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന തിരക്കിലായിരുന്നു മംഗളം ചാനലിന്റെ തിരുവനന്തപുരത്തെ പ്രവർത്തകരെല്ലാം എന്ന് ഇതിന് ചുക്കാൻപിടിച്ച മംഗളം ലേഖകൻ ആർ ജയചന്ദ്രൻ മറുനാടനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചാനൽ ഉദ്ഘാടനം ചെയ്തത്. ഇന്ന് വാർത്തയോട് പ്രതികരിക്കുമ്പോൾ തന്നെ അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടണമെന്ന ആഹ്വാമാണ് പിണറായി അന്ന് നടത്തിയത്. അത് ശിരസാ വഹിച്ച രീതിയിലാണ് ചാനൽ ഇന്ന് സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ ലൈംഗികരോഗിയാണെന്ന് തുറന്നുകാട്ടുന്ന സംഭാഷണങ്ങൾ ഉദ്ഘാടന വാർത്തയായി പുറത്തുവിട്ടത്.

കഴിഞ്ഞദിവസം തന്നെ ബ്രേക്കിങ് ന്യൂസായി ഒരു വലിയ 'ബോംബ്' മംഗളം ഒളിപ്പിച്ചുവച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. അതെന്തായിരിക്കുമെന്ന ആശങ്ക തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കിടയിലും സർക്കാർ തലത്തിലും ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷംവരെ ആ ബോംബിന്റെ രഹസ്യം പുറത്തുപറയാതെയായിരുന്നു മംഗളത്തിന്റെ ഓപ്പറേഷൻ.

ആർക്കും പിടികൊടുക്കാതെ മംഗളം ടീം ഇന്ന് വാർത്ത പുറത്തുവിട്ടു. മന്ത്രി എകെ ശശീന്ദ്രൻ ഒരു സ്ത്രീയുമായി നടത്തിയ ലൈംഗികചുവയുള്ള സംഭാഷണമാണ് പുറത്തുവന്നത്. കേരളം കൊടിയ പീഡനങ്ങളുടെ വാർത്തകളിൽ കാതുകൾപൊത്തിനിൽക്കുമ്പോൾ ഒരു മന്ത്രിതന്നെ ഇത്തരത്തിൽ പെരുമാറിയത് കേരളമനസ്സിലേക്ക് വീണ ന്യൂസ് ബോംബായി മാറി. ആ വാർത്തയുടെ പിന്നാമ്പുറ കഥകൾ ഇക്കാര്യം പുറത്തുവിട്ട മംഗളം സീനിയർ ലേഖകൻ ജയചന്ദ്രൻ തന്നെ തുറന്നു പറയുന്നു.

ചാനൽ തുടങ്ങാൻ മംഗളം തീരുമാനിച്ചിട്ട് കുറേക്കാലമായിരുന്നു. അടുത്തിടെയാണ് തലസ്ഥാനത്തെ ഓഫീസ് നവീകരിച്ച് മംഗളം ചാനലിനായി സജ്ജീകരിച്ചത്. കുറച്ചുനാളായി ട്രയൽറണ്ണും മറ്റും സജീവമായി നടന്നു. ചാനൽ തുടങ്ങുമ്പോൾ നല്ല സ്‌പെഷ്യൽ ബ്രേക്കിങ് ന്യൂസ് വേണമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഈ കമാൻഡ് തിരുവനന്തപുരം ബ്യൂറോ ഒറ്റക്കെട്ടായി ഏറ്റെടുത്തുവെന്നും പ്ിന്നെ ഇത്തരം സ്‌പെഷ്യൽ വാർത്തകൾക്കായുള്ള അന്വേഷണമാണ് നടന്നതെന്നും ജയചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിനിടയിൽ തികച്ചും യാദൃച്ഛികമായാണ് മംഗളം സിഇഒ അജിത്തിന്റെ അടുത്ത് ഈ സ്ത്രീയുടെ വിഷയം എത്തുന്നത്. ഇത് ബ്യൂറോയ്ക്ക് കൈമാറി. തുടർന്ന് സംഗതി അതീവ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയതോടെ ഇക്കാര്യത്തിൽ മുഴുവൻ കാര്യങ്ങളും ചികഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു തിരുവവന്തപുരം ബ്യൂറോ. മന്ത്രിയെ നിരന്തരം നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ശേഖരിച്ചു. ടെലികോമുമായി ബന്ധപ്പെട്ട രേഖകളും സംഭാഷണങ്ങളുമെല്ലാം പരിശോധിച്ചു.

മന്ത്രി സംഭാഷണം നടത്തിയ സ്ത്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും തേടി. അങ്ങനെയാണ് ഇതുതന്നെയാണ് ചാനലിന്റെ ഉദ്ഘാടന ദിവസത്തെ ബ്രേക്കിങ് സ്റ്റോറിയെന്ന് തീരുമാനിക്കുന്നത്. - ജയചന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിലും വൻ വെളിപ്പെടുത്തലുകൾ ചാനലിൽ നിന്ന് ഉണ്ടാവുമെന്നും സമൂഹത്തിൽ മാന്യന്മാർ എന്ന് നടിക്കുന്ന പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നും ജയചന്ദ്രൻ പറയുന്നു.

മംഗളം ചാനൽ എന്തു കൊടുങ്കാറ്റാണ് അഴിച്ചുവിടുകയെന്ന കാര്യത്തിൽ മറ്റു ചാനലുകളും ആശങ്കയിലായിരുന്നു. ഇതിനിടയിൽ ജിഷ വധക്കേസിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിന് നൽകിയ റിപ്പോർട്ടാവും വലിയ വാർത്തയായി പുറത്തുവിടുകയെന്ന പ്രചരണവും മാധ്യമലോകത്ത് നടന്നു. ഇതോടെ ഇന്ന് രാവിലെ മുതൽ മംഗളത്തിന് മേൽക്കോയ്മ കിട്ടുന്നത് പൊളിച്ചടുക്കാൻ മറ്റു ചില ചാനലുകൾ ജേക്കബ് തോമസിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകളും നൽകിത്തുടങ്ങി.

പക്ഷേ, എല്ലാവരേയും ഞെട്ടിച്ച് മന്ത്രിയുടെ ഫോണിലൂടേയുള്ള ലൈംഗിക സംഭാഷണം പുറത്തുവിട്ട് മംഗളം മലയാള വാർത്താലോകത്ത് വലിയ ചർച്ചയായി മാറി. ആദ്യമൊന്നും മംഗളം വാർത്ത മറ്റു ചാനലുകൾ കൊടുത്തില്ലെങ്കിലും പിന്നീട് മന്ത്രി രാജിവച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ അവരും നിവൃത്തിയില്ലാത്ത മട്ടിൽ മംഗളത്തിന്റെ ഉദ്ഘാടന വാർത്ത കൈകാര്യം ചെയ്തു തുടങ്ങുകയായിരുന്നു. ഇക്കാര്യത്തിൽ മന്ത്രി തന്നെ വിളിച്ചെന്ന്

മംഗളം പുറത്തുവിടാൻ പോകുന്ന ആ വലിയ വാർത്ത എന്താണെന്നറിയാൻ പല മേഖലയിൽ നിന്നും അന്വേഷണങ്ങൾ വന്നിരുന്നു. പക്ഷേ, ഇക്കാര്യം അന്വേഷിച്ച തിരുവനന്തപുരം ബ്യൂറോയുടെ കയ്യിൽ എല്ലാം ഭദ്രമായി. ആരും ഒരു വിവരവും അവസാന നിമിഷം വരെ പുറത്തുവിട്ടില്ല. അങ്ങനെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായമായി മാറുകയാണ് മംഗളത്തിന്റെ ഉദ്ഘാടനം. രാജ്യത്ത് ഒരു മന്ത്രിയെ ഉദ്ഘാടന വാർത്തയോടെ രാജിയിലേക്ക് എത്തിക്കുകയെന്ന വിപ്‌ളവകരമായ നേട്ടമാണ് മംഗളം കൈവരിച്ചിരിക്കുന്നത്.

മംഗളം വലിയൊരു വാർത്ത പുറത്തുവരുമെന്ന് വ്യക്തമാക്കിയതോടെ തന്നെ ഇന്ന് മലയാളത്തിലെ മറ്റ് വാർത്താ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം വലിയതോതിൽ കുറഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പതിവുള്ള വാർത്താ ചാനൽ രീതികളിൽ നിന്നു മാറി വൃത്യസ്തവും വസ്തുനിഷ്ഠവുമായ വാർത്തകൾ കൊണ്ടുവരുമെന്നാ്ണ് ചാനൽ പ്രവർത്തകർ വ്യക്തമാക്കുന്നത്.

(ചുവടെ കൊടുത്തിരിക്കുന്ന ഓഡിയോ പൂർണ്ണമായും അശ്ലീള സംഭാഷണമായതിനാൽ സ്ത്രീകളും കുട്ടികളും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക)