മുഹമ്മദ് നിസ്സാം ഒരു ധനികനാണ്. അദ്ദേഹം ഇപ്പോൾ ഒരു കൊലപാതക കേസിലെ പ്രതിയുമാണ്. ഐപിസി വകുപ്പ് 302 അനുസരിച്ചുള്ള കേസിലെ പ്രതി. ഈ കേസിനു മുൻപേ അദ്ദേഹം ഒരു ഡസൺ കേസുകളിൽ പ്രതിയായിരുന്നു (മലയാള മനോരമ 18-02-2015). ഒരു ഡസണിലേറെ കേസുകളിൽ പ്രതിയായ നിസ്സാമിന് എങ്ങനെ വിവിധ കേസുകളിൽ ജാമ്യം ലഭിച്ചു. നിയമജ്ഞർ ചിന്തിക്കേണ്ട വിഷയമാണ്. അത് ഒരു അത്ഭുത പ്രതിഭാസം തന്നെ. അന്വേഷിക്കേണ്ട വിഷയം തന്നെ.

ജാമ്യാപേക്ഷ വാദം നടക്കുമ്പോൾ പ്രതി മറ്റു കേസുകളിൽ പ്രതിയാണോ എന്ന് കോടതി അന്വേഷിക്കും. ഇത് എന്റെ 35 വർഷത്തെ അഭിഭാഷക ജീവിതാനുഭവത്തിൽ നിന്നു പറയുന്നതാണ്. നിസ്സാമിന്റെ കേസുകളിൽ അതുണ്ടായില്ലേ? ഉണ്ടായില്ലെങ്കിൽ കാരണം എന്ത്? പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആര്? സർക്കാർ അഭിഭാഷകൻ ജാമ്യത്തെ എതിർത്തിരുന്നോ? ഇക്കാര്യങ്ങൾ വളരെ പ്രസക്തം. ഈ വിഷയങ്ങൾ ഒരു സമഗ്ര അന്വേഷണത്തിനെടുക്കണം. ഇത് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയും.

സംസ്ഥാനത്തെ പ്രോസിക്യൂഷൻ തലവനായ അസഫ് അലി ക്രിമിനൽ നിയമത്തിൽ പരിണിത പ്രഗത്ഭനാണ്. ക്രിമിനൽ നിയമത്തിൽ ക്ലാസു കളെടുക്കുന്ന വ്യക്തിയും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നയാളും. നിസ്സാമിന് വിവിധ ക്രിമിനൽ കേസുകളിൽ കിട്ടിയ ജാമ്യത്തെപ്പറ്റി അടുത്ത സെമിനാറുകളിൽ ക്ലാസോ പ്രബന്ധമോ അവതരിപ്പിക്കുന്നത് വിവിധ കോടതികളിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന സർക്കാർ അഭിഭാഷകർക്ക് ഒരു മാർഗ്ഗദർശിയായിരിക്കും.

ഗുണപാഠം: നാണം കെട്ടും നേടും പണം ആ നാണക്കേട് നീക്കിടും
കാട്ടിലെ തടി തേവരുടെ ആന വെട്ടടാ വെട്ട്, വലിയെടാ വലി

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമാണ് ലേഖകൻ