തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭത്തിന് അറസ്റ്റിലായ ചുംബന സമര നായകൻ രാഹുൽ പശുപാലനും ഭാര്യ രശ്മിക്കും ശേഷം കേരളാ പൊലീസ് തുടർന്നു പോന്ന ഓപ്പറേഷൻ ബിഗ് ഡാഡിയിൽ ഒടുവിൽ വീണതും വൻ സെക്‌സ് റാക്കറ്റിലെ കണ്ണികളാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ വലയിൽ വീണത് ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന പെൺവാണിഭ സംഘമായിരുന്നു. സോഷ്യൽ മീഡിയയെയും ഓൺലൈൻ വെബ്‌സൈറ്റുകളും ഉപയോഗിച്ച് കസ്റ്റമേഴ്‌സിനെ പിടിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഒന്നരമാസമായി നടത്തിയ നിരീക്ഷണത്തോടെയാണ് പൊലീസ് പെൺവാണിഭ സംഘത്തെ പിടികൂടിയത്. പെൺവാണിഭ സംഘത്തിന്റെ വലയിൽ പെട്ട ഏഴ് പേരെ പൊലീസ് രക്ഷപെടുത്തുകയും ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് പെൺവാണിഭ സംഘം പിടിയിലായത്. ഒന്നാം പ്രതിയും മുഖ്യ ഇടപാടുകാരിയുമായ ശ്രീകാര്യം സ്വദേശി ഗീത (51), മകൾ നയന (28), നയനയുടെ ഭർത്താവ് പ്രദീപ് (38), എറണാകുളം സ്വദേശി അജിത് (53), ബാലരാമപുരം സ്വദേശി ശ്രീജിത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിൻകീഴ് സ്വദേശി വിപിൻ (31), ആറ്റിങ്ങൽ സ്വദേശികളായ തിലകൻ (38), എസ്.സജു (33), ഇടുക്കി, രാജാക്കാട് സ്വദേശി ജെയ്‌സൺ (31), വെള്ളായണി സ്വദേശി ഷമീർ (30), പട്ടം സ്വദേശി സജീന (33), കവടിയാർ സ്വദേശി എസ്.ബിന്ദു (44) എന്നിവരാണു പിടിയിലായത്.

പിടിക്കപ്പെട്ടവരിൽ സീരിയൽ നടിയും ബെംഗളൂരുവിൽ നിന്നുള്ള മോഡലും സിനിമാ ചിത്രീകരണ സഹായിയും ഉണ്ട്. 'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായി ഓൺലൈൻ സൈറ്റുകൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിവ വഴി നടക്കുന്ന പെൺവാണിഭ കച്ചവടങ്ങളിൽ കഴിഞ്ഞ ഒന്നര മാസം നടത്തിയ നിരീക്ഷണത്തിലാണു സംഘം പിടിയിലായത്. ഇന്ത്യൻ പൗരത്വമില്ലാത്ത, മലയാളം അറിയുന്ന ശ്രീലങ്കൻ സ്വദേശി നന്ദിനി (33)യാണു പിടിയിലായ വിദേശിയെന്നു പൊലീസ് വ്യക്തമാക്കി.

മോഡലുകളുടെ പരസ്യം നൽകിയാണു സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇടപാടുകാരെന്ന വ്യാജേന കൂടുതൽ പണം നൽകാമെന്നു പറഞ്ഞു പെൺവാണിഭ സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണു പൊലീസ് പ്രതികളെ കുടുക്കിയത്. 33 ലക്ഷം രൂപയാണ് ഇടപാടുകാർ ആവശ്യപ്പെട്ടത്. മുൻകാലങ്ങളിൽ പെൺവാണിഭ സംഘം ഉപയോഗിച്ച www.locanto.in എന്ന ഇന്റർനെറ്റ് സൈറ്റ് മുഖേനയാണ് പ്രധാനമായും ഇവർ ഇടപാട് നടത്തിയിരുന്നത്. ഏറെക്കാലമായി ഈ സൈറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ സൈറ്റ് മുഖേന ഇടപാട് നടക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ് പൊലീസ് പ്രതികളെ വലയിലാക്കാൻ ഇറങ്ങിത്തിരിച്ചത്.

ഇടപാടിനായി 30 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട സംഘത്തിനെ മൂന്നര ലക്ഷ രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച് സംഘത്തെ പൊലീസ് തലസ്ഥാനത്തെക്കുകയായിരുന്നു. ബിസിനസുകാരെന്ന വ്യാജേനയാണ് കരാർ ഉറപ്പിച്ചത്. മൊബൈൽ നമ്പർ പരസ്യപ്പെടുത്തി സ്‌കൂൾ കോളേജ് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുന്ന സംഘമാണ് പിടിയിലായത്. സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തിയത്.

വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്ന മൊബൈൽ നമ്പരിൽ കസ്റ്റമർ എന്ന വ്യാജേന അന്വേഷണ സംഘം ബന്ധപ്പെടുകയായിരുന്നു. ഇവരോട് വിലപേശിയാണ് കരാർ ഉറപ്പിച്ചത്. വിലപേശി ഉറപ്പിക്കുന്ന തുകയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ കൊണ്ടുവന്ന് നൽകാറുണ്ടെന്ന് പ്രതികൾ അറിയിച്ചു. പെൺകുട്ടികളെ ആവശ്യമുണ്ടെങ്കിൽ അവർ പറയുന്ന സ്ഥലത്ത് ചെന്നാൽ ഇഷ്ടപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാം. പ്രായം കുറഞ്ഞ കുട്ടികൾക്ക് ഒരുലക്ഷത്തിനുമുകളിൽ കൊടുക്കേണ്ടിവരും. പെൺകുട്ടികളുടെ പ്രായവും സൗന്ദര്യവും കണക്കിലെടുത്താണ് റേറ്റ് നിശ്ചയിക്കുന്നതെന്നും പ്രതികൾ അറിയിച്ചു. ഇതേത്തുടർന്ന് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അവർ പറയുന്ന സ്ഥലത്ത് ചെല്ലാമെന്നും പൊലീസ് പറഞ്ഞു.

എന്നാൽ തിരുവനന്തപുരത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ വിവിധ ഏജന്റുമാർ മുഖേന പെൺകുട്ടികളെ എത്തിക്കുമെന്നും അവരെ അവിടെ ഒരു റൂമിൽ പാർപ്പിച്ചശേഷം മറ്റൊരു റൂമിൽ വച്ച് ഇടപാടു നടത്തി പണം കൈമാറിയശേഷം പെൺകുട്ടികളെ കൊണ്ടുപോകാമെന്നും ഇടപാടിനു മുമ്പ് പെൺകുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്നും പ്രതികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആസൂത്രിത നീക്കത്തിലൂടെ പൊലീസ് ഇവരെ കുടുക്കുയായിരുന്നു.

പെൺകുട്ടികളെ കടത്തിക്കൊണ്ടുവരുന്നതിനുപയോഗിച്ച അഞ്ച് കാറുകളും, സന്ദേശങ്ങളും പെൺകുട്ടികളുടെ ഫോട്ടോകളും മറ്റും കൈമാറുന്നതിനുപയോഗിച്ച നിരവധി മൊബൈൽ ഫോണുകളും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവന്ന ഏഴു പെൺകുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ക്രൈംസ് ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി: വി.രാഗേഷ്, പൊലീസ് ഇൻസ്‌പെക്ടർ ജെ.കെ.ദിനിൽ, എൻ.ഷിബു, ഒ.എ.സുനിൽ, എസ്.സുരേഷ് ബാബു, സബ് ഇൻസ്‌പെക്ടർമാരായ എൻ.സജികുമാർ, ബി.സജിശങ്കർ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.