തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണന് അരക്കോടി നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധി വരുമ്പോഴും, താൻ കടന്നുപോയ സമാനതകളില്ലാത്ത പീഡനത്തിന്റെ ഓർമ്മകൾ ആ മഹാനായ ശാസ്ത്രജ്ഞനെ ഇന്നും വേട്ടയാടുന്നു.ഒരു ശാസ്ത്രജ്ഞൻ എന്ന പരിഗണപോലും നൽകതെ ക്രൂരമായ മർദനവും പീഡനവുമാണ് അദ്ദേഹത്തിന്റെ നേർക്കുണ്ടായത്.സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജി പ്രജേഷ്സെൻ രചിച്ച നമ്പിനാരയാണന്റെ ആത്മകഥയായ ഭ്രമണപഥത്തിൽ ഇക്കാര്യം വ്യക്മാക്കുന്നുണ്ട്.താൻ റിമാൻഡിലായതിന്ശേഷമുള്ള പൊലീസ് ഭീകരത പുസ്തകത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെ:

പൊലീസ് റിമാൻഡിലായതിന്റെ മൂന്നാം ദിവസം, ചോദ്യംചെയ്യൽ മുറിയിലേക്ക് ഗുണ്ടകളെ പോലെ ഒരു സംഘം ഇരച്ചുകയറുകയും, കൈകാലുകൾ കൊണ്ട് അവർ നമ്പി നാരായണനെ നിർത്താതെ ചോദ്യം ചെയ്യുകയും ചെയ്തു. അടിയേറ്റു അവശനായപ്പോൾ വെള്ളം ചോദിച്ചു, ഒരു ഗ്ലാസിൽ ആരോ വെള്ളം കൊണ്ടുവന്നു. അതുവാങ്ങാനായി കസേരയിൽ നിന്നും എഴുന്നേറ്റപ്പോൾ വെള്ളം മുഖത്തേക്ക് ഒഴിച്ചു. പിറകിൽ നിന്ന ആൾ ഇരുന്ന കസേര ചവിട്ടി തെറിപ്പിച്ചു.

'നിനക്കീ രാജ്യത്തു കസേരയില്ല, നീ ചാരനാണ്..' -രണ്ടു കരണത്തും ആഞ്ഞടിച്ചുകൊണ്ടു കസേര നിഷേധിച്ച പൊലീസുകാരൻ നമ്പി നാരായണനെ അടിച്ചു താഴെയിട്ടു.തറയിൽ ബൂട്ടുകൊണ്ടു ചവിട്ടേറ്റ് കിടക്കുമ്പോൾ ആ 53 വയസുകാരൻ അവരോടു പറഞ്ഞു - 'നിങ്ങളീ ചെയ്യുന്ന കുറ്റത്തിന്റെ ആഴം നിങ്ങൾക്കറിയില്ല. ഇതിനു നിങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കില്ല, തീർച്ച! എന്നെക്കൊല്ലാതെ വിട്ടാൽ നിങ്ങളെക്കൊണ്ട് ഞാനിതിനെല്ലാം ഉത്തരം പറയിക്കും. എന്റെ ജീവിതം തകർത്തതിന്റെ കണക്ക് ഞാൻ ചോദിച്ചിരിക്കും!'

രണ്ട് അന്വേഷണ രീതികളിലെയും വ്യത്യസ്തയും നമ്പി നാരായണൻ പുസ്‌കത്തിൽ എടുത്തുപറയുന്നുണ്ട്.കേരളാപൊലീസ് അറസ്റ്റിന് വിധേയനാവുന്നു ഒരാൾക്കുള്ള പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും അ്ംഗീകരിച്ച് തന്നില്ല.ചോദ്യം ചെയ്യുന്ന ഒരാൾപോലും പേര് വെളിപ്പെടുത്തുകയോ തിരച്ചറിയൽ കാർഡ് കാണിക്കയോ ചെയ്തിട്ടില്ല.അതുകൊണ്ടുതന്നെ ആരാണ് തല്ലിയതെന്ന് തീർത്തും വ്യക്തമല്ല.ജയപ്രകാശ് എന്ന ഐബി ഉദ്യോഗസ്ഥനാണ് ഏറ്റവും ക്രൂരമായി മർദിച്ചത്.

എന്നാൽ സിബിഐയുടെ രീതി തീർത്തും വ്യത്യസ്തമായിരുന്നു.അവർ ആദ്യം തന്നെ തിരിച്ചറിയൽ കാർഡ് കാണിച്ച് പരിചയപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.തങ്ങൾക്ക് സംശയമുള്ളകാര്യങ്ങൾ പഠിക്കാനാണ് അവർ കൂടുതൽ സമയവും വിനിയോഗിച്ചത്.അതിനുശേഷമാണ് അവർ നിഗമനത്തിൽ എത്തിയത്.അങ്ങനെയാണ് ഈ കേസ് കെട്ടുകഥയാണെന്ന് അവർ തീരുമാനിച്ചത്.എന്നാൽ കേരളാപൊലീസിന്റെ രീതിയാവട്ടെ കുറ്റാരോപിതനെ ക്രൂരമായി മർദിച്ചും മാനസികമായി തളർത്തിയും തങ്ങളുടെ ഭാഗം ശരിയാണെന്ന് സമർഥിക്കാനാണ് അവർ ശ്രമിച്ചത്.തെളിവുകൾ ഒരിക്കലും അവർ ഒത്തുനോക്കിയില്ല.ഈ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്നു സിബി മാത്യൂസ് തന്നെ നേരിട്ട് മർദിച്ചിട്ടില്ലെങ്കിലും മാനസികമായി തളർത്താനാണ് ശ്രമിച്ചത്.മർദിക്കരുതെന്ന നിർദ്ദേശം അദ്ദേഹം നൽകിയില്ല.നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്്തതെന്നാണ്് അദ്ദേഹം ചോദിച്ചത്.

ശശികുമാർ അറസ്റ്റിലായി എന്ന വാർത്ത കേട്ടപ്പോൾ ആദ്യം അത് മറ്റെന്തെങ്കിലും കേസായിരിക്കുമെന്നാണ് കരുതിയത്.എന്തായാലും റോക്കറ്റ് അടിച്ചുകൊണ്ടുപോവാൻ കഴിയില്ലല്ലോ എന്ന് ഞങ്ങൾ തമാശയും പറഞ്ഞു.പക്ഷേ പിറ്റേന്ന് കളിമാറി.ഞാനും പൊലീസ് പിടിയിലായി.ഇത് വ്യക്തമായി ഒഫീഷ്യൽ സീക്രട്ട് ആക്റ്റിന്റെ പരിധിയിൽ പെടുന്ന കാര്യമാണെന്നും, ഐഎസ്ആർഒക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ അത് നൽകണമെന്നും അറിയാമൊയിരുന്ന്ിട്ടും അനിൽകുമാർ എന്ന ആ മജിസ്ട്രറ്റ് എന്നെ റിമാൻഡ് ചെയ്തു.ഈ കേസ് ഉണ്ടായത് സത്യത്തിൽ അങ്ങനെയാണ്.ഇതേ മജിസ്ട്രേറ്റ് പിന്നീട് ഒരു കേസിൽപെട്ട് സർവീസിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു-നമ്പിനാരായണൻ ഓർക്കുന്നു.

മർദനമേറ്റ് തളർന്നുകിടക്കുമ്പോഴുള്ള നമ്പിനാരായണിന്റെ ഓർമ്മകൾ ഭ്രമണപഥത്തിൽ അത് ഇങ്ങനെയാണ്:

'തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ പണ്ടൊരു റോക്കറ്റ് ലോഞ്ചിന് കൺട്രോൾ റൂമിലിരുന്ന് കൗണ്ട് ഡൗൺ ചെയ്ത നമ്പി നാരായണൻ എന്ന യുവാവിനെ ആ ശാസ്ത്രജ്ഞന് അപ്പോൾ ഓർമ വന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്നിട്ടും നേരിട്ട് കാണാൻ കഴിയാതെ കൺട്രോൾ റൂമിൽ അകപ്പെട്ടുപോയതിൽ അയാൾ ദുഃഖിതനായിരുന്നു. അതിനകത്തു ഒരേ ഒരു കസേര ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാം തയ്യാറായി കഴിഞ്ഞു, ഇനി ലോഞ്ച് ചെയ്താൽ മതി.

പെട്ടെന്ന് മുറി തുറന്നു മൂന്നുപേർ അകത്തേക്ക് വന്നു, നമ്പി നാരായണൻ ആരെയും കണ്ടില്ല. കൗണ്ട് ഡൗൺ സ്റ്റാർട്ട് ചെയ്തു, അപ്പോഴാണ് വന്നവരെ ശ്രദ്ധിച്ചത്. പിന്നിൽ കസേരയിൽ പിടിച്ച് ഇന്ദിരാഗാന്ധി നിൽക്കുന്നു. തിടുക്കപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു, ഇരുചുമലിലും കൈകൾ അമർത്തി സാരാഭായി പറഞ്ഞു- 'ഇരിക്കൂ, ആരുവന്നാലും ഇപ്പോൾ എഴുന്നേൽക്കരുത്.'- ഈ രീതിയിൽ ബഹുമാനിക്കപ്പെട്ട ഒരു ശാസ്ത്രഞജനെയാണ് കേരളപൊലീസ് തല്ലിച്ചതച്ച് പീഡിപ്പിച്ചതെന്ന് ഓർക്കണം.

കെ കരുണാകരന്റെ കാലത്ത് കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് ചാരക്കേസ് ഉദയം കൊണ്ടത്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരെ പൊലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റേയും കെ കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് ചാരക്കേസ് വഴി തുറന്നു. ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ കണ്ടെത്തപ്പെട്ടതാണ്. എങ്കിലും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ചാരക്കേസ് അവസാനിപ്പിക്കുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയ മാനം നൽകി കേസിലെ പ്രതിയായ മാലിദ്വീപുകാരി ഫൗസിയ ഹസ്സൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ മനോരമ പുറത്ത് വിട്ടിരിക്കുന്നു.

നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുമാണ് ഫൗസിയ പറയുന്നത്. നമ്പി നാരായണന്റെ പേര് ഐബി ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി പറയപ്പിക്കുകയായിരുന്നുവെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. പൊലീസ് ഭീഷണിപ്പെടുത്തി തന്റെ പേര് പറയിച്ചതാണ് എന്ന് നമ്പി നാരായണൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പൊലീസ് വാഹനത്തിൽ വെച്ച് മറിയം റഷീദ ഇക്കാര്യം പറഞ്ഞതായി ഓർമ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയിൽ നമ്പി നാരായണൻ വെളിപ്പെടുത്തുന്നുണ്ട്. പേര് തനിക്ക് ശരിക്കും പറയാൻ പോലും സാധിച്ചില്ലെന്നും കുറ്റസമ്മത മൊഴി വീഡിയോയിൽ പകർത്തുമ്പോൾ എഴുതിക്കാണിച്ച് വായിപ്പിക്കുകയായിരുന്നു എന്നും മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണൻ എഴുതിയിരിക്കുന്നു.പൊലീസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വന്ന സാഹചര്യവും ഫൗസിയ ഹസ്സൻ വ്യക്തമാക്കുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള മകളെ മുന്നിൽ കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സമ്മതിപ്പിച്ചതെന്ന് ഫൗസിയ പറയുന്നു. നമ്പി നാരായണനെ ആദ്യമായി കാണുന്നത് പോലും സിബിഐ കസ്റ്റഡിയിലാണ്. കേസിൽ ആദ്യം ഉൾപ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത രമൺ ശ്രീവാസ്തവയെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്നും ഫൗസിയ പറയുന്നു.

ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേരള പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കും എതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ ഫൗസിയയുടെ മകൻ ബിസ്സിനസ്സ് ആവശ്യത്തിന് ഇന്ത്യയിലെത്തിയപ്പോൾ ഐബി ഉദ്യോഗസ്ഥർ കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. ഇന്ത്യയിലെത്തുന്ന ബന്ധുക്കളോട് മോശമായി പൊലീസ് പെരുമാറുമെന്ന് ഭയന്ന് കേസ് പിൻവലിക്കാൻ സമ്മതിച്ചുവെന്നും ഫൗസിയ പറയുന്നു.

തുടർന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് മാലിയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. ഇത്രയും വർഷം പഴക്കമുള്ള കേസിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യം കാണിക്കാതിരുന്ന മറിയം റഷീദ, കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുകമൂടിയ ചാരക്കേസിൽ വീണ്ടും കനലുകളെരിഞ്ഞ് തുടങ്ങുകയാണ്.