- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീൽ പ്ലേറ്റുകളും മഗുകളും മരക്കമ്പുകളും ആയുധങ്ങളാക്കി അധ്വാനം; ആറടി ആഴത്തിൽ ഒരു കുഴി; ഒരാൾ നൂണ്ടിറങ്ങിയാൽ വലതു വശത്തേക്കുള്ള നീളൻ തുരങ്കവും; മൂന്ന് മാസത്തെ അധ്വാനം പൊളിഞ്ഞത് ജയിൽ ഉദ്യോഗസ്ഥരുടെ സംശയത്തിൽ; അഹമ്മദാബാദ് സ്ഫോടനത്തിൽ അഴിക്കുള്ളിലായപ്പോൾ മലയാളി ഭീകരർ ജയിൽ തുരന്ന കഥ
അഹമ്മദാബാദ്: ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുമായി കൈക്കോർത്ത മലയാൡഭീകരരെ അടക്കമാണ് 2008 ജൂലൈയിൽ അഹമ്മദാബാദിനെ നടുക്കിയ തുടർ സ്‌ഫോടനങ്ങളുടെ പേരിൽ വധശിക്ഷക്ക് വിധിച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബ്ലി, ശാദുലിയടക്കം 38 പേരെ വധശിക്ഷയ്ക്ക് വിധിച്ച അഹമ്മദാബാദ് സ്ഫോടനക്കേസ് വിധി അപൂർവ്വങ്ങളിൽ ഒന്നാണ്. ഇത്രയും ആളുകൾക്ക് ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുക എന്നതു തന്നെയാണ് ഈകേസിലെ പ്രത്യേകതയും. ഒരുമിച്ചു വധശിക്ഷ വിധിക്കുന്ന സംഭവങ്ങൾ തന്നെ വിരളമാണ്. അഹമ്മദാബാദിൽ അമ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇരുനൂറോളം പേർക്കു പരുക്കേറ്റു. സ്‌ഫോടനത്തിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ ഉൾപ്പെടെ സ്‌ഫോടനം നടന്നു. അതുകൊണ്ട് തന്നെയാണ് ഈ ഭീകരർക്ക് തൂക്കു കയർ തന്നെ കോടതി വിധിച്ചിരിക്കുന്നത്.
ആരാണ് ഇന്ത്യൻ മുജാഹിദ്ദീനു പിന്നിലെ ശക്തികളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മലയാളി വേരുകളിലേക്കും നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യിലേക്കും അന്വേഷണം എത്തിയത്. അഹമ്മദാബാദ് സ്‌ഫോടനത്തിന് പിന്നാലെ 2010ൽ ഐഎമ്മിനെ ഭീകരസംഘടനയായി ഇന്ത്യ പ്രഖ്യാപിച്ചു. പിന്നീട് സമഗ്രമായ അന്വേഷണം തന്നെ നടന്നു. അന്ന് പിടിയിലായ 24 ഐഎം ഭീകരരെ പാർപ്പിച്ചിരുന്നത് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലായിരുന്നു. ഏകദേശം 3700 പേരെ പാർപ്പിച്ചിരുന്ന വമ്പൻ ജയിലാണ് സമർമതി. 1895ലാണതു നിർമ്മിച്ചത്. ഇവിടെ ബാരക്ക് നമ്പർ 4ലായിരുന്നു സ്‌ഫോടനക്കേസ് പ്രതികളെ പ്രത്യേകമായി പാർപ്പിച്ചിരുന്നത്. ഇവർ അന്ന് രക്ഷപെടാൻ വേണ്ടി തുരങ്കം കുഴിച്ചിരുന്നു.
അതിസുരക്ഷാ സൗകര്യങ്ങളോടെ പാർപ്പിച്ച ജയിലിൽ നിന്നുമാണ് പ്രതികൾ അന്ന് രക്ഷപെടാൻ തുനിഞ്ഞത്. ശുചിമുറിയോടു ചേർന്നുള്ള കൃഷിയിടത്തിലേക്ക് ഇടയ്ക്ക് പുറത്തിറക്കുന്ന സമയങ്ങളിൽ തോട്ടപ്പണിക്കിടെയായിരുന്നു ഇവരുടെ ശാസ്ത്രീയമായ തുരങ്ക നിർമ്മാണം. മൂന്ന് മാസത്തോളം ഇവർ തുരങ്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ജയിലിലെ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജയിൽപുള്ളികളുടെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കാഴ്‌ച്ചയിലേക്ക് വഴിതെളിച്ചത്.
പ്ലേറ്റും മഗും മരക്കമ്പും ആയുധമാക്കിയപ്പോൾ അത്യുഗ്രൻ തുരങ്കം
തോട്ടത്തിൽ ഒരിടത്ത് ആറടി ആഴത്തിൽ ഒരു കുഴി. ഒരാൾക്ക് നൂണ്ടിറങ്ങാനാകും. അതിലേക്കിറങ്ങിയാൽ വശത്തുനിന്ന് ഒരു നീളൻ തുരങ്കം. തുടക്കത്തിൽ 18 അടിയെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് അതിലും വലുതാണ് എന്നതായി. 2013 ഫെബ്രുവരി 10നായിരുന്നു ഈ തുരങ്കം കണ്ടെത്തിയത്. അന്വേഷണത്തിൽ ആരാണ് പിന്നിലെന്നും കണ്ടെത്തി. സ്‌ഫോടനക്കേസ് പ്രതികളുടെ കൂട്ടത്തിൽ ഒരു സിവിൽ എൻജിനീയറുണ്ടായിരുന്നു. രണ്ട് എൻജിനീയറിങ് ബിരുദധാരികളും. പക്ഷേ ഇവരുടെ പേര് ആ സമയത്തു പുറത്തുവിട്ടിരുന്നില്ല.
എങ്കിലും ഹാഫിസ് ഹുസൈൻ എന്ന എൻജിനീയറുടേതായിരുന്നു തുരങ്ക നിർമ്മാണത്തിനു പിന്നിലെ കുബുദ്ധിയെന്നു പിന്നീട് തെളിഞ്ഞു. അദ്‌നാൻ എന്നും വിളിപ്പേരുള്ള ഇയാൾ കർണാടക സ്വദേശിയായിരുന്നു. ഇയാൾക്കൊപ്പം, മലയാളികളായ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവരും തുരങ്ക നിർമ്മാണത്തിനു നേതൃത്വം നൽകാനുണ്ടായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഈ ഇരട്ടസഹോദരങ്ങൾക്ക് സ്‌ഫോടനക്കേസിൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണിപ്പോൾ. സിമി വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാംപിൽ ഇരുവരും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നേരത്തേ കണ്ടെത്തിയിരുന്നു.
ജയിലിലെ തുരങ്കക്കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. മൂന്നുമാസത്തോളമെടുത്താണ് തുരങ്കം അത്രയും നിർമ്മിച്ചതെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. തോട്ടപ്പണിക്കായി നൽകിയ ആയുധങ്ങളാണ് തുരങ്കം നിർമ്മിക്കാൻ ഉപയോഗിച്ചതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം സ്റ്റീൽ പ്ലേറ്റുകളും മഗുകളും മരക്കമ്പുകളുമെല്ലാം ഉപയോഗിച്ചു. അഗ്‌നിരക്ഷാസേനയെ കൊണ്ടുവന്നായിരുന്നു തുരങ്കം പരിശോധിച്ചത്. തുടർന്നാണ് തുരങ്കത്തിന്റെ നീളം 200 അടിയോളമുണ്ടെന്നു കണ്ടെത്തിയതും. ചില തുരങ്കങ്ങൾ സമാന്തരമായി നിർമ്മിക്കപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു.
കൃഷിത്തോട്ടത്തിൽനിന്ന് തുരങ്കം നിർമ്മിച്ച് മതിലിനു പുറത്തെ അഴുക്കുചാലിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. തുരങ്കം കുഴിച്ചു കിട്ടുന്ന മണ്ണെല്ലാം തോട്ടത്തിൽത്തന്നെ ഉപയോഗിച്ചതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. തുരങ്കം പാതിയോളം പൂർത്തിയായതിനു ശേഷമാണ് ജയിലധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതു തന്നെ. ഇത്രയേറെ സുരക്ഷ കുറഞ്ഞ ജയിലിലാണോ രാജ്യം നടുങ്ങിയ സ്‌ഫോടനക്കേസിലെ പ്രതികളെ സൂക്ഷിച്ചിരിക്കുന്നതെന്ന ചോദ്യവും അന്നുയർന്നു. എന്നാൽ ജയിലിന്റെ പ്രധാന മതിൽ ഒരു കാരണവശാലും തുരക്കാനാകില്ല എന്നാണ് അന്ന് ജയിൽ ഐജി പി.സി.ഠാക്കൂർ
രണ്ടു മതിലുകളുണ്ട് ജയിലിന്. അതിൽ ഏറ്റവും പുറത്തുള്ള പ്രധാനജയിലിന് ഉയരം 21 അടിയാണ്. അത്രയില്ലെങ്കിലും, ഭൂമിക്കടിയിലേക്കും കോൺക്രീറ്റ് തൂൺ കനത്തിലും ആഴത്തിലും നിർമ്മിച്ചിട്ടുണ്ടെന്ന് ഠാക്കൂർ പറയുന്നു. എന്നാൽ ജയിലിന്റെ പ്രധാന കോംപൗണ്ടിനു പുറത്തേക്ക് തുരങ്കം എത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഏതാനും ദിവസം കൂടി തുരങ്ക നിർമ്മാണം തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ പുറത്തേക്കുള്ള വഴി പോലും തെളിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചനകളുണ്ടായിരുന്നു. ജയിലിൽനിന്ന് ആരെങ്കിലും പ്രതികളെ തുരങ്കനിർമ്മാണത്തിനു സഹായിച്ചോയെന്നും അന്വേഷണമുണ്ടായി. എന്നാൽ അക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.
ഈ സംഭവത്തിന് പിന്നാലെയാണ് തടവുകാരെ ഒരുമിച്ചു പാർപ്പിക്കേണ്ടെന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥർ എത്തിയത്. 24 പ്രതികളെ പ്രത്യേകം ബാരക്കുകളിലേക്കു മാറ്റി. ഇവർക്ക് മറ്റുള്ളവരുമായി ആശയവിനിമയത്തിനു പോലും സമ്മതിക്കാത്ത വിധത്തിലാണ് ഇവരെ പാർപ്പിച്ചത്. തുരങ്ക നിർമ്മാണത്തിന്റെ സൂത്രധാരൻ ഹാഫിസ് ഉൾപ്പെടെ ചിലർക്ക് ജയിലിൽനിന്ന് പഠിക്കാനുള്ള അവസരം നൽകിയിരുന്നു. എനർജി ടെക്‌നോളജി, പവർ ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്‌സിനായിരുന്നു ഹാഫിസ് ചേർന്നിരുന്നത്. എന്നാൽ തുരങ്കനിർമ്മാണക്കേസിൽ പെട്ടതോടെ അതിനുള്ള അവസരവും ഇല്ലാതായി.
എന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല
ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ശാദുലിയടക്കം 38 പേരെ വധശിക്ഷയ്ക്കും 11 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ച സംഭവത്തിൽ ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുൽ കരീമും കുടുംബവും പ്രതികരിച്ചിരുന്നു. 'എന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല' എന്നായിരുന്നു കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പിതാവ് പി എസ് അബ്ദുൽ കരീം പറഞ്ഞത്.
രാജ്യത്ത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും പേർക്ക് വധശിക്ഷ വിധിക്കുന്നത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിരുന്നു. സ്ഫോടനത്തിൽ മരിച്ചവർക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രത്യേക ജഡ്ജി എ ആർ പട്ടേൽ വിധി പ്രസ്താവിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാവാത്തവർക്ക് 25,000 രൂപയും നൽകണമെന്നാണ് കോടതി ഉത്തരവ്.
ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലിൽ അബ്ദുൽ റസ്സാഖിന്റെ മകനാണ് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട അൻസാർ. അൻസാറിന്റെ സഹോദരൻ സത്താറിനെ കേസിൽ വെറുതെ വിട്ടു. 2008 മാർച്ചിലാണ് ഇൻഡോറിൽ സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അൻസാർ നദ്വിയും അറസ്റ്റിലായത്. ഇവർ ജയിലിലായിരിക്കെ മാസങ്ങൾക്കുശേഷം നടന്ന ഗുജറാത്ത് സ്ഫോടനക്കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരെയും പ്രതിചേർക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വർഷങ്ങൾ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്ഫോടനക്കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്