കോഴിക്കോട്: റാഗിങ് എന്ന ക്രൂരവിനോദത്തിൽ ജീവിതം പൊലിഞ്ഞ നിരവധി പേരുണ്ട്. കേരളത്തിൽ റാഗിംഗിനെതിരെ നടപടികൾ ശക്തമാക്കിയതോടെയാണ് ഈ ദുരിതത്തിന് അൽപ്പമെങ്കിലും അറുതി വരുത്തിയത്. എന്നാൽ, കർണ്ണാടകത്തിൽ റാഗിങ് എന്ന പേരിൽ ഇപ്പോഴും നടക്കുന്നത് അതിക്രൂരമായ പീഡനങ്ങളാണ്. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ കൊടിയ ക്രൂരത നേരിടേണ്ടി വരുന്നതും പ്രവർത്തിക്കുന്നതും മലയാളികൾ തന്നെയാണെന്നതാണ്. ഏറ്റവും ഒടുവിൽ റാഗിംഗിന്റെ പേരിൽ ഗുൽബർഗയിലെ നഴ്‌സിങ് കോളേജിൽ കൊടിയ പീഡനത്തിന് ഇരയായത് ബി എസ് സി നഴ്‌സിങ് വിദ്യാർത്ഥിയും മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത കാലടി കളരിക്കൽ പറമ്പിൽ ജാനകിയുടെ മകളുമായ അശ്വതി(19)യാണ്. 

ഒരു സംഘം മലയാളി വിദ്യാർത്ഥികളുടെ തന്നെ ഈ ക്രൂരതയിൽ പങ്കാളികളായി എന്നതാണ് ഈ ക്രൂരതയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നത്. കറുത്ത നിറത്തിന്റെ പേരിലും വിഭ്യാഭ്യാസ ലോണെടുത്ത് പഠിക്കുന്നതിനെയും പറഞ്ഞ് കളിയാക്കി കൊണ്ടാണ് തന്നെ റാഗ് ചെയ്തതെന്നാണ് അശ്വതി പറയുന്നത്. ബലം പ്രയോഗിച്ച് ഫീനോയിൽ കുടുപ്പിച്ചതോടെ അന്നനാളം വെന്തുരുകി 41 ദിവസത്തോളം ദുരിതം അനുഭവിക്കുന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലുള്ള സീനിയർ നഴ്‌സിങ് വിദ്യാർത്ഥിനികൾ തന്നെയാണ് ഈ കൊടും ക്രൂരത പ്രവർത്തിച്ചതെന്നാണ് അശ്വതിയുെട അമ്മ പറയുന്നത്. മെയ് ഒമ്പതിനാണ് രാജ്യത്തെ നടുക്കുന്ന റാഗിങ് ഉണ്ടായതെങ്കിലും ഇന്നലെയാണ് വാർത്ത പുറംലോകത്തെത്തുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിനി സംഘം മണിക്കൂറുകൾ നീണ്ട റാഗിങ്ങിനാണ്് അശ്വതിയെ വിധേയമാക്കിയത്. അശ്വതിയുടെ വായിലേക്ക് സംഘം നിർബന്ധപൂർവം ടോയ്‌ലെറ്റ് ക്ലീനർ ഒഴിച്ചുകൊടുക്കുകയായിരുന്നു. റാഗ് ചെയ്ത വിദ്യാർത്ഥിനികൾ മൊബൈലിൽ ഈ രംഗം ആസ്വദിച്ച് പകർത്തിയതായും പരാതിയിൽ പറയുന്നു.

റാഗിംങിന്റെ ഞെട്ടലും ഭീതിയും ഇപ്പോഴും അശ്വതിയുടെ മുഖത്ത് വിട്ടൊഴിഞ്ഞിട്ടില്ല. അത്രക്കും ക്രൂരമായ അനുഭവങ്ങളായിരുന്നു അശ്വതിക്ക് കഴിഞ്ഞ അഞ്ചു മാസക്കാലമായി ഏൽക്കേണ്ടി വന്നത്. റാഗിംങിന് നേതൃത്വം നൽകിയ സീനിയർ വിദ്യാർത്ഥികളെല്ലാം മലയാളികളും നാളത്തെ മാലാഖമാരാണെന്നുള്ളതുമാണ് ഏറെ അത്ഭുതം. എടപ്പാളിനടുത്ത കാലടി കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതി (19) ക്രൂര റാഗിംങിനായിരുന്നു ഇരയാക്കപ്പെട്ടത്. ഒന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായ അശ്വതി കോളേജിൽ പ്രവേശനം നേടിയതു മുതൽ നിരന്തരമായ റാഗിംങിന് വിധേയമാക്കപ്പെട്ടിരുന്നു. കർണാടക ഗുൽബർഗയിലെ അൽ ഖമർ നേഴ്‌സിംങ് കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിംങ് ക്രിത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

വസ്ത്രങ്ങൾ അഴിപ്പിച്ചും മാലിന്യത്തിൽ നടത്തിയും ഭക്ഷണങ്ങൾ വിലക്കിയുമെല്ലാം റാഗിംങിന്റെ ക്രൂരതകൾ നീളുന്നു. ഹോസ്റ്റൽ മുറിക്കുള്ളിൽ കാലുകൾ അകത്തി കൈകൾ പൊക്കി നിൽക്കൽ, മാലിന്യത്തിലൂടെ മുട്ടുകുത്തി നടത്തിക്കൽ, തവളച്ചാട്ടം ചാടിക്കൽ, വാതിലുകളും ജനലുകളും തുറന്നു പിടിച്ചു നൽക്കുക, ഭക്ഷണം കഴിക്കാന് കാന്റിനിലേക്ക് വിലക്കൽ തുടങ്ങിയ ക്രൂരക്രിത്യങ്ങളെല്ലാം അശ്വതിക്ക് ഏൽകക്കേണ്ടി വന്നു. രാത്രി ആറ് മുതൽ എട്ട് വരെയാണ് ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കാനുള്ള സമയം. ഈ സമയത്തെല്ലാം റാഗിംങിന് വിധേയമാക്കുന്നതിനാൽ അശ്വതിക്ക് വിവരമറിയിക്കാനും കഴിഞ്ഞിരുന്നില്ല. പാട്ടു പാടാൻ ആവശ്യപ്പെട്ടും വിഷ് ചെയ്യിച്ചുമായിരുന്നു റാഗിംങിന്റെ തുടക്കം. ഇതെല്ലാം മുതിർന്ന കുട്ടികൾ മൊബാലിൽ പകർത്തി രസിക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടൊന്നും തീർന്നിരുന്നില്ല, കോളേജിൽ ചേർന്നത് മുതൽ നിറത്തിന്റെയും ജാതിയുടെയും പേരിൽ അശ്വതിയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നു. ടോയ്‌ലെറ്റ് ലോഷൻ കുടിപ്പിച്ച സമയത്ത് വസ്ത്രം അഴിച്ചു മാറ്റാൻ ആവശ്യപ്പെടുകയും നീ കറുത്തവളാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

സംഭവ സമയത്ത് തന്നെ രക്തം ഛർദിച്ച് അവശയായ അശ്വതിയെ കൂട്ടുകാരികൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. നാലു ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും ചികിത്സയിൽ കഴിഞ്ഞ അശ്വതിയുടെ അടുത്ത് ഒരിക്കൽ കർണാടകാ പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും സംസാരിക്കാൻ കഴിയാത്തതു മൂലം ഇതിന് സാധിച്ചിരുന്നില്ല. അതിനിടെ, സംഭവം പുറത്തു പറയരുതെന്നാവശ്യപ്പെട്ട് അശ്വതിയെ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥികളെയടക്കം ഭീഷണിപ്പെടുത്തുകയുണ്ടായി. പൊലീസ് വീണ്ടും മൊഴിയെടുക്കാൻ വരുമെന്നറിഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള അശ്വതിയെ സീനിയർ വിദ്യാർത്ഥികൾ ആശുപത്രിയുടെ അനുവാദമില്ലാതെ ഡിസ്ചാർജ് ചെയ്യുകയും സഹതാമസക്കാരികളായ വിദ്യാർത്ഥിനികൾക്കൊപ്പം നാട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ എടപ്പാൾ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദളിത് വിദ്യർത്ഥിനി വലിയ ക്രൂരതക്കു വിധേയമായ വിവരം കേരളാ സർക്കാറോ പൊതു സമൂഹമോ അറിഞ്ഞിരുന്നില്ല. സംഭവം ഇന്നലെ മറുനാടൻ മലയാളി അടക്കമുള്ള ഏതാനും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്ന് മുഖ്യധാര മാദ്ധ്യമങ്ങളെല്ലാം വിഷയത്തിൽ ഇടപെട്ടു. ഇന്നലെ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ അശ്വതിയുടെ സർക്കാർ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പെൺകുട്ടിക്ക് വിദഗ്ദ ചികിത്സ നൽകണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അശ്വതിക്ക് ചികിത്സയും നീതിയും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തി. ഇതിനു പുറമെ അസോസിയേഷൻ ഓഫ് മലയാളി സ്റ്റുഡന്റ്‌സ് സ്റ്റഡി ഇൻ കർണാടക കൂട്ടായ്മയും അശ്വതിക്കു വേണ്ടി രംഗത്തെത്തി.

അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കർണാടക കലബുർഗ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുമെന്ന് മെഡിക്കൽ കോളേജ് സി.ഐ ജലീൽ തോട്ടത്തിൽ അറിയിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡി.സാലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊലപാതക ശ്രമം, ദളിത് പീഡനം, റാഗിംങ് എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിനു പുറമെ അശ്വതിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ച് കൂടുതൽ വിവരം ശേഖരണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിലുള്ള അശ്വതിയെ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കളിയാക്കലിന്റെ രൂപത്തിൽ തുടങ്ങിയ റാഗിംഗിന്റെ സ്വഭാവം ക്രമേണ മാറുകയായിരുന്നു. ആദ്യമൊക്കെ ചെറിയ തോതിൽ വഴങ്ങിയ അശ്വതി എതിർപ്പുയർത്തിയതോടെയാണ് ക്രൂരതയുടെ രൂപം മാറിയത്. എതിർപ്പുയർത്തിയ അശ്വതി സീനിയർ വിദ്യാർത്ഥികലുടെ സംഘം തടഞ്ഞു നിർത്തി ബലം പ്രയോഗിച്ചാണ് ടോയ്‌ലറ്റ് ക്ലീൻ ചെയ്യുന്ന ഹാർപിക് നിർബന്ധപൂർവം കുടിപ്പിച്ചതെന്നാണ് റാഗിങ്ങിനിരയായ വിദ്യാർത്ഥിനിയുടെ അമ്മ ജാനകി പറയുന്നത്. ഇതിനെ തുടർന്ന് അന്നനാളം വെന്തുരുകുകയും ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസമായി ചികിത്സയിലാണ് മകളെന്നും ജാനകി പറഞ്ഞു. തുടർന്ന് അശ്വതിക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നൽകിയാണ് ജീവൻ നിലനിർത്തുന്നത്. അതിനിടെ, റാഗിങ്ങിന് ഇരയായി ചികിത്സയിൽ കഴിയുന്ന നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ചികിത്സാ ചെലവുകൾ മുഴുവൻ സർക്കാർ വഹിക്കുമെന്ന് പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലൻ അറിയിച്ചു.

അശ്വതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാരും പറയുന്നു. 43 ദിവസമായി സംഭവം നടന്നിട്ട് . അന്നു മുതൽ ഒന്നും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ്. കഴുത്തിൽ ദ്വാരമിട്ട് ദ്രവ രൂപത്തിലാക്കിയ ഭക്ഷണമാണ് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. ലോഷൻ പരുവത്തിലുള്ള ടോയ്‌ലറ്റ് ക്ലീനറിൽ അടങ്ങിയ ആസിഡ് ഉള്ളിൽ ഉള്ളിൽ ചെന്നതിനാൽ അന്ന നാളത്തിന്റെ ഇരു ഭാഗങ്ങളും ഒട്ടിപ്പിടിച്ചിരിക്കുകയാണെന്നും ഇത് വേർതിരിക്കാനുള്ള എൻഡോസ്‌കോപിക്ക് ഡയലേഷൻ സർജറി ചെയ്യേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ആരോഗ്യ നില അൽപം ഭേദപ്പെട്ടാൽ മാത്രമെ സർജറി ചെയ്യാനാവൂ. ഇതിന് മൂന്ന് മാസമെങ്കിലും കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.