കോഴിക്കോട്: നാദപുരത്ത് വർഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വെള്ളൂരിലെ ഷിബിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്. ഒരു നാടിന്റെ മുഴുവൻ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് ഈ സംഭവം മാറുകയും ചെയ്തുവെങ്കിലും കുറ്റവാളികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വെറുതേ വിടുകയാണ് ഉണ്ടായത്.

2015 ജനുവരി 22ന് രാത്രി പത്തരയോടെ കണ്ണങ്കൈ റോഡിൽ വച്ച് ഭാസ്‌കരന്റെ മകൻ ഷിബിൻ എന്ന ചെറുപ്പക്കാരൻ വെട്ടേറ്റ് മരിച്ചത്. മുസ്‌ലിം ലീഗ് പ്രവർത്തകരായിരുന്നു പ്രധാന പ്രതികളുടെ സ്ഥാവനത്ത്. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന തൂണേരി സ്വദേശി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവർത്തകർ രാഷ്ട്രീയ വിരോധം തീർക്കാൻ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം. വാഹനം തടഞ്ഞു നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് കലാശിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

തെയ്യമ്പാടി ഇസ്മയിലും സംഘവും ബൈക്കോടിച്ച് അതിവേഗം പാഞ്ഞപ്പോൾ ഇതിന്റെ പേരിൽ ഷിബിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘവുമായി വഴക്കിട്ടു. പ്രതികരിക്കാതെ ഒഴിവാക്കിക്കളയാവുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ പൂർവ്വ വൈരാഗ്യത്തോടെ ഇസ്മായിലും സംഘവും വിഷയത്തിൽ പെരുമാറിയെന്നും കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഷിബിനെ കൊലപ്പെടുത്തിയ കേസിൽ എന്നാൽ, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേർ വിവിധ രാഷ്ട്രീയ കക്ഷികൾപ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചു.

രാഷ്ട്രീയ വിരോധത്തിനും അപ്പുറം വർഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. ഈ വാദം ശരിവച്ചാണ് തെയ്യമ്പാട്ടിൽ ഇസ്മയിൽ, മുനീർ തുടങ്ങിയവരെ കോടതി വെറുതേ വിട്ടത്. എന്നാൽ, പ്രതികളെ വെറുതേ വിട്ടതോടെ പിന്നെ കൊന്നതാരെന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്. ലീഗിന്റെ സ്വാധീനത്തിൽ കേസ് തേച്ച്മാച്ചു കളഞ്ഞുവെന്ന ആരോപണമാണ് സിപിഐ(എം) ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

തൂണേരി വിഷയത്തിൽ പരിക്കേറ്റ കോൺഗ്രസുകാരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സന്ദർശിച്ച വേളയിൽ മുഖ്യപ്രതിയായിരുന്ന തെയ്യമ്പാടി ഇസ്മയിലിനെതിരെ കോൺഗ്രസുകാർ അന്ന് പരാതിപ്പെട്ടിരുന്നു. ഷിബിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ തെയ്യമ്പാടി ഇസ്മയിലും കൂട്ടുകാരും നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് ഷിബിനോടൊപ്പം പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കുരുവന്റവിട രാജേഷും വട്ടക്കുനി വിജീഷും വി എം സുധീരനോട് വിവരിക്കുന്നതിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അന്ന് പ്രചരിച്ച വീഡിയോയിൽ കോൺഗ്രസുകാർ പറഞ്ഞത് ഇങ്ങനെയാണ്:

''നാട്ടിൽ എന്ത് പ്രശ്‌നമുണ്ടായാലും ഇടപെടുന്ന വ്യക്തിയാണ് ഇസ്മയിൽ. മുസ്ലിംലീഗുകാരാണ് ഇസ്മയിലിന് സംരക്ഷണം നൽകി പോന്നിരുന്നത്. ഏതാനും മാസം മുമ്പ് ഒരു ബൈക്ക് തട്ടിയ കേസിൽ നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇരുവരും ഇസ്മയിലിനോടൊപ്പം പോയിരുന്നു. തിരിച്ചുവരുമ്പോൾ ഇസ്മയിൽ പറഞ്ഞത് ഇവിടെ മാർക്‌സിസ്റ്റുകാർ കുറേ വിലസുന്നുണ്ടെന്നും ഇനിയൊരു പ്രശ്‌നമുണ്ടായാൽ അവരിൽ ഒരാളെ തട്ടുമെന്നുമാണ്.''

ഷിബിനെ ആക്രമിച്ചതും ഒരു നിസ്സാര സംഭവത്തിന്റെ പേരിലാണ്. ബൈക്ക് ഓടിച്ചു പോയപ്പോൾ തടഞ്ഞു നിർത്തി എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ അവസാനിച്ചത്. പ്രശ്‌നം തീർക്കാൻ ഇടപെട്ടപ്പോഴാണ് തങ്ങൾക്ക് പരിക്കേറ്റതെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളും സുധീരനോട് പറഞ്ഞിരുന്നത്. ഷിബിനോടും സംഘത്തോടും വഴക്കിട്ട് പോയ തെയ്യമ്പാടി ഇസ്മയിൽ സംഘം ചേർന്ന് മാരകായുധങ്ങളുമായി എത്തുകയായിരുന്നു. ഇസ്മായിൽ ഷിബിനെ നടുറോഡിൽ വെട്ടിവീഴ്‌ത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. പരിക്കേറ്റവർ നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു. ഇസ്മയിലാണ് കൊലയാളിയെന്ന് വ്യക്തമാക്കിയെങ്കിലും ഇപ്പോൾ കോടതി അത് തള്ളിക്കളയുകയായിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകനാണ് കൊല്ലപ്പെട്ട ഷിബിനെന്നതും പ്രതിസ്ഥാനത്ത് പണവും പ്രതാപവുമുള്ള മുസ്ലിംലീഗുകാരനായതും സംഭവത്തിന് രാഷ്ട്രീയവും വർഗീയവുമായ മാനം കൈവന്നു. ഇതോടെ പ്രദേശത്ത് കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഷിബിൻ ക്രൂരമായ കൊലചെയ്യപ്പെട്ട സംഭവം പ്രദേശ വാസികൾ ഞെട്ടലോടെയാണ് അടുത്ത ദിവസം അറിഞ്ഞത്. ഷിബിൻ മരണത്തിന് കീഴടങ്ങിയപ്പോൾ പ്രദേശ വാസികൾ ഒന്നടങ്കം തേങ്ങിയിരുന്നു. കൊന്നവനും കൊല്ലപ്പെട്ടവനും രാഷ്ട്രീയമുണ്ടായിരുന്നു എന്നുള്ളത് യാഥാർത്ഥ്യവുമാണ്. എന്നാൽ കൊലപാതകത്തിനിടയാക്കിയ കാരണം എന്തുമാമായാലും, മാരകായുധങ്ങളുമായി ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ സംഭവം അതിനീചവും പൈശാചികവുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഒന്നാം പ്രതിയായ തെയ്യമ്പാടി ഇസ്മായിലിൽ നാടുവിട്ടിരുന്നു. എന്നാൽ, മുസ്സീലീഗിന്റെ സ്വാധീനത്താൽ പ്രതിയെ പടികൂടാൻ പൊലീസിന് സാധിച്ചില്ല. പിടികൂടിയപ്പോൽ കാപ്പ ചുമത്തുകയും ചെയ്തു. നിരവധി അക്രമ കേസുകളിലെ പ്രതിയായിരുന്നു തെയ്യമ്പാടി ഇസ്മായിൽ. പണത്തിന്റെ ഹുങ്കിൽ എന്തും ചെയ്തു കൂട്ടുന്ന ഇസ്മയിലിന്റെ കുടുംബത്തിന്റെ പ്രതാപത്തിന് മുന്നിൽ കോടതിയിൽ നിന്നും അനുകൂല വിധിയും നേടാൻ സാധിച്ചു. ഇസ്മയിലിനെതിരെ കാപ്പ ചുമത്തിയെങ്കിലും ലീഗിന്റെ സ്വാധീനത്താൽ അത് പിന്നീട് ഇല്ലാതാകുകയായിരുന്നു.

ഷിബിന്റെ കൊലപാതകത്തെ തുടർന്ന് തൂണേരി മേഖലയിൽ വ്യപകമായ അക്രമം അരങ്ങേറിയിരുന്നു. ഷിബിൻ കൊല്ലപ്പെട്ടതിനു ശേഷം പാർട്ടിയും രാഷ്ട്രീയവുമില്ലാത്ത പ്രവാസികളും വയോധികരും സ്ത്രീകളുമടങ്ങുന്ന 82 വീടുകൾ തിരഞ്ഞ് പിടിച്ച് ഒരുവിഭാഗം അഗ്‌നിക്കിരയാക്കി. വടകര താലൂക്കിൽ തൂണേരി പഞ്ചായത്തിലെ വെല്ലൂർ, കോടഞ്ചേരി, കോട്ടേമ്പ്രം തുടങ്ങിയ പ്രദേശങ്ങളാണ് അക്രമി സംഘം അഗ്‌നിക്കിരയാക്കിയത്. ഷിബിൻ കൊല്ലപ്പെടുന്നത് ജനുവരി 22ന് രാത്രി പത്തരയ്ക്കാണ്. 23ന് വെള്ളിയാഴ്ചത്തെ പ്രഭാതം എത്തിയത് ഷിബന്റെ മരണ വാർത്തയുമായാണ്. അറിഞ്ഞവരെല്ലാം സഹതപിച്ചും അപലപിച്ചും ആ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേർന്നു. പെട്ടന്നായിരുന്നു വെള്ളൂരും കോടഞ്ചേരിയും ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ വിസ്തൃതിയിൽ അമ്പത് പേരടങ്ങുന്ന മൂഖമൂടി ധാരികളായ വിവിധ സംഘങ്ങൾ പട്ടാപകലിൽ ആയുധങ്ങളുമായി പാഞ്ഞടുക്കുന്നത്.

പ്രത്യേക വിഭാഗത്തിന്റെ വീടുകൾ തിരഞ്ഞ് പിടിച്ചായിരുന്നു അക്രമം അഴിച്ചു വിട്ടത്. കയ്യിൽ മാരകായുധങ്ങളും പെട്രോളും പ്രത്യേക കെമിക്കലും ഉണ്ടായിരുന്നു. യാതൊരു ദാക്ഷിണ്യവും അക്രമി സംഘം കാണിച്ചിരുന്നില്ല. അലമാറകൽ അടിച്ചു തകർത്ത് ആഭരണങ്ങളും കത്തികാണിച്ച് പണവും കവർച്ച നടത്തുന്നുണ്ടായിരുന്നു. ഒരു പുരുഷായുസിൽ ഉണ്ടാക്കിയെടുത്ത വീടും സമ്പാദ്യവും നശിച്ച നിരവധി പ്രവാസികൾ, പാഠ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ചാരമായ വേദനയിൽ വിതുമ്പുന്ന വിദ്യാർത്ഥികൾ, കൃഷിയും കുടുവെള്ളവും നഷ്ടമായ അനേകം കുടുംബങ്ങൾക്കാണ്. 82 വീടുകളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്. പൊലീസ് പോലും ഒരു ഘട്ടത്തിൽ ഇവിടെ നിഷ്‌ക്രിയമായിരുന്നു.

തയ്യംപാടി ഇസ്മയിൽ, ജേഷ്ഠ സഹോദരൻ മുനീർ അസ്ലം എന്നിവരാണ് ഷിബിനെ കൊലപ്പെടുത്തിയതിലെ പ്രധാനികളായി പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഈ വാദങ്ങളൊക്കെ തള്ളിയാണ് പ്രതികളെ ഇപ്പോൾ കുറ്റവിമുക്തരാക്കിയത്. അതേസമയം തനിക്കു നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ പിതാവ് ഭാസ്‌കരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇരകളോടൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് നീതി എന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

നല്ല രീതിയിൽ അന്വേഷണം മുന്നോട്ടു പോയിട്ടുണ്ട്. പ്രതികൾക്കെതിരെ അറുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. അതിനാൽ അന്വേഷണ സംഘത്തിന്റെ ഭാഗത്തു വീഴ്ചയുണ്ടെന്നു കരുതുന്നില്ല. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഭാസകരൻ അറിയിച്ചിട്ടുണ്ട്. ഷിബിൻ ആക്രമിക്കപ്പെട്ടയുടൻ പൊലീസിനെ അറിയിച്ചില്ല എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ വെട്ടേറ്റ എഴുപേരെ ആശുപത്രിയിലെത്തിച്ച് അവരുടെ ജീവൻ രക്ഷിക്കുകയെന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. അതിനുശേഷമാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. അതാണ് താമസമുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റക്കാരെന്ന് അന്വേഷണം സംഘം കണ്ടെത്തിയവരെ കോടതി വെറുതേ വിട്ടതോടെ പിന്നെ ആരാണ് കൊലയാളികൾ എന്ന പൊതു ചോദ്യമാണ് ഉയർന്നിരിക്കുന്നത്.