കൊച്ചി: തട്ടിപ്പുകാരൻ വൻകിടക്കാരനും കോടീശ്വരനുമാണെങ്കിൽ അധികാരത്തിന്റെ സ്ഥാനത്തിരിക്കുന്നവർ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന കാഴ്‌ച്ച കേരളത്തിൽ പതിവുള്ളതാണ്. വൻകിട ബിൽഡർ ഷ്വാസ് ഉടമ ശ്രീനി പരമേശ്വരനെതിരെ നിരന്തരം പരാതി ഉയർന്നെങ്കിലും അറസ്റ്റു ചെയ്യാതിരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്. 16 പരാതിയാണ് ശ്രീനിക്കെതിരെ ഉയർന്നത്. എന്നിട്ടും പൊലീസിനെ വെട്ടിച്ചും ഉന്നതരുടെ തണലിലും കഴിയുകയായിരുന്നു ശ്രീനി പരമേശ്വരൻ. എന്നാൽ കോടികളുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് ബോധ്യമായതോടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ശ്രീനിയെ കുടുക്കുകയായിരുന്നു. ഇതിനായി പൊലീസ് സമർത്ഥമായി തന്നെ കരുക്കൾ നീക്കുകയും ചെയ്തു.

ശ്വസിനെതിരെ ഉയർന്നു വന്ന പരാതിയെ കുറിച്ച് തൃപ്പൂണിത്തറ പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെ ഇതൊരു കോടികളുടെ തട്ടിപ്പാണെന്ന് വ്യക്തമായിരുന്നു. ഒപ്പം ഉന്നത രാഷ്ട്രീയബന്ധമുള്ള ആളാണ് ശ്രീനി പരമേശ്വരൻ എന്നും അന്വേഷണത്തിൽ വ്യക്തമായി. പൊലീസിന്റെ ഭാഗത്തു നിന്നും അറസ്റ്റുണ്ടാകുമെന്ന് ബോധ്യമായതോടെ കാനഡയിലേക്ക് മുങ്ങാനായിരുന്നു ശ്രീനിയുടെ ശ്രമം. ഇതോടെ എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രതിക്ക് വേണ്ടി വലവിരിച്ചു.

വിശ്വാസമുള്ള ചില പൊലീസുക്കാർ ഒഴികെ മറ്റാരെയും വിവരങ്ങൾ അറിയിക്കുകയും ചെയ്തില്ല. തുടർന്ന് വിശ്വസ്തരായ പാലീസുകാർ ശ്രീനി പരമേശ്വരൻ നിരീക്ഷിച്ചു വരികയായിരുന്നു. ശ്രീനി താമസിക്കുന്ന വൈറ്റില കണിയാമ്പുഴ പാലത്തിന്റെ അടുത്തുള്ള വില്ലയിൽ ഇയാളെ അറസ്റ്റു ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് തന്നെ മഫ്തിയിൽ പൊലീസുകാരെ വിന്യസിച്ചു. അറസ്റ്റിന് ശ്രമമുണ്ടായാൽ ഉന്നതർ ഇടപെടുമെന്നുള്ളതിനാൽ വേണ്ട മുൻകരുതലും പൊലീസ് സ്വീകരിച്ചു.

പൊലീസ് വേഷത്തിലായിരുന്നില്ല അന്വേഷണ സംഘം ശ്രീനിയെ തേടി എത്തിയത്. മഫ്തിയിൽ എത്തിയ എസ്‌ഐ ശിവകുമാറും സംഘവും ഭാര്യയോട് ശ്രീനിയെ കാണണമെന്നും വീട്ടിലെത്തി ആവശ്യപെട്ടു. കുളിക്കുകയായിരുന്ന ഇയാൾ കുളി കഴിഞ്ഞു എത്തിയപ്പോൾ തന്നെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാൻ പോകുന്നു എന്നും പറഞ്ഞു. അറസ്റ്റ് ഉറപ്പായതോടെ ഭീഷണി രൂപത്തിലും ഉന്നത ബന്ധങ്ങളെ കുറിച്ചുമൊക്കെ ശ്രീനി പൊലീസിനോട് പറഞ്ഞു. എന്നാൽ, അതൊന്നും വിലപ്പോയില്ല.

ശ്രീനി പരമേശ്വരൻ പൊലീസിന്റെ പിടിയിലായത്തിന് ശേഷം ഉന്നതർ ഇയാളെ രക്ഷപ്പെടുത്താനായി ശ്രമങ്ങൾ നടത്തിയെങ്കിലും എസ്‌ഐ ശിവകുമാറിന്റെ ഫോൺ ആ സമയത്ത് സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് അറിവ്. തുടർന്നു ശ്രീനിയുടെ മെഡിക്കൽ പരിശോധനയും, എഫ്‌ഐആർ എഴുതിക്കലും പൊലീസ് പെട്ടെന്നുതന്നെ ചെയ്തു തീർത്തു. ഇയാളെ ആരുടെയും മുൻപിൽ മുഖം കാണിക്കാൻ പോലും സമ്മതിക്കാതെ കോടതിയിൽ ഹാജരാക്കി എന്ന പരാതിയും ചിലർ ഉയർത്തിയതായി അറിയുന്നു. അറസ്റ്റു ചെയ്തു റിമാൻഡിൽ ആയ ശ്രീനി പരമേശ്വരനെ പുറത്തിറക്കാൻ വേണ്ടി വലിയ അഭിഭാഷക സംഘമാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായതിനാൽ ഇയാളുടെ ജാമ്യഅപേക്ഷ കോടതി തള്ളിയിരുന്നു. തട്ടിപ്പുകളെ കുറിച്ച് വിശദമായ വിവരം ലഭിക്കാൻ വേണ്ടി ശ്രീനിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രവാസികളാണ് കൂടുതലായും ഷ്വാസ് ബിൽഡേഴ്‌സിന്റെ തട്ടിപ്പിന് ഇരയായത്. ദുബായിൽ കൂലി പണി ചെയ്തു സമ്പാദിച്ച പണം വരെ ഫ്‌ലാറ്റിനായി കൊടുത്തു നിരാശരായ പ്രവാസികളുമുണ്ട്. ഇതുവരെ ഉണ്ടാക്കിയ അധ്വാനത്തിന്റെ ഫലം മുഴുവൻ കൊണ്ടുപോയി എന്നു പറഞ്ഞു കൊണ്ടുള്ള ഒരുപാട് ഫോൺവിളികൾ ഒരുപാടു ഹിൽപാലസ് പൊലീസിന് ലഭിക്കുന്നുണ്ട്. ഇയാളുടെ ഉന്നതതല ബന്ധത്തിൽ ഇപ്പോൾ നടക്കുന്ന യഥാർത്ഥ അന്വേഷണങ്ങൾ അട്ടറിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് പല കോണുകളിൽ സമ്മർദ്ദമുണ്ട്. താനും.

അതിനിടെ കേസിന് പോയാൽ പണം കിട്ടാനുള്ള സാദ്ധ്യതകൾ കുറയുമെന്നു കരുതി പണം മുടക്കിയ പലരും കമ്പനിയുമായി സെറ്റിൽമെന്റുകൾ നടത്താനും ശ്രമിക്കുന്നുണ്ട്. കൂടുതലായും പ്രവാസികൾ ആണ് ചതിവിൽ പെട്ടത് അതിനാൽ അവരുടെ നാട്ടിലെ ബന്ധുക്കരെയാണ് ഇതിനുവേണ്ടി പലരും നിയോഗിച്ചിട്ടുള്ളത്. അന്വേഷണത്തെ കുറിച്ച് പ്രതികരിക്കാൻ ഇപ്പോൾ ആവില്ല എന്നും അന്വേഷത്തിൽ നീതിപൂർവ്വമായ രീതിയിയിൽ പൂർത്തിയാക്കുമെന്നുമാണ് എസ്‌ഐ ശിവകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

നാല് വർഷം മുമ്പ് ഫ്‌ലാറ്റിന് വേണ്ടി പണം നൽകിയവർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ഫ്‌ലാറ്റ് തട്ടിപ്പു കേസുകളിൽ ഒന്നായി തന്നെ ഷ്വാസ് ഹോംസിന്റെ തട്ടിപ്പെന്ന കാര്യം വ്യക്തമായിട്ടുണ്ട. ഷ്വാസ് ഹോംസ് ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് സഹിതമാണ് പലരും പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് കിട്ടാത്തവർ ഫ്‌ലാറ്റ് വേണ്ട പണം തിരിച്ചു കിട്ടിയാൽ മതിയെന്ന് പോലും പറഞ്ഞു തുടങ്ങിയി്ടടുണ്ട്. ഇപ്പോൾ.