കോട്ടയം: കോട്ടയത്തെ നടുക്കത്തിലാഴ്‌ത്തി ഓഡിറ്റോറിയം ഉടമയുടെ മകന്റെ മരണത്തിൽ വൻ ദുരൂഹത. കാറിനകത്ത് രക്തം തളംകെട്ടി നിലയിൽ കണ്ടെത്തിയതോടെ എങ്ങനെയാണ് യുവാവ് മരിച്ചതെന്ന സംശയം ശക്തമാകുകയാണ്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിന്റെ മകൻ ഗൗതം (28) ആണ് ശനിയാഴ്ച പുലർച്ചെ കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗേറ്റിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗൗതമിന്റെ കാറും കണ്ടെത്തി. കെ.എൽ 05 എ.പി 6465 മാരുതി ബ്രീസ് കാറാണ് കണ്ടെത്തിയത്. ഗൗതമിന്റെ ഈ കാറിനുള്ളിൽ രക്തം തളം കെട്ടിക്കിടപ്പുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.

മകനെ കാണാനില്ലെന്ന് കാണിച്ച് ഗൗതമിന്റെ പിതാവ് വിജയകുമാർ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി പത്തരയോടെ വീട്ടുകാരുമായി ഗൗതം വഴക്കുണ്ടാക്കിയെന്നും തുടർന്ന് കാറിൽ പുറത്തുപോയി എന്നുമാണ് പറയപ്പെടുന്നത്. അവിവാഹിതനാണ് ഗൗതം. മകൻ തിരിച്ചുവരുന്നതും കാത്ത് ഏറെനേരം കാത്തിരുന്നെങ്കിലും രണ്ടുമണിയായിട്ടും എത്താതിരുന്നതിനെ തുടർന്നാണ് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

കാറിൽ ഇരുന്നുതന്നെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സൂചന. കഴുത്തിൽ 'ഹെസിറ്റേഷൻ വൂണ്ട് ' ഉണ്ട്. ഈ മുറിവിൽ നിന്നുള്ള രക്തമാണ് കാറിൽ കാണപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ മുറിവ് മാരകമല്ലെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനാൽ ട്രെയിനിനു മുമ്പിൽ ചാടിയതാകാമെന്നാണ് സംശയം.

തെളിവുകളൊന്നും നഷ്ടമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മൃതദേഹം കിടന്നിരുന്ന ഭാഗത്തും കാർ കിടക്കുന്ന ഭാഗത്തും ആരും കടക്കാതിരിക്കാൻ പൊലീസ് വേലി നിർമ്മിച്ച് വേർതിരിച്ചു. വെളുപ്പിനു പോയ ട്രെയിനുകളുടെ വിവരങ്ങളും ലോക്കോ പൈലറ്റുമാരെയും കുറിച്ച് കോട്ടയം റെയിൽവേ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വെളുപ്പിനു വന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രാക്കിൽ ആരെങ്കിലും നിൽക്കുന്നതായോ മറ്റോ കണ്ടിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കൂ.

ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടെക്നോപാർക്കിൽ സ്വന്തമായി ബിസനസ് നടത്തിവരുന്ന ഗൗതമിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതിനെ ചൊല്ലി രാത്രിയിൽ ബഹളം ഉണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പറയപ്പെടുന്നു. പിതാവ് വിജയകുമാറിന് ധനാഢ്യനായതിനാൽ അത്തരമൊരു പ്രശ്നം ഉണ്ടാകാൻ ഇടയില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ പറയുന്നു. തിരുവാതുക്കൽ പ്രദേശത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗൗതമിന്റെ മരണം.