കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാറിന്റെ മകനും ഐടി സംരംഭകനുമായ ഗൗതം വിജയകുമാറിനെ (28) കാരിത്താസ് റെയിൽവേ ക്രോസിനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന കാര്യത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായ സൂചനകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാടിലാണു പൊലീസ്. തിരുവനന്തപുരം ടെക്നോപാർക്കിലെ വ്യവസായിയായിരുന്നു ഗൗതം.

ഗൗതം യാത്ര ചെയ്തിരുന്ന കാർ കാരിത്താസ് കവലയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ ട്രെയിൻ തട്ടിയതിന്റെ പരുക്കുകൾ കൂടാതെ കഴുത്തിന്റെ ഇരുവശത്തും മുറിവുണ്ട്. ഇതാണ് സംശയത്തിന് കാരണം. കാറിനുള്ളിലും രക്തം കണ്ടെത്തി. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി രക്തംപുരണ്ട നിലയിൽ കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ആത്മഹത്യാവാദം അംഗീകരിക്കാനാവില്ലെന്ന നിലപാട് അന്വേഷണം ഉദ്യോഗസ്ഥർ തന്നെയുണ്ട്. കഴുത്തിലെ മുറിവ് മരണകാരണമാകാവുന്നവിധം മാരകമല്ലെന്നും കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചശേഷം പരാജയപ്പെട്ടതോടെ കാറിൽ നിന്ന് റെയിൽവേ ട്രാക്കുവരെ നടന്നെത്തി ട്രെയിനിനു മുന്നിൽ ചാടിയതാണെന്നും പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതാണ് ഇതിന് കാരണം.

ആന്തരികമായി ശരീരത്തിനേറ്റ ക്ഷതങ്ങളും രക്തംവാർന്നു പോയതുമാണ് ഗൗതമിന്റെ മരണകാരണമെന്നാണ് മൃതദേഹപരിശോധനയുടെ അടിസ്ഥാനത്തിൽ പ്രാഥമിക നിഗമനം. യുവാവിന്റെ നട്ടെല്ല് തകർന്നു. വാരിയെല്ലുകൾ ഒടിഞ്ഞു. കരൾ തകർന്നു. ഇത് തീവണ്ടി തട്ടിയതിനെത്തുടർന്നുണ്ടായതാണെന്നാണ് കരുതുന്നത്. കഴുത്തിലെ മുറിവിൽനിന്ന് ഏറെ രക്തം വാർന്നുപോയിരുന്നു. ഇതും മരണകാരണമായേക്കാം. പോസ്റ്റുമോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട് അടുത്തദിവസം പൊലീസിന് കൈമാറും. പ്രാഥമിക നിഗമനങ്ങളിലും മരണം ആത്മഹത്യെന്ന് ഉറപ്പിക്കുന്നില്ല. അതിനിടെ ഗൗതമിന് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലായിരുന്നെന്ന് പിതാവ് വിജയകുമാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഗൗതം പുറത്തുപോയത്. എട്ടുമണിയോടെ വീട്ടിലേക്ക് ഫോണിൽ വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരണോ എന്ന് ചോദിച്ചിരുന്നു. കൂട്ടുകാർ ഒപ്പമുണ്ടെന്നും ഗൗതം അറിയിച്ചതായി വിജയകുമാർ പറഞ്ഞു.

രാത്രി പത്തായിട്ടും മകനെ കാണാതിരുന്നതിനെ തുടർന്ന് പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ച് നിൽക്കുകയായിരുന്നു. 11ന് വീണ്ടും വിളിച്ചപ്പോൾ ഫോൺ പരിധിയിൽ അല്ലായിരുന്നു. കൂട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോൾ രാത്രി എട്ടുമണിയോടെ കെഎസ്ആർടിസി ഭാഗത്തുവച്ച് ഗൗതം യാത്രപറഞ്ഞു പോയതായി അറിയിച്ചു. പുലർച്ചെ വിജയകുമാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് റെയിൽവേ ഗാർഡിന്റെ മൊഴി. പുലർച്ചെ ട്രാക്ക് പരിശോധിക്കാൻ എത്തിയ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പുലർച്ചെ കടന്നുപോയ ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാരുടെയും വിവരങ്ങളും റെയിൽവേ പൊലീസ് ശേഖരിച്ചു. ഗൗതമിന്റെ സംസ്‌കാരം പിന്നീട്. അവിവാഹിതനാണ്. സഹോദരി ഗായത്രി (യുഎസ്എ).

ടെക്‌നോപാർക്കിൽ സ്വന്തമായി ബിസനസ് നടത്തിവരുന്ന ഗൗതമിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വാദമുണ്ട്. ഇതിനെ ചൊല്ലി രാത്രിയിൽ ബഹളം ഉണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പറയപ്പെടുന്നു. പിതാവ് വിജയകുമാറിന് ധനാഢ്യനായതിനാൽ അത്തരമൊരു പ്രശ്‌നം ഉണ്ടാകാൻ ഇടയില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ പറയുന്നു. തിരുവാതുക്കൽ പ്രദേശത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗൗതമിന്റെ മരണം.