- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും; ആഡംബരക്കാരെ കാത്തിരിക്കുന്നത് കനത്ത നികുതി; കേരളം സന്തോഷിക്കുമ്പോൾ കരയേണ്ടിവരുന്നത് തമിഴ്‌നാട്; രാജ്യസഭ പാസാക്കിയ ജിഎസ്ടി ബിൽ നിങ്ങളെ എങ്ങനെ ബാധിക്കും?
ന്യൂഡൽഹി: നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വൻ വിജയമാകുകയും നികുതിപിരിവിലെ കള്ളത്തരങ്ങളും അഴിമതിയും ഇല്ലാതാകുകയും ചെയ്ത ചരക്ക്-സേവന നികുതി അഥവാ ജിഎസ്ടി ഇന്ത്യയും നടപ്പാക്കുകയാണ്. ഏറെക്കാലമായി നടന്ന ചർച്ചകളുടെയും വിട്ടുവീഴ്ചകളുടെയും ഫലമായാണ് പാർലമെന്റിൽ എഐഎഡിഎംകെ ഒഴികെയുള്ള എല്ലാ കക്ഷികളുടേയും പിന്തുണയാർജിച്ച്, നിർദ്ദേശിക്കപ്പെട്ട മിക്കവാറും ഭേദഗതികളും ഉൾപ്പെടുത്തി രാജ്യപുരോഗതിയിൽ നിർണായകമാകുന്ന ബിൽ മോദി സർക്കാർ പാസാക്കിയെടുക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, വിപണനം, ഉപഭോഗം എന്നീ മേഖലകളിൽ ചുമത്തുന്ന നികുതിയാണിത്. രണ്ടായിരാമാണ്ടിൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ബിജെപി തന്നെയാണ് ആദ്യമായി ഇത്തരമൊരു നികുതി പരിഷ്‌കരണത്തിന് ശ്രമം തുടങ്ങിയത്. ഇതാണ് നീണ്ട പതിനാറു വർഷങ്ങളിലൂടെ നടന്ന ചർച്ചകളിൽ മാറിമറിഞ്ഞും രാഷ്ട്രീയപരമായ എതിർപ്പുകളിൽ കുടുങ്ങിക്കിടന്നും ഇപ്പോൾ ഫലപ്രാപ്തിയിലെത്തുന്നത്. വാജ്‌പേയി സർക്കാരിനുശേഷം വന്ന മന്മോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള രണ്ട് യുപിഎ സർക്കാരുകളുടെ കാലത്തും ബില്ലിന
ന്യൂഡൽഹി: നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വൻ വിജയമാകുകയും നികുതിപിരിവിലെ കള്ളത്തരങ്ങളും അഴിമതിയും ഇല്ലാതാകുകയും ചെയ്ത ചരക്ക്-സേവന നികുതി അഥവാ ജിഎസ്ടി ഇന്ത്യയും നടപ്പാക്കുകയാണ്. ഏറെക്കാലമായി നടന്ന ചർച്ചകളുടെയും വിട്ടുവീഴ്ചകളുടെയും ഫലമായാണ് പാർലമെന്റിൽ എഐഎഡിഎംകെ ഒഴികെയുള്ള എല്ലാ കക്ഷികളുടേയും പിന്തുണയാർജിച്ച്, നിർദ്ദേശിക്കപ്പെട്ട മിക്കവാറും ഭേദഗതികളും ഉൾപ്പെടുത്തി രാജ്യപുരോഗതിയിൽ നിർണായകമാകുന്ന ബിൽ മോദി സർക്കാർ പാസാക്കിയെടുക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, വിപണനം, ഉപഭോഗം എന്നീ മേഖലകളിൽ ചുമത്തുന്ന നികുതിയാണിത്.
രണ്ടായിരാമാണ്ടിൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ബിജെപി തന്നെയാണ് ആദ്യമായി ഇത്തരമൊരു നികുതി പരിഷ്‌കരണത്തിന് ശ്രമം തുടങ്ങിയത്. ഇതാണ് നീണ്ട പതിനാറു വർഷങ്ങളിലൂടെ നടന്ന ചർച്ചകളിൽ മാറിമറിഞ്ഞും രാഷ്ട്രീയപരമായ എതിർപ്പുകളിൽ കുടുങ്ങിക്കിടന്നും ഇപ്പോൾ ഫലപ്രാപ്തിയിലെത്തുന്നത്. വാജ്‌പേയി സർക്കാരിനുശേഷം വന്ന മന്മോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള രണ്ട് യുപിഎ സർക്കാരുകളുടെ കാലത്തും ബില്ലിനായി ശ്രമങ്ങൾ തുടർന്നു. 2010 ഏപ്രിൽ മുതൽ ജിഎസ് ടി പ്രാബല്യത്തിലാകുമെന്ന് ധനമന്ത്രി പി ചിദംബരം രണ്ടുവർഷം മുമ്പേ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും നടന്നില്ല. സംസ്ഥാന സർക്കാരുകളുടെ കടുത്ത എതിർപ്പിനെ തുടർന്നായിരുന്നു ഇത്.
പിന്നീട് 2011ൽ ആദ്യ ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ മോദി സർക്കാർ ബിൽ നടപ്പാക്കാൻ ശ്രമം ഊർജിതമാക്കി. പഴയ ബിൽ ഭേദഗതികളോടെ കഴിഞ്ഞവർഷം വീണ്ടും അവതരിപ്പിച്ചു ലോക്‌സഭയിൽ പാസാക്കി. പക്ഷേ രാജ്യസഭയിൽ അന്ന് പാസാക്കാനായില്ല. പിന്നീട് എല്ലാ രാഷ്ട്രീയ കക്ഷികളുമായും ഓരോ സംസ്ഥാനവുമായും ചർച്ചകൾ നടത്തി ബില്ലിന് അവർ നിർദ്ദേശിക്കുന്ന ഭേദഗതികളും കൂടി ഉൾപ്പെടുത്തിയും പരിഷ്‌കരിച്ചുമാണ് സമവായമുണ്ടാക്കി ഇപ്പോൾ ഇന്ത്യയും ജിഎസ്ടിയുടെ ട്രാക്കിൽ കയറുന്നത്.
1986ൽ ന്യൂസിലാൻഡിൽ നടപ്പിലാക്കി വിജയകരമായ ജിഎസ്ടി എന്ന പരീക്ഷണം പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് എത്തി. നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം സാമ്പത്തികനില മെച്ചപ്പെട്ട പാരമ്പര്യം അവകാശപ്പെടാവുന്ന ഈ നികുതി നിർണയ, പിരിക്കൽ സംവിധാനം നിരവധി വ്യതിയാനങ്ങളോടെയാണ് പല രാജ്യങ്ങളിലും നടപ്പാക്കുന്നത്.
ഇന്ത്യയും അതേ പാതയിലാണ്. സിഗപ്പൂരിലും ന്യൂസിലാൻഡിലും ഏകീകൃത നികുതി നിരക്ക് ഒരു ഉൽപന്നത്തിനോ സേവനത്തിനോ ഒരു പോയന്റിൽ ഈടാക്കുന്ന സമ്പ്രദായമാണെങ്കിൽ ചൈന, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പല തലത്തിലാണ് നികുതി ഈടാക്കലുള്ളത്. ഇന്ത്യയിൽ ജിഎസ്ടി വിഭാവനം ചെയ്യുന്നത് അഴിമതിരഹിതവും സുതാര്യവുമായ ഒരു പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുകയെന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് അടിമുടി ശക്തിപ്പെടുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരം
രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നടപ്പാകുന്ന ഏറ്റവും സമഗ്രവും ശക്തവുമായി നികുതി പരിഷ്‌കരണമാണ് ജിഎസ്ടി. സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒരു നികുതിപിരിക്കൽ ഉടമ്പടി പോലെയാണ് ഇത്. ദ്വന്ദ്വ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. ചരക്കുനികുതി പിരിക്കുന്നതിനുള്ള അധികാരവും പിരിച്ചെടുക്കുന്ന നികുതിയും തുല്യമായി വീതംവയ്ക്കുന്ന സമ്പ്രദായം. സേവനങ്ങൾക്ക് വിൽപന നികുതി ചുമത്താൻ പക്ഷേ, കേന്ദ്രത്തിന് മാത്രമാകും അധികാരം. ഇപ്പോൾ പലതരത്തിൽ ചുമത്തപ്പെടുകയും പല രീതികളിൽ പിരിച്ചെടുക്കുകയും ചെയ്യുന്ന നികുതി സമ്പ്രദായം പൊളിച്ചെഴുതുന്നതിന്റെ ഗുണം ജനങ്ങൾക്കും ലഭിക്കുമെന്നതാണ് പ്രധാന മേന്മ. വിവിധതരം നികുതികൾ സംയോജിപ്പിക്കുകയും നികുതിച്ചോർച്ച പാടെ തടയപ്പെടുകയും ചെയ്യുന്നതോടെ ഇപ്പോൾ ചുമത്തപ്പെടുന്ന പല നികുതികളും കുറയുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ശക്തമായ കേന്ദ്രസർക്കാരും സമൃദ്ധമായ സംസ്ഥാനങ്ങളും എന്ന ആശയത്തിലൂന്നി നടപ്പാക്കപ്പെടുന്ന ജിഎസ്ടിയുടെ നടപ്പാക്കലിനായി ജിഎസ്ടി കൗൺസിൽ രൂപീകരിക്കും. നികുതി നിർദ്ദേശങ്ങളും നിയമനിർമ്മാണങ്ങളും സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക ഈ കൗൺസിലായിരിക്കും. പഌനിങ് കമ്മീഷനും അതുപോലുള്ള സംവിധാനങ്ങളും ഇല്ലാതാകും. എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാകുന്ന ഈ കൗൺസിലിന്റെ അധ്യക്ഷൻ കേന്ദ്ര ധനമന്ത്രിയായിരിക്കും.
ഈ സമിതിയിൽ ഒരു തീരുമാനം പാസാകുന്നതിന് നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. മൂന്നിലൊന്ന് വോട്ട് കേന്ദ്രസർക്കാരിനും ബാക്കി വോട്ട് സംസ്ഥാനങ്ങൾക്കുമായിരിക്കും. ഒരു വിഷയത്തിലും സംസ്ഥാനങ്ങൾക്ക് മാത്രമായോ കേന്ദ്രത്തിനു മാത്രമായോ തീരുമാനം എടുക്കാൻ സാധിക്കാത്തി രീതിയിലാണ് ഇതിന്റെ വിഭാവനമെന്നതിനാൽ രാജ്യസഭയും ലോക്‌സഭയും ഉൾപ്പെടുന്ന പാർലമെന്റിന്റെ ചെറുരൂപം എന്ന നിലയിലുള്ള സ്ഥാപനമായി മാറും ജിഎസ്ടി കൗൺസിലെന്നു ചുരുക്കം. അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം നേടുന്ന രാഷ്ട്രീയ കക്ഷിക്ക് അവർ വിഭാവനം ചെയ്യുന്ന പരിഷ്‌കരണങ്ങൾ അനായാസം പാസാക്കിയെടുക്കാനുമാകും.
എല്ലാവരുടേയും അംഗീകാരം നേടാൻ നിരവധി കടമ്പകൾ
പതിനാറു വർഷംമുമ്പ് ആസൂത്രണം തുടങ്ങിയെങ്കിലും ഇപ്പോൾ നടപ്പാകുന്നതിനിടെ നിരവധി കടമ്പകൾ കടന്നാണ് ജിഎസ്ടി യാഥാർത്ഥ്യമാകുന്നത്. ലോക്‌സഭയിൽ നേരത്തേ പാസാക്കിയെങ്കിലും സംസ്ഥാനങ്ങൾ ഭരിക്കുന്ന കക്ഷികൾക്ക് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ ബിൽ വഴിമുട്ടി നിന്നു. ബിജെപി വിഭാവനം ചെയ്ത പല വിഷയങ്ങളിലും ഓരോ രാഷ്ട്രീയ കക്ഷികളും നിരവിധി ഭേദഗതികൾ നിർദ്ദേശിച്ചു. പലതും അംഗീകരിച്ചും ചില വാദങ്ങളിൽ സമന്വയമുണ്ടാക്കിയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടതോടെയാണ് ഇന്നലെ രാജ്യസഭ ചരക്കു-സേവന നികുതി ബിൽ പാസാക്കിയത്. ലോക്‌സഭ കഴിഞ്ഞവർഷം മെയ് ആറിന് പാസാക്കിയ ഭരണഘടന ഭേദഗതി ബിൽ പരിഷ്‌കരിച്ച രൂപത്തിലാണ് രാജ്യസഭ പരിഗണിച്ചത്.
ഭേദഗതി പ്രാബല്യത്തിൽവന്ന് 60 ദിവസത്തിനകം ജിഎസ്ടി കൗൺസിൽ രൂപവത്കരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളാകും. ജിഎസ്ടിയിൽ ചുമത്താവുന്ന പരമാവധി നികുതി 18 ശതമാനമാണെന്ന് വ്യക്തമാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാതെയാണ് ബിൽ പാസായത്. നികുതി പരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ലെങ്കിലും ബിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞത് മോദി സർക്കാരിന്റെ നേട്ടമായി. നികുതി പരിധി, നികുതി വരുമാനം പങ്കുവെയ്ക്കൽ തുടങ്ങിയവ പിന്നീട് ബില്ലിൽ വ്യക്തമാക്കും.
എ.ഐ.എ.ഡി.എം.കെ. ഒഴികെയുള്ള കക്ഷികളുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പ്രതിപക്ഷ സമ്മർദത്തിനുവഴങ്ങി ഭേദഗതികൾ അംഗീകരിച്ചതിനാൽ ബിൽ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്കയക്കും. ഈ നിയമപ്രക്രിയ പൂർത്തിയാകുന്നതോടുകൂടി രാജ്യമാകെ ഒറ്റവിപണിയും ഒറ്റനികുതിയും എന്ന നിലയിലേക്ക് മാറും. ലോക്‌സഭയിൽ അത് പണബില്ലായി കൊണ്ടുവരരുതെന്നും ധനബില്ലായി കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉറപ്പുനൽകിയില്ല. ബില്ലിന്റെ കരടുപോലും തയ്യാറാവാത്ത സാഹചര്യത്തിൽ അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നികുതിനിരക്കിന് ഭരണഘടനാ ഭേദഗതി ബില്ലിൽതന്നെ പരിധി നിശ്ചയിക്കണമെന്ന കോൺഗ്രസ്സിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും നിരക്ക് മിതമായിരിക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പുനൽകി.
കോൺഗ്രസ്സിന് പുറമെ, സമാജ് വാദി പാർട്ടി, ജെ.ഡി(യു), തൃണമൂൽ കോൺഗ്രസ്, ബി.എസ്‌പി, സിപിഐ(എം), സിപിഐ, ബി.ജെ.ഡി, എൻ.സി.പി, ടി.ഡി.പി. തുടങ്ങിയ കക്ഷികളെല്ലാം നിബന്ധനകളോടെ ബില്ലിനെ പിന്തുണച്ചു.
മദ്യവും സിഗരറ്റും പെട്രോളും മാറിനിൽക്കുമ്പോൾ
നികുതിഘടനയുടെ കാര്യത്തിലും എത്രശതമാനം നികുതി ഓരോ വിഭാഗത്തിനും ചുമത്തണമെന്ന വിഷയത്തിലും അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രധാന വരുമാന മാർഗമായ പെട്രോളിയും ഉൽപന്നങ്ങളുടെ കാര്യത്തിലും പല സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ നിർണായകമായ മദ്യം, സിഗരറ്റ് തുടങ്ങിയവയിലും ഇനി എങ്ങനെയാകും നികുതിനിർണയമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെട്രോളിയും ഉൽപ്പന്നങ്ങൾക്ക് ഇപ്പോഴത്തെ രീതിയിലുള്ള വില നിർണയം തുടരുമെങ്കിലും കേന്ദ്ര നികുതിയും സംസ്ഥാന സെസ്സും ഇനിയെങ്ങനെയന്ന കാര്യത്തിൽ ധാരണയായിട്ടില്ല. ജനങ്ങൾക്ക് ഉപകാരപ്പെടണമെങ്കിൽ കേന്ദ്രം മാത്രം വില നിശ്ചയിക്കുകയും ഒറ്റനികുതി ചുമത്തി അതിന്റെ ഷെയർ സംസ്ഥാനങ്ങൾക്ക് ഉപഭോഗത്തിനനുസരിച്ച് എത്തിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപഭോഗത്തിൽ കണ്ണുനട്ടാണ് മിക്ക സംസ്ഥാനങ്ങളുടെയും ബജറ്റുകൾ. ഈ നികുതി ചുമത്തിലിന്റെ അധികാരം ആർക്കായിരിക്കുമെന്നതും ധാരണയായിട്ടില്ല. പക്ഷേ, വില കുറയുമെന്ന പ്രതീക്ഷയിലായിരുന്ന മദ്യപ്രേമികൾക്ക് ആശ്വാസമുണ്ടാകുമെന്ന രീതിയിലുള്ള നിർദ്ദേശങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രധാന മാറ്റങ്ങൾ ഇവയാണ്. ഉത്പാദക സംസ്ഥാനങ്ങൾക്കായി ഒരു ശതമാനം അധിക നികുതി ഈടാക്കില്ല.
ജിഎസ്ടിയിലേയ്ക്കുമാറുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അഞ്ച് വർഷത്തേയ്ക്ക് കേന്ദ്രം നൽകും. മുമ്പ് വാറ്റ് നടപ്പാക്കിയപ്പോഴും ഇത്തരത്തിലൊരു നിർദ്ദേശം ഉണ്ടായിരുന്നു. ജി.ഡി.പി. നിരക്കിൽ ഒരു ശതമാനം സംഭാവനയാണ് മറ്റൊരു നിർദ്ദേശം. പതിനഞ്ചോളം കേന്ദ്രസംസ്ഥാന നികുതികൾ ജി.എസ്.ടി.യിൽ ലയിക്കുന്നതോടെ സാധനവിലയിൽ കുറവുണ്ടാകും. ചരക്കുകൾ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇരട്ടനികുതി ചുമത്തലും ഒഴിവാകുന്നതോടെ ചരക്കുഗതാഗത കമ്പനികൾക്കും ആസ്വാസമാകും. സാധനങ്ങളുടെ വിലയിലും ഈ വ്യത്യാസം പ്രകടമാകും. കയറ്റുമതിയിൽ 10 ശതമാനംവരെ വളർച്ച ജിഎസ്ടി കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നികുതിചുമത്തൽ ഉറവിടത്തിലാകുമ്പോൾ സംസ്ഥാന അതിർത്തികളിൽ ചെക്‌പോസ്റ്റിലെ പരിശോധന മിക്ക ഉൽപന്നങ്ങൾക്കും ആവശ്യമില്ലെന്ന സ്ഥിതിയുണ്ടാകും.
പെട്രോളിയം ഉത്പന്ന നികുതി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി, മദ്യം, സ്റ്റാമ്പ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, വൈദ്യുതി സെസ്സ്, വൈദ്യുതി ഉപയോഗത്തിനുള്ള നികുതി, സിഗരറ്റ്, ബിഡി തുടങ്ങിയവയുടെ നികുതി എന്നിവയാണ് ജിഎസ്ടിക്കു കീഴിൽ ഇപ്പോൾ ഉൾപ്പെടുത്തിയില്ലാത്തത്. അതേസമയം ലോട്ടറി, ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവയ്ക്കുമേലുള്ള നികുതികൾ ഒഴിവാകുന്നതിനെ ചൊല്ലി ആശങ്ക ഉയരുന്നുണ്ട്. ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന സെസ്സ്, സർച്ചാർജ് എന്നിവയും ഇല്ലാതാകം. ഇനി കേന്ദ്ര ജിഎസ്ടി, അല്ലെങ്കിൽ സംസ്ഥാന ജിഎസ്ടി എന്നിങ്ങനെ രണ്ടുതരം നികുതിയേ ഓരോ ഉൽപന്നത്തിനും സേവനത്തിനും ചുമത്തൂ എന്ന് ചുരുക്കം.
ഇനി ഇല്ലാതാകുന്ന നികുതികളും നിരവധിയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്കും സേവനങ്ങൾക്കും ചുമത്തുന്ന കേന്ദ്ര എക്‌സൈസ് തീരുവ, ഉത്പന്നത്തിന്റെ വില്പന നടക്കുമ്പോൾ ഉപഭോക്താവിനുമേൽ ചുമത്തപ്പെടുന്ന കേന്ദ്ര വില്പനനികുതി, ഒരു ഉത്പന്നം അതിർത്തിക്കുള്ളിൽ പ്രവേശിക്കുമ്പോൾ സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന ഒക്ട്രോയ് എന്നറിയപ്പെടുന്ന നികുതി എന്നിവ ഇല്ലാതാകും. ആഡംബരവസ്തുക്കൾക്കുമേൽ സംസ്ഥാനങ്ങക്ക് ഇനി നികുതി ചുമത്താനാകില്ല. സിനിമ, സീരിയിൽ എന്നിവയ്ക്ക് സംസ്ഥാനങ്ങൾ ചുമത്തുന്ന വിനോദനികുതിയും ഇല്ലാതാകും. ഒരു ഉത്പന്നത്തിന്റെ കൈമാറ്റം നടക്കുമ്പോൾ ഓരോഘട്ടത്തിലും ചുമത്തുന്ന മൂല്യവർധിത നികുതി വഴിമാറും. കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ കൈമാറ്റംചെയ്യുമ്പോൾ ചുമത്തുന്ന കേന്ദ്രനികുതിയായ സെക്യൂരിറ്റി കൈമാറ്റനികുതിയും സെൻവാറ്റും സേവനങ്ങൾക്കുമേൽ സംസ്ഥാനങ്ങൾ ചുമത്തിയിരുന്ന നികുതിയും ഇല്ലാതാകും.
എറ്റവും നേട്ടം കേരളത്തിന്; നഷ്ടം തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾക്കും
ഉത്പന്നങ്ങളുടെ വിതരണമേഖല കണക്കാക്കി നികുതി നിശ്ചയിക്കുന്ന രീതിയാണ് ജി.എസ്.ടി.യിൽ എന്നതിനാൽ രാജ്യത്ത് ഉപഭോക്തൃസംസ്ഥാനങ്ങളിൽ മുൻനിരയിലുള്ള കേരളത്തിന് അത് ഗുണകരമാകും. ഇവിടെ വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങളുടെ നികുതിയുടെ നേട്ടം സംസ്ഥാനത്തിന് ലഭിക്കും. സംസ്ഥാനാന്തര നികുതികൾ ഒഴിവാകുന്നതോടെ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന നേട്ടവുമുണ്ട്. ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ഉയർന്ന നികുതിവിഹിതവും ലഭിക്കുമെന്നതുതന്നെയാണ് സിപിഎമ്മിൽ ജിഎസ്ടിക്കെതിരെ പല വിഷയങ്ങളിലും എതിർപ്പുയർന്നപ്പോഴും ധനമന്ത്രി തോമസ് ഐസക് ജിഎസ്ടിയെ അനുകൂലിച്ചതിന്റെ പിന്നിലെ രഹസ്യം.
ചരക്കുസേവനനികുതി നടപ്പാകുമ്പോൾ ഏറ്റവും നേട്ടം കേരളത്തിനായിരിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു ഐസക് ധനമന്ത്രിമാരുടെ യോഗത്തിൽ ബില്ലിന് പൂർണപിന്തുണ അറിയിച്ചത്. ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള നികുതിചോർച്ച ഒഴിവാകുന്നതും സംസ്ഥാനത്തിന് ഗുണം ചെയ്യും. നികുതിക്കുമേലുള്ള നികുതികൾ (ഇരട്ടനികുതി) ഒഴിവാകുന്നതോടെ ഇവിടെ അത് പിരിച്ചെടുക്കുന്നതിൽ വീഴ്ചവരുന്നതിൽ ഉണ്ടാകുന്ന നഷ്ടം ഇനിയുണ്ടാവില്ല. വരുമാനം കൂടുമെന്നതും നികുതിവെട്ടിപ്പ് ഒഴിവാകുമെന്നതുമാണ് നേട്ടം. പല ഘട്ടങ്ങളിൽ നികുതി ചുമത്തുന്നതിന്റെ പിഴവുകളും സമയനഷ്ടവുമെല്ലാം ഒഴിവാകും. കേരളം ഉൽപാദിപ്പിക്കുന്ന പലതും ഇവിടെ ഉപയോഗിക്കുന്നില്ല എന്നതിനാൽ ഉപയോഗിക്കുന്നവയ്ക്കുള്ള നികുതിയുടെ ഷെയറും കയറ്റുമതി ചെയ്യുന്നവയുടെ ഷെയറും ഒരേപോലെ ലഭിക്കുമെന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം
അതേസമയം തമിഴ്‌നാട് ജിഎസ്ടിയെ എതിർത്തതിലൂടെ വ്യക്തമാകുന്നത് ഉത്പാദക സംസ്ഥാനങ്ങളുടെ ആശങ്കയാണ്. നിർമ്മാണം എവിടയോ അതായിരുന്നു നികുതിക്ക് അടിസ്ഥാനമായി നിലവിൽ കണക്കാക്കിയിരുന്നത്. ഇതിൽ മാറ്റംവരുന്നതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ ഉത്പാദക സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടമുണ്ടാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പക്ഷേ, ഈ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ബിൽ വ്യവസ്ഥചെയ്യുന്നതായി ധനമന്ത്രി വ്യക്തമാക്കിയതോടെയാണ് മഹാരാഷ്ട്രയും ഗുജറാത്തും ഈ എതിർപ്പ് ഉപേക്ഷിച്ചത്.
രണ്ടുസംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സാഹചര്യമാണ് മോദി സർക്കാരിന് ഗുണംചെയ്തതെന്നും അതുകൊണ്ടാണ് അവർ ബില്ലിനെ അനുകൂലിച്ചതെന്നും പ്രചരണമുണ്ട്. ആദ്യമൂന്നുവർഷം 100 ശതമാനവും അടുത്ത ഒരു വർഷം 75 ശതമാനവും അവസാനവർഷം നഷ്ടത്തിന്റെ 50 ശതമാനവും കേന്ദ്രം നൽകുമെന്നാണ് നിലവിൽ വ്യവസ്ഥ. അഞ്ചുവർഷത്തിനുശേഷം ഇക്കാര്യങ്ങൾ പുനഃപരിശോധിക്കും. വരുമാനനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്കായി അന്തർസംസ്ഥാന ചരക്കുനീക്കത്തിന് ഒരു ശതമാനം അധികനികുതിയും രണ്ടുവർഷത്തേക്ക് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിൽ നടപ്പായപ്പോഴും തുടരുന്ന ആശങ്കകൾ
നിരവധി വർഷങ്ങളുടെ ശ്രമഫലമായി ജിഎസ്ടി ബിൽ രാജ്യസഭ പാസ്സാക്കുമ്പോഴും നിരവധി ആശങ്കകൾ ബാക്കിനിൽക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ധരും വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നത്. വിൽപന നികുതി പിരിവിൽ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം പിടിച്ചെടുക്കുമെന്നതാണ് അതിൽ മുന്നിൽ. ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേകതകൾ കണ്ട് നികുതി സംവിധാനത്തിൽ തിരുത്തലുകൾ വരുത്തേണ്ടിവരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇനി മുതൽ ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം നേടിയ ശേഷമേ സംസ്ഥാന നികുതിയും പരിഷ്‌കരിക്കാനാകൂ. ഇതിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന താൽപര്യങ്ങൾ ബലികഴിക്കപ്പെടുമെന്നതാണ് പ്രധാന വിമർശനം. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള വോട്ടിങ് രീതിയിൽ കേന്ദ്ര സർക്കാരിന് മുൻതൂക്കം വന്നാൽ സംസ്ഥാനങ്ങളുടെ ധനനയത്തിൽ കേന്ദ്രത്തിന് കൈകടത്താനാകുമെന്ന് ചുരുക്കം.
ഇതുപോലെത്തന്നെയാണ് രണ്ട് അധികാരകേന്ദ്രങ്ങൾ വരുമെന്ന ആരോപണവും. നികുതി ദായകരെ സംബന്ധിച്ചിടത്തോളം നികുതി അടക്കുവാനും കണക്കു സമർപ്പിക്കുവാനും രണ്ട് അധികാര കേന്ദ്രങ്ങൾക്കു മുമ്പാകെ എത്തേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് പരസ്പരവിരുദ്ധമായാൽ കാര്യങ്ങൾ കുഴയും. പുതിയ നികുതി സമ്പ്രദായത്തിൽ ഓരോ സംസ്ഥാനത്തെയും നികുതി നിർണയ സംവിധാനം പാടെ പൊളിച്ചെഴുതേണ്ടിവരും. സംസ്ഥാന നികുതി സംസ്ഥാനം പിരിച്ചെടുക്കുന്ന രീതി മാറി കേന്ദ്രത്തിന്റെ നികുതിയും സംസ്ഥാന ഉദ്യോഗസ്ഥർ പിരിച്ചെടുക്കേണ്ടിവരും. ഇത്തരത്തിൽ സംസ്ഥാന നികുതി വകുപ്പ് പുനക്രമീകരിക്കുന്നതിനുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്ന ആവശ്യം എല്ലാ സംസ്ഥാനങ്ങളും ഉയർത്തിയിട്ടുണ്ടെങ്കിലം അന്തിമ തീരുമാനം ആയിട്ടില്ല.
ഇനിയും കടക്കാനുണ്ട് ഏഴു കടമ്പകൾ
ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസായതോടെ രാഷ്ട്രീയപരമായി കേന്ദ്രസർക്കാരിന് വൻ വിജയം നേടാനായെങ്കിലും ഇനിയും ഏഴുകടമ്പകൾ കൂടി കടന്നേ ബിൽ യാഥാർത്ഥ്യമാകൂ. അതേസമയം പ്രധാന ഉൽപ്പന്നങ്ങൾക്ക് 12 മുതൽ 14 ശതമാനംവരെ വില കുറയുമെന്നതാണ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചുള്ള പ്രധാന നേട്ടമെന്നു പറയാം. കടമ്പകൾ കടന്ന് അടുത്തവർഷം ഏപ്രിൽ ഒന്നിനാണ് ബിൽ നടപ്പിലാകുക.
രാജ്യസഭയിൽ ഭേദഗതികളോടെയാണ് ബിൽ പാസായതെന്നതിനാൽ ഇത് വീണ്ടും ലോക്‌സഭയിലെത്തി പാസാക്കണം. പാർലമെന്റിന്റെ അധോസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ഉള്ളതിനാൽ ഇതിന് തടസ്സമില്ല. ഭേദഗതികൾ കഌയർ ചെയ്യപ്പെട്ടില്ലെങ്കിൽ ഇത് പാർലമെന്ററി കമ്മിറ്റി പരിഗണിക്കേണ്ടിവരും.
അടുത്ത പടിയായി സംസ്ഥാന നിയമസഭകളിലും ഇത് പാസാക്കിയെടുക്കേണ്ടതുണ്ട്. തമിഴ്‌നാട് കടുത്ത എതിർപ്പ് തുടരുന്നുണ്ടെങ്കിലും നിലവിലുള്ള സംസ്ഥാനങ്ങളിൽ പകുതിയെങ്കിലും അനുകൂലിച്ചാലേ ബിൽ നടപ്പിൽ വരുത്താനാകു. 15 സംസ്ഥാനങ്ങൾ ബില്ലിനെ ഇപ്പോൾത്തന്നെ അനുകൂലിച്ചതിനാൽ ഇതും ബില്ല് നടപ്പാകുന്നതിന് ഇനി തടസ്സമാകില്ല. 13 സംസ്ഥാനങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും തന്നെ അധികാരത്തിലിരിക്കുന്നതിനാൽ സിപിഎമ്മിന്റെ പിന്തുണകൂടി ഉണ്ടായാൽത്തന്നെ ബിൽ പാസാകും. കേരളത്തിലും തൃപുരയിലും കൂടി ബില്ലിന് പച്ചക്കൊടി ലഭിച്ചാൽ മതി. ബീഹാറിൽ അധികാരത്തിലുള്ള യുണൈറ്റഡ് ദളും ഇതുപോലെ ജിഎസ്ടിയെ അനുകൂലിക്കുന്നുണ്ട്.
സംസ്ഥാനങ്ങളിൽ പാസാക്കിയ ശേഷം ബിൽ പ്രസിഡന്റിന്റെ അനുമതിക്കായി എത്തും. അദ്ദേഹം ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. ജിഎസ്ടി കൗൺസിലിന്റെ രൂപീകരണമാണ് അടുത്ത പടി. സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും പ്രത്യേകം വീറ്റോ പവർ വിഭാവനം ചെയ്തിട്ടുള്ള കൗൺസിലായിരിക്കും ഇനി ഈ നിയമത്തിന്റെ പരമാധികാരി. ബിൽ പാസായി 60 ദിവസത്തിനകം ഇത്രയും കാര്യങ്ങൾ നടക്കണം.
സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നികുതി വരുമാനത്തിൽ ചോർച്ചയുണ്ടാകുന്നത് തടയുന്നതിന് കൗൺസിൽ നിശ്ചയിക്കുന്ന റവന്യൂ ന്യൂട്രൽ റേറ്റ്് നിർണായകമാണ്.
ഈ റേറ്റിനെ മൂന്ന് സ്ലാബുകളാക്കി വിഭജിക്കുന്നതാണ് അടുത്തപടി. ഈ ഘട്ടത്തിലാണ് ഏതൊക്കെ വിഭവങ്ങൾ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും മറ്റും തീരുമാനിക്കുക. അവശ്യവസ്തുക്കൾക്ക് ഏറ്റവും കുറഞ്ഞ നികുതി ചുമത്തുകയും ആഡംബര വസ്തുക്കൾക്ക് കനത്ത നികുതി ചുമത്തുകയും ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. മൂന്നു സ്ലാബുകളിൽ മീഡിയം നിരക്കുകൾ നിശ്ചയിക്കുന്ന സ്ലാബായിരിക്കും അവശ്യവസ്തുക്കൾക്കെന്നാണ് സൂചന. ഇതായിരിക്കും സ്റ്റാൻഡേർഡ് ജിഎസ്ടി. ഈ നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും എങ്ങനെ വീതംവയ്ക്കണമെന്നത് കൗൺസിൽ നിശ്ചയിക്കും
ജിഎസ്ടി ബില്ലിനുപുറമെ മൂന്നു നിയമങ്ങൾകൂടി പാസാക്കിയെടുക്കേണ്ടതുണ്ട്. കേന്ദ്ര ജിഎസ്ടി നിയമം, സമഗ്ര ജിഎസ്ടി നിയമം എന്നിവയും ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങൾക്കായുള്ള 29 പ്രത്യേക സ്റ്റേറ്റ് ജിഎസ്ടി നിയമം എന്നിവയാണവ. ആദ്യത്തെ രണ്ടെണ്ണം പാർലമെന്റും മൂന്നാമത്തേത് ഡൽഹി ഒഴികെയുള്ള അതത് സംസ്ഥാന സർക്കാരുകളും പാസാക്കണം. അതോടെ ജിഎസ്ടി അടുത്ത വർഷം നടപ്പാക്കാൻ തയ്യാറാകും.